'കൊവിഡ് മരണങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ ഗുരുതര വീഴ്‌ച'; സര്‍ക്കാരിന് കേന്ദ്രത്തിന്‍റെ കത്ത്
തിരുവനന്തപുരം: കൊവിഡ് മരണങ്ങൾ യഥാസമയം റിപ്പോർട്ട് ചെയ്യുന്നതിൽ കേരളത്തിനു ഗുരുതര വീഴ്ചയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം.മരണങ്ങൾ ദിവസേന റിപ്പോർട്ട് ചെയ്യണമെന്നും മരണങ്ങൾ റിപ്പോർട്ടു ചെയ്യുന്ന സംവിധാനം അടിയന്തരമായി ശക്തിപ്പെടുത്തണമെന്നും ചൂണ്ടിക്കാട്ടി കേന്ദ്ര ആരോഗ്യ സെക്രട്ടറി സര്‍ക്കാരിന് കത്തയച്ചു. മരണങ്ങള്‍ താമസിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നത് രാജ്യത്ത് മരണങ്ങൾ കൂടുന്നുവെന്ന തെറ്റായ ചിത്രം പ്രചരണം ഉണ്ടാക്കുന്നുവെന്നും കത്തിൽ പറയുന്നു.
മാസങ്ങള്‍ക്ക് മുന്‍പ് സമാന വിഷയം ചൂണ്ടിക്കാടി കേന്ദ്രം കേരളത്തിന് കത്തയച്ചിരുന്നു. എന്നാല്‍ വിഷയത്തില്‍ നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് കേന്ദ്രം വീണ്ടും കത്തയച്ചത്. ജൂലൈ മാസത്തിൽ രാജ്യത്ത് റിപ്പോർട്ടു ചെയ്ത 441 കോവിഡ് മരണങ്ങളിൽ 117 എണ്ണം കേരളം പിന്നീടാണ് സ്ഥിരീകരിച്ചത്. കൊവിഡ് മരണക്കണക്കുകൾ ദിവസവും കേന്ദ്രത്തെ അറിയിക്കണമെന്ന് കത്തിൽ നിർദേശിക്കുന്നു. മറ്റു സംസ്ഥാനങ്ങളൊന്നും ഈ പിഴവ് വരുത്തുന്നില്ലെന്നാണ് കേന്ദ്രത്തിന്റെ കണ്ടെത്തൽ. സുപ്രീം കോടതിയുടെ മാർച്ച് 24ലെ നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ കൊവിഡ് മരണങ്ങളായി പിന്നീട് നിശ്ചയിക്കുന്നവയും പ്രത്യേകമായി കണക്കുകളിൽ ഉൾക്കൊള്ളിക്കണമെന്നും കത്തിൽ പറയുന്നു.

മരണം സംഭവിച്ച തിയതി വ്യക്തമാക്കാതെ ദിവസേനയുള്ള കൊവിഡ് മരണങ്ങളുടെ കൂടെയാണ് ഇത്തരം മരണങ്ങൾ സംസ്ഥാനം ഇപ്പോൾ റിപ്പോർട്ടു ചെയ്യുന്നതെന്നും കേന്ദ്രം ചൂണ്ടിക്കാട്ടുന്നു. ഐസിഎംആറിന്റെയും സുപ്രീംകോടതിയുടെയും നിർദേശങ്ങൾ അനുസരിച്ച്, കൊവിഡ് മരണങ്ങളായി പിന്നീട് സ്ഥിരീകരിക്കുന്ന കേസുകൾ 90 ദിവസത്തിനകം റിപ്പോർട്ടു ചെയ്യണമെന്ന് കത്തിൽ വ്യക്തമാക്കുന്നു. ഈ കാലപരിധിക്കുള്ളിൽ ചെയ്തില്ലെങ്കിൽ അതിനെ കൊവിഡ് മരണമായി അംഗീകരിക്കാനാകില്ലെന്നും കേന്ദ്രം അറിയിച്ചു.












Click it and Unblock the Notifications