
മാവേലി എക്സ്പ്രസില്‍ പൊലീസ് മർദ്ദനത്തിനിരയായത് നിരവധി ക്രിമിനല്‍ കേസിലെ പ്രതി പൊന്നന് ഷമീർ
കണ്ണൂർ: മാവേലി എക്സ്പ്രസിന്റെ സ്ലീപ്പർ കോച്ചില്‍ പൊലീസ് മർദനത്തിന് ഇരയായ ആളെ തിരിച്ചറിഞ്ഞു. കൂത്തുപറമ്പ് നീര്‍വേലി സ്വദേശി ഷമീര്‍(50) എന്നയാള്‍ക്കാണ് മർദ്ദനമേറ്റത്. പൊന്നന് ഷമീർ എന്നാണ് ഇയാള്‍ പൊതുവെ അറിയപ്പെടാറുള്ളത്. ക്രിമിനല്‍ പശ്ചാത്തലമുള്ള ഇയാളുടെ പേരില്‍ മൂന്ന് കേസുകള്‍ ഉണ്ടെന്നാണ് പൊലീസ് പറയുന്നത്. സ്ത്രീകളെ അതിക്രമിച്ച് മാല പിടിച്ച് പറിക്കല്‍, ഭണ്ഡാര മോഷണം തുടങ്ങിയ കേസുകളാണ് ഇയാള്‍ക്കെതിരേയുള്ളത്.
ശ്രീവിദ്യക്ക് അവസാന നിമിഷം മരുന്ന് പോലും അനുവദിച്ചില്ല: ഗണേഷിന് സ്വത്തിനോട് ആർത്തിയെന്ന് സഹോദരി
ചില കേസുകളില്‍ ഇയാള്‍ നേരത്തെ ശിക്ഷിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഇയാളുടെ ക്രിമിനല്‍ പശ്ചാത്തലം മനസ്സിലാക്കാതെയായിരുന്നു പോലീസ് ഇയാളെ ട്രയിനില്‍നിന്ന് ഇറക്കി വിട്ടത്. ഇപ്പോള്‍ ഇയാള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സി സി ടി വി ദൃശ്യങ്ങള്‍ ഉള്‍പ്പടെ പരിശോധിച്ചാണ് ഇയാളെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചത്. കൂത്തുപറമ്പ് സ്വദേശിയായ പൊന്നന് ഷമീർ കുറച്ചുകാലമായി ഇരിക്കൂറിലാണ് താമസം.
മദ്യലഹരിയില്‍ ടിക്കറ്റില്ലാതെ യാത്രചെയ്ത ഷമീറിനെ എ എസ് ഐ ബൂട്ടിട്ട് ചവിട്ടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത് വലിയ വിവാദമായിരുന്നു. സംഭവത്തില്‍ എ എസ് ഐക്കെതിരെ നടപടിയുണ്ടാവുകയും ചെയ്തു. ഇയാള്‍ ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നും പരാതിയുണ്ടായിരുന്നു. ട്രെയിനിലെ ടിടിഇയുടെ നിർദേശപ്രകാരമായിരുന്നു പൊലീസ് ഇടപെട്ടത്. യാത്രക്കാരനെ മര്‍ദിച്ചതില്‍ പൊലീസിന് വീഴ്ചപറ്റിയെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എഎസ്ഐ മനുഷ്യത്വ രഹിതമായി പെരുമാറിയെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് എസ്പി കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് ഉദ്യോഗസ്ഥനെതിരായ സസ്പെന്ഷന് നടപടി.