Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവാദങ്ങൾക്ക് വിട... മുഴുവൻ കാര്യങ്ങളും പറയാനാകില്ല, പ്രതിസന്ധിയുണ്ട്, ദീപ നിശാന്ത് ക്ഷമ ചോദിച്ചു!!

തിരുവനന്തപുരം: കവിത കോപ്പിയടി വിവാദത്തിൽ വിരാമമിട്ട് സോഷ്യയൽ മീഡിയയിൽ തുറന്നെഴുത്തുകളീലൂടെ പ്രശസ്തയായ കേരള വർമ്മ കോളേജ് അധ്യാപിക ദീപ നിഷാന്തിന്റെ മാപ്പ് പറച്ചിൽ. 2011 മാര്‍ച്ച് നാലിന് തന്റെ ബ്ലോഗില്‍ പ്രസിദ്ധീകരിച്ച 'അങ്ങനെയിരിക്കെ മരിച്ചു പോയി ഞാന്‍/നീ' എന്ന കവിത വരികള്‍ ചെറുതാക്കി ദീപ നിശാന്ത് 'അങ്ങനെയിരിക്കെ' എന്നപേരിൽ എകെപിഎസ്ടിഎ എന്ന അധ്യാപക സംഘടനാ മാസികയില്‍ പ്രസിദ്ധീകരിച്ചതായാണ് കലേഷ് സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചത്.

ഇതോടെയാണ് വിവാദത്തിന് തിരിതെളിഞ്ഞത്. കവിത മോഷ്ടിച്ച് എഴുത്തുകാരിയുടെ അഡ്രസ് ഉണ്ടാക്കേണ്ട ആവശ്യം തനിക്കില്ലെന്നും വിവാദങ്ങളിലേയ്ക്ക് വലിച്ചിട്ട് ചിലര്‍ എന്നെ ആഘോഷിക്കുന്നു, ചില കാര്യങ്ങള്‍ ഇപ്പോള്‍ തുറന്ന് പറയാന്‍ ആകില്ലെന്നുമായിരുന്നു ദീപ നിഷാന്ത് പ്രതികരിച്ചിരുന്നത്. സോഷ്യൽ മീഡിയയിലെ പ്രതിഷേധത്തിനൊടുവിൽ ക്ഷമ ചോദിച്ച് ദീപ നിശാന്ത് രംഗത്ത് വന്നു. ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ...

ആത്മാഭിമാനം

ആത്മാഭിമാനം


ഇന്നു വരെ അഭിമുഖീകരിക്കാത്ത ഒരു പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണ് ഞാനെന്ന് നല്ല ബോദ്ധ്യമുണ്ട്. അതുകൊണ്ടുതന്നെ പറയുന്ന ഓരോ വാക്കിലും എനിക്ക് വലിയ ഉത്തരവാദിത്തവുമുണ്ട്. എഴുത്തിന്റെ ആധികാരികത ചോദ്യം ചെയ്യപ്പെടുന്ന സന്ദർഭം എന്റെ ജീവിതത്തിലുണ്ടായിട്ടില്ല. ഞാനെഴുതിയവ നല്ലതോ ചീത്തയോ ആവട്ടെ, അവക്ക് ലഭിക്കുന്ന അംഗീകാരത്തെക്കുറിച്ചോ തിരസ്കാരത്തെക്കുറിച്ചോ ഞാൻ അധികം ആലോചിച്ചിട്ടില്ല. വലിയ ബൗദ്ധികതയൊന്നും എന്റെ എഴുത്തിലില്ല എന്നും എഴുതുന്നവ വൈകാരികതകൾ മാത്രമാണെന്നും കേൾമ്പോഴും എനിക്കതിൽ ഒരു അഭിമാനക്ഷതവും തോന്നിയിട്ടില്ല. ഞാൻ എന്നെത്തന്നെയാണ് എഴുതിയിട്ടുള്ളത്. എന്റെ ജീവിതാന്തരീക്ഷമാണ് എന്റെ മഷിപ്പാത്രം. അതിൽ നിന്നുള്ള എഴുത്തുകളാണ് ഇന്നത്തെ ദീപാനിശാന്തിനെ നിർമ്മിച്ചതും വളർത്തിയതും. അവ മറ്റാരുടേയും പകർപ്പല്ല. അവയുടെ കനം പോരെന്നോ കാര്യമായൊന്നുമില്ലെന്നോ ആർക്കു വേണമെങ്കിലും പറയാം. പക്ഷേ അവയോരോന്നും ‘പറഞ്ഞുപോകരുതിത്/ മറ്റൊന്നിന്റെ പകർപ്പെന്നു മാത്രം" എന്ന ഇടശ്ശേരിയുടെ പ്രഖ്യാപനത്തെ മുറുകെപ്പിടിക്കുന്നതാണ് എന്ന ആത്മാഭിമാനം എനിക്കുണ്ട്.

ഇന്നലെവരെ എഴുതിയത്

ഇന്നലെവരെ എഴുതിയത്

പെട്ടെന്നൊരു നാൾ വന്ന ഈ വിവാദത്തിൽ താണുപോകുന്നതാണ് ഞാനിന്നലെ വരെ എഴുതിയതെല്ലാം എന്നു ഞാൻ കരുതുന്നില്ല. അഥവാ അങ്ങനെ തകരുന്നു എങ്കിൽ അതിനുള്ള ബലമേ അവയ്ക്കുണ്ടായിരുന്നുള്ളൂ എന്നു ഞാൻ കരുതും. വിവാദങ്ങളാൽ നിർമ്മിക്കപ്പെട്ട വ്യക്തിയാണ് ഞാനെന്നും വിമർശനം കേട്ടിട്ടുണ്ട്. അവ എന്റെ സ്വകാര്യതകളാണ്, പങ്കുവെക്കേണ്ടതല്ലാത്തതും പങ്കുവെക്കാനാവാത്തതുമായ സ്വകാര്യതകൾ.

തകരില്ല...

തകരില്ല...


ഞാനെഴുതിത്തുടങ്ങിയതു മുതൽ ഇന്നു വരെയും എന്നെ പ്രോൽസാഹിപ്പിച്ച അനേകം പേരുണ്ട്. അദ്ധ്യാപകർ മുതൽ എന്നെത്തന്നെ അത്ഭുതപ്പെടുത്തിയ ഫോളോവേഴ്സ് അടക്കം അനേകം മനുഷ്യർ. അവരുടെ ഊർജ്ജമാണ് എന്റെ ബലം. കിട്ടിയ അവസരം മുതലാക്കി ഇന്നുവരെയുള്ള എന്റെ രാഷ്ടീയനിലപാടുകളോടും ഞാനുയർത്തിയ ശബ്ദങ്ങളോടും അസഹിഷ്ണുത പ്രകടിപ്പിച്ചവർ നടത്തുന്ന ആർപ്പുവിളികൾ കൊണ്ട് ഞാൻ തകരില്ല എന്ന ആത്മബോധ്യമുണ്ട്.അങ്ങനെയെങ്കിൽ എന്നോ അതു സംഭവിക്കുമായിരുന്നു.

സർവവിജ്ഞാനഭണ്ഡാകാരവുമല്ല

സർവവിജ്ഞാനഭണ്ഡാകാരവുമല്ല

കലേഷ് നല്ല കവിയാണ്. കലേഷിന് മറ്റാരുടെയെങ്കിലും വരികൾ മോഷ്ടിക്കേണ്ട ആവശ്യമില്ലെന്ന ബോധ്യം ഇപ്പോൾ എനിക്കുണ്ട്.' ഇപ്പോൾ 'എന്നെടുത്തു പറഞ്ഞത് ഇന്നലെ വരെ ഉണ്ടായിരുന്നില്ല എന്ന കുറ്റബോധത്തിൻ്റെ കൂടി നിഴലിൽ നിന്നു കൊണ്ടു തന്നെയാണ്. ആ കവിത കലേഷിൻ്റേതല്ല എന്ന്ശക്തമായി തെറ്റിദ്ധരിപ്പിക്കപ്പെട്ടതിൻ്റെ അടിസ്ഥാനത്തിൽത്തന്നെയാണ് ആ ബോധ്യം. മലയാളം അദ്ധ്യാപികയായ ഞാനങ്ങനെ തെറ്റിദ്ധരിപ്പിക്കപ്പെടാമോ എന്ന കേവലയുക്തിക്കൊന്നും അവിടെ പ്രസക്തിയില്ല. ഞാൻ കവിത അപൂർവ്വമായി എഴുതാറുണ്ടെങ്കിൽ പോലും കവിതയിൽ ജീവിക്കുന്ന ഒരാളല്ല. സർവവിജ്ഞാനഭണ്ഡാകാരവുമല്ല.

ദു:ഖകരമായ കാര്യം... ക്ഷമ ചോദിക്കുന്നു

ദു:ഖകരമായ കാര്യം... ക്ഷമ ചോദിക്കുന്നു

ഇപ്പോൾ നടന്നത് ഏറെ ദു:ഖകരമായ കാര്യമാണ്. ഒരു സർവ്വീസ് സംഘടനയുടെ മാഗസിനിൽ മറ്റൊരാളുടെ വരികൾ എന്റെ പേരിൽ പ്രസിദ്ധീകരിക്കപ്പെട്ടതു കൊണ്ട് എനിക്ക് ഒരു ലാഭവുമില്ല എന്നും കാര്യമായ നഷ്ടമേ സാദ്ധ്യതയുള്ളൂ എന്നും തിരിച്ചറിയാനുള്ള സാമാന്യബുദ്ധി എനിക്കുണ്ട്. നിങ്ങളോരോരുത്തർക്കുമുണ്ട്. അത്രമാത്രം സോഷ്യൽ ഓഡിറ്റിംഗ് നേരിടുന്ന വ്യക്തിയാണ് ഞാൻ. ഞാൻ പറയുന്ന ഓരോ വാക്കിലും എഴുതുന്ന ഓരോ വരിയിലും ജാഗ്രതക്കണ്ണുകൾ ചുറ്റുമുണ്ടെന്ന മിനിമം ബുദ്ധിയെങ്കിലും എന്നിൽ നിന്നും നിങ്ങൾ പ്രതീക്ഷിക്കണം. പിന്നെയെങ്ങനെ ഇതു സംഭവിച്ചു എന്നു ചോദിച്ചാൽ മുഴുവൻ കാര്യങ്ങളും പറയാനാവാകാത്ത ചില പ്രതിസന്ധികൾ അതിലുണ്ട് എന്നുമാത്രമേ എനിക്കു പറയാനാവൂ. ആ പ്രതിസന്ധികൾ കാലം തെളിയിക്കും. ഞാനായി ഒരാളെയും തകർക്കാൻ ഉദ്ദേശിക്കുന്നില്ല. അങ്ങനെ നേടുന്ന ഒന്നിലും എനിക്ക് വിശ്വാസവുമില്ല. കലേഷിന്റെ സങ്കടവും രോഷവും ഒരു എഴുത്തുകാരി എന്ന നിലക്കും അദ്ധ്യാപിക എന്ന നിലക്കും മറ്റാരേക്കാളും കുറയാത്ത നിലയിൽ എനിക്കു മനസ്സിലാവും. അക്കാര്യത്തിൽ ഞാനും പ്രകടിപ്പിക്കാനാവാത്ത വിധം ദുഃഖിതയാണ്. എന്റെ പേരിൽ വരുന്ന ഓരോ വാക്കിനും ഞാൻ ഉത്തരവാദിയായതു കൊണ്ടുതന്നെ ഇക്കാര്യത്തിൽ ഞാൻ ക്ഷമചോദിക്കുന്നു. ഇവിടെ ഇതവസാനിക്കും എന്നു പ്രതീക്ഷിക്കുന്നു.

വേണ്ടത് എടുക്കാനും തള്ളേണ്ടത് തള്ളാനുമുള്ള ശേഷി

പ്ലേജറിസം സാമൂഹികമാദ്ധ്യമങ്ങളിലെ തുടർക്കഥയാണ്. ഒരാളുടെ ആശയം, വരികൾ തുടങ്ങി എന്തും എപ്പോഴും മോഷ്ടിക്കപ്പെടാവുന്ന അവസ്ഥയുമുണ്ട്. അതിനെതിരെ എന്നും സംസാരിച്ചിട്ടും എനിക്കു നേരെ തന്നെ ഇത്തരമൊന്ന് സംഭവിച്ചതിലാണ് എറ്റവും വിഷമം. പ്രതിയോഗികൾക്ക് കിട്ടിയൊരു സുവർണ്ണാവസരമായി ഇക്കാര്യം ഉപയോഗപ്പെടുന്നതിലും വിഷമമുണ്ട്. ഇനിയും കലേഷിനും എനിക്കും എഴുതാനാവും. താൽപര്യമുള്ളവർ അതു വായിക്കുകയും ചെയ്യും. വേണ്ടത് എടുക്കാനും തള്ളേണ്ടത് തള്ളാനുമുള്ള ശേഷി വായനക്കാർക്കുണ്ടെന്നുംഅവർ അതു നിർവ്വഹിക്കുമെന്നും ഞാൻ വിശ്വസിക്കുന്നു. എന്നുപറഞ്ഞാണ് ദീപ നിശാന്ത് തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+