തിരുവനന്തപുരത്തെ ഞെട്ടിച്ച തോല്‍വി: സിപിഎം വിജയം കോണ്‍ഗ്രസ്സിന്റെ വോട്ട് വാങ്ങിയെന്ന് ബിജെപി
തിരുവനന്തപുരം: തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ ഇന്ത്യാമുന്നണി കൂട്ടുകെട്ടാണ് തിരുവനന്തപുരം ജില്ലയില്‍ കോര്‍പ്പറേഷനിലെ വെള്ളാറിലും ഒറ്റശ്ശേഖരമംഗലം പഞ്ചായത്തിലെ കുന്നനാടും വിജയിച്ചതെന്ന് ജില്ലാ പ്രസിഡന്റ് വി വി രാജേഷ് പറഞ്ഞു. രണ്ടിടങ്ങളിലും കോണ്‍ഗ്രസ്സിന് വോട്ട് ഗണ്യമായി കുറഞ്ഞു. ഇവിടെ ബി ജെ പി വോട്ടുകള്‍ വര്‍ദ്ധിക്കുകയും ചെയ്തു. കോണ്‍ഗ്രസ് വോട്ട് സി പി എമ്മിനു മറിച്ചു നല്‍കിയതിലൂടെ ആത്മഹത്യാപരമായ സമീപനമാണ് കോണ്‍ഗ്രസ് കൈക്കൊണ്ടതെന്ന് രാജേഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വെള്ളാറില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 703 വോട്ടാണ് കോണ്‍ഗ്രസിന് കിട്ടിയതെങ്കില്‍ ഉപതെരഞ്ഞെടുപ്പില്‍ 544 വോട്ടുമാത്രമാണ് ലഭിച്ചത്. എന്നാല്‍ ബി ജെ പിയുടെ 1629 വോട്ട് 1694 ആയി വര്‍ദ്ധിച്ചു. ഒറ്റശ്ശേഖരമംഗലം പഞ്ചായത്തിലെ കുന്നനാട് കോണ്‍ഗ്രസിന് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ലഭിച്ച 263 വോട്ട് വെറും 72 ആയി കുറഞ്ഞു. ബി ജെ പിക്ക് 394 ല്‍ നിന്നും 486 ആയി. കോണ്‍ഗ്രസിന് കുറഞ്ഞ വോട്ടുകള്‍ എല്‍ ഡി എഫിലേക്കാണ് പോയത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുകയും വോട്ട് സി പി എമ്മിന് നല്‍കുകയുമാണ് ചെയ്തത്.

ബി ജെ പിക്കെതിരെ ഇന്ത്യമുന്നണിയുടെ പരീക്ഷണമാണ് ഈ തെരഞ്ഞെടുപ്പിലൂടെ കോണ്‍ഗ്രസും സിപിഎമ്മും നടത്തിയത്. ഈ പരീക്ഷണം പൊതുതെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കും. ഇതോടെ കേരളത്തിലെ രാഷ്ട്രീയ ചിത്രം വ്യക്തമായിരിക്കുന്നു. ഒരു ഭാഗത്ത് സി പി എമ്മും കോണ്‍ഗ്രസ്സും ചേരുന്ന ഇന്ത്യാമുന്നണിയും മറുഭാഗത്ത് ബി ജെ പിയുമായിട്ടാണ് മത്സരം നടക്കുന്നതെന്ന് വി.വി.രാജേഷ് പറഞ്ഞു.
തിരുവനന്തപുരം കോര്‍പ്പറേഷനിലെ വെള്ളാര്‍ വാര്‍ഡില്‍ ബി ജെ പിയുടെ സിറ്റിങ് സീറ്റ് പിടിച്ചെടുത്ത എല്‍ ഡി എഫ് ഒറ്റ ശേഖരമംഗലം പഞ്ചായത്തിലെ കുന്നനാട് വാർഡിലും ബി ജെ പിയെ അട്ടിമറിച്ചിരുന്നു. 2020 ല്‍ അറുന്നോറോളം വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ബി ജെ പി നേതാവ് മോഹനന്‍ വിജയിച്ചത്. മോഹനന്റെ നിര്യാണത്തെ തുടർന്നാണ് വെള്ളാർ വാർഡില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്. ഏഴുതവണയായി കോർപ്പറേഷൻ കൗൺസിലർ ആയിരുന്ന മോഹൻ ബിജെപി ജില്ലാ കമ്മിറ്റി അംഗവും കൂടിയായിരുന്നു.
ഇത്തവണ എല്‍ ഡി എഫില്‍ പനത്തുറ പി ബൈജു, ബി ജെ പി സ്ഥാനാർത്ഥിയായി വെള്ളാർ സന്തോഷ്, യു ഡി എഫിന് വേണ്ടി പാച്ചല്ലൂർ വി രാജു എന്നിവരായിരുന്നു മത്സര രംഗത്തുണ്ടായിരുന്നത്. എല്‍ ഡി എഫിന് 1845 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ബി ജെ പിക്ക് 1694 വോട്ട് ലഭിച്ചു. പുനത്തുറ ബൈജുവിന്റെ ഭൂരിപക്ഷം 153. കോണ്‍ഗ്രസിന് 544 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. ഒറ്റ ശേഖരമംഗലം പഞ്ചായത്തിലെ കുന്നനാട് വാർഡില്‍ സിപിഎമ്മിന്‍റെ ഒ ശ്രീജല 60 വോട്ടിനാണ് വിജയിച്ചത്.












Click it and Unblock the Notifications