ഇവിടെ ജാതില്യാത്രേ! നമ്പൂരീം ദളിതനും പറയണ തെറി വരെ എണ്ണി വേർതിരിക്കാമെന്ന് ദീപ നിശാന്ത്
കോഴിക്കോട്: മലപ്പുറത്ത് ആതിരയെന്ന പെൺകുട്ടിയെ വിവാഹത്തലേന്ന് കുത്തിക്കൊന്നത് സ്വന്തം അച്ഛൻ തന്നെയാണ്. ജാതി മാറി പ്രണയച്ചിതാണ് കേരളത്തെ ഞെട്ടിച്ച ആ ദുരഭിമാനക്കൊലയുടെ കാരണം. അതൊരു ഒറ്റപ്പെട്ട സംഭവം ആണെന്നും കേരളത്തിൽ ജാതിഭ്രാന്തില്ലെന്നും പറഞ്ഞ് അന്ന് മലയാളി ആശ്വസിച്ചു.
കോട്ടയത്ത് കെവിൻ എന്ന ചെറുപ്പക്കാരൻ കൊല്ലപ്പെട്ടിരിക്കുന്നതും അതേ ജാതിയുടെ പേരിലാണ്. ഇപ്പോഴും ഇതൊരു ഒറ്റപ്പെട്ട സംഭവമാണ് എന്ന് വാദിക്കാൻ മലയാളി പാട് പെടുന്നു. മലയാള പത്രങ്ങളിലെ മാട്രിമോണിയൽ കോളങ്ങൾ വെറുതെ ഒന്ന് മറിച്ച് നോക്കിയാൽ മാത്രം മതിയാകും കേരളത്തിലെ ജാതിഭ്രാന്ത് എത്രത്തോളം ആഴത്തിലാണെന്ന് മനസ്സിലാകാൻ. അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്ത് പറയുന്നത് ഇതാണ്:

മതസൗഹാർദ്ദം നിറഞ്ഞു തൂവുന്നു
ഉള്ളിൻ്റെയുള്ളിൽ അതിഭീകരമായ ജാതീയത കൊണ്ട് നടക്കുന്ന പലരുടേയും ഫേസ്ബുക്ക് വാളിലും വാട്സപ്പ് ഗ്രൂപ്പിലെ മെസേജുകളിലും മതസൗഹാർദ്ദം നിറഞ്ഞു തൂവുന്നു. കെവിൻ്റെ ചിത്രം വെച്ച് ഫേസ്ബുക്കിൽ കരയുന്നു. മൂന്നാല് കൊല്ലം മുമ്പ് മന്നത്ത് പത്മനാഭൻ ജയന്തി പൊതു അവധിയായിരുന്നില്ല. നിയന്ത്രിത അവധിയായിരുന്നു. അതായത് നായർ വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് മാത്രം അവധിയെടുക്കാം.. " നാളെ ലീവെടുത്ത് വീട്ടിലിരുന്നേക്കാം.. അല്ലെങ്കി പിള്ളേര് കരുതും നമ്മള് വല്ല എസ് സി / എസ് ടി യാണെന്ന്!" എന്ന ഭീകരതമാശ പറഞ്ഞ് പൊട്ടിച്ചിരിച്ച സഹപ്രവർത്തകൻ്റെ വാളിലും ജാതിയില്ലാക്കേരളത്തിനായുള്ള ആഹ്വാനം!

"താനെന്താ ജാതി ?"
കോളേജിൽ വിദ്യാർത്ഥി സംഘർഷമുണ്ടായി ഇരുവിഭാഗങ്ങളേയും ചർച്ചയ്ക്ക് വിളിച്ച് പ്രശ്ന പരിഹാരത്തിന് ശ്രമിക്കുന്നതിനിടയിൽ, കറുത്തു മെലിഞ്ഞ പയ്യനെ ചൂണ്ടി ഒരുളുപ്പുമില്ലാതെ, "താനെന്താ ജാതി ?" എന്ന് ചോദിക്കുകയും, അവൻ ജാതിപ്പേര് പറഞ്ഞപ്പോൾ, "സ്റ്റൈപ്പൻ്റ് കിട്ടിപ്പഠിക്കണതല്ലേടോ.... നന്നായിക്കൂടേ?" എന്ന ഉപദേശം കൊടുക്കാൻ ഒരു മടിയും കാട്ടാതിരിക്കുകയും ചെയ്ത ആളും വാട്സപ്പ് ചർച്ചകളിൽ ജാതിമദിരാന്ധരെപ്പറ്റി വാചാലനാകുന്നു!

കേരളത്തില് ജാതിയില്ലാത്രേ!
കേരളത്തില് ജാതിയില്ലാത്രേ! ഇത് അപൂർവ്വങ്ങളിൽ അപൂർവ്വമായ സംഭവാത്രേ! പത്രങ്ങളിലെ വിവാഹപ്പരസ്യങ്ങൾ പത്തെണ്ണം വായിച്ചോക്ക്! ഇപ്പോഴും കാണാം " എസ് സി / എസ് ടി ഒഴികെയുള്ള ആരെയും പരിഗണിക്കും" എന്ന അശ്ലീലവാചകം!
ടീ വീ ല് നാല് ഇൻ്റർവ്യൂകള് കണ്ടോക്ക്! കേൾക്കാം, "ഞങ്ങക്കങ്ങനെ ജാതിവ്യത്യാ സൊന്നൂണ്ടാർന്നില്യാ... ഭയങ്കര ഫോർവേഡാരുന്ന്! താഴ്ന്ന ജാതിക്കാരടെ കൂടെയൊക്കെ ഭക്ഷണം കഴിക്കേം കളിക്കേം ചെയ്യാറുണ്ട്... " എന്ന മട്ടിലുള്ള പ്രിവിലേജ് ഛർദ്ദികൾ!

ചായ പോലും കുടിക്കാത്തവർ
സംവരണവിഭാഗത്തിലുള്ളവരുടെ വീട്ടിൽ വല്ല വിവാഹത്തിനോ ചാവടിയന്തിരത്തിനോ പോയാൽ, ഭക്ഷണം കഴിക്കാൻ നിക്കാതെ വധൂവരന്മാരെ അനുഗ്രഹിച്ച് മടങ്ങണോരാണ്! ചായയോ മറ്റോ അവരുണ്ടാക്കിത്തന്നാ "കരിക്കാ പഥ്യം!"ന്ന് പറയണോരാണ്! മുന്നിൽ കൊണ്ടുവെച്ച പാത്രങ്ങളിൽ നിന്ന് ഞാലിപ്പൂവനോ ( പഴത്തിന് അയിത്തല്യ! തൊലീണ്ടല്ലോ!) ഓറഞ്ചോ ബേക്കറി സാധനങ്ങളോ മാത്രം തിന്ന്, "വയറിന് നല്ല സുഖല്യാ.. കിണ്ണത്തപ്പം വേണ്ടാ " ന്ന് മൊഴിയണോരാണ്!
Recommended Video


തെറി എണ്ണി വേർതിരിക്കാം
ഇവടെ ജാതില്യാത്രേ! മ്ലേച്ഛൻ!, ഏഭ്യൻ!, അശ്രീകരം!, ജേഷ്ഠ! കൊശവൻ!, ചെറുമൻ!, പുലയൻ! ചെറ്റ! തെങ്കര കൊട്ടി, ചീക്കപ്പോത്ത്, മിഞ്ചന്തീനി, എച്ചിലുനക്കി, കാലാപെറുക്കി. ഒന്ന് സൂക്ഷിച്ചു നോക്ക്! ഇവിടിപ്പളും നമ്പൂരി പറയണ തെറീം ദളിതൻ പറയണ തെറീം എണ്ണി വേർതിരിക്കാം! അങ്ങനെയുള്ള ഇടത്തിലാണ് ജാതിയില്ലാന്ന്! ചിരിപ്പിക്കരുത്! കെവിന് ആത്മശാന്തി!
ഫേസ്ബുക്ക് പോസ്റ്റ്
ദീപ നിശാന്ത് ഫേസ്ബുക്ക് പോസ്റ്റ്












Click it and Unblock the Notifications