ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ നേരിട്ട സമയമൊന്നും കോണ്‍ഗ്രസിന് ബിജെപിയെ തോല്‍പ്പിക്കാന്‍ വേണ്ട: സന്ദീപ് വാര്യർ
തിരുവനന്തപുരം: ഡല്‍ഹിയില്‍ മാത്രമല്ല ദേശീയ തലത്തിലും കേരളത്തിലും കോൺഗ്രസ് അധികാരത്തിൽ തിരിച്ച് വരുമെന്ന് കോണ്‍ഗ്രസ് വക്താവ് സന്ദീപ് വാര്യർ. സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ കോൺഗ്രസ് പരാജയപ്പെടുത്തിയത് പതിറ്റാണ്ടുകൾ നീണ്ട സമര പോരാട്ടത്തിലൂടെയാണ്. ബി ജെ പിയെ തോൽപ്പിക്കാൻ അത്രയൊന്നും സമയം കോൺഗ്രസിന് വേണ്ടെന്നും സന്ദീപ് വാര്യർ ഫേസ്ബുക്കില്‍ കുറിക്കുന്നു. ഇന്ത്യയിലെ മതനിരപേക്ഷ വിശ്വാസികൾ പ്രതീക്ഷയോടെ നോക്കി കാണുന്ന ഏക പ്രസ്ഥാനം കോണ്‍ഗ്രസാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സന്ദീപ് വാര്യറുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
ആം ആദ്മി പാർട്ടി വൈചാരികമായി കോൺഗ്രസ് വിരുദ്ധ പാർട്ടിയാണ്. അത് രൂപം കൊണ്ടതേ കോൺഗ്രസ് വിരുദ്ധ പ്രസ്ഥാനമായി ആർ എസ് എസ് പിന്തുണയോടെയാണ്. പ്രത്യശാസ്ത്രപരമായി ആം ആദ്മി പാർട്ടിക്ക് ബി ജെ പിയോട് വിരോധമുണ്ടാകേണ്ട കാര്യമില്ല.

കോൺഗ്രസ് രണ്ടു തിരഞ്ഞെടുപ്പുകളായി ഡൽഹിയിൽ വിജയിച്ചിട്ടില്ല. എന്നുകരുതി ആം ആദ്മി പാർട്ടിയുടെ ജൂനിയർ പാർട്ണറായി കെജ്രിവാളിന്റെ ടേംസ് ആൻഡ് കണ്ടീഷൻസ് അനുസരിച്ച് രാജ്യ തലസ്ഥാനത്ത് ഒതുങ്ങി കൂടാൻ അല്ല ജനങ്ങൾക്കിടയിൽ പ്രവർത്തിച്ച് പാർട്ടിയെ ശക്തിപ്പെടുത്തി തിരിച്ചുവരാനാണ് കോൺഗ്രസ് നേതൃത്വം തീരുമാനമെടുത്തത്. ദേശീയതലത്തിൽ ഒരു പൊതു മിനിമം പരിപാടിയുടെ അടിസ്ഥാനത്തിൽ ബി ജെ പിക്ക് എതിരായി നിലകൊള്ളുന്ന എല്ലാ രാഷ്ട്രീയ പാർട്ടികളെയും ഉൾക്കൊള്ളിച്ച് ഇന്ത്യ മുന്നണിക്ക് നേതൃത്വം നൽകുമ്പോഴും രാജ്യത്തെ ഓരോ ഗ്രാമങ്ങളിലും പ്രവർത്തകരും വോട്ടും ഉള്ള കോൺഗ്രസ് പാർട്ടി സ്വയം ശക്തിപ്പെടുക എന്നുള്ളതും അനിവാര്യമാണ്.
അതിനുവേണ്ടിയുള്ള പ്രവർത്തന പാത സുഖകരമൊന്നുമാവില്ല എന്ന് ഞങ്ങൾക്കറിയാം. കല്ലും മുള്ളും നിറഞ്ഞ ആ പാതയിലൂടെ മുന്നേറി രാജ്യത്തെ ജനാധിപത്യത്തെ കോൺഗ്രസ് വീണ്ടെടുക്കുക തന്നെ ചെയ്യും. കോൺഗ്രസ് ദേശീയതലത്തിൽ പ്രതിപക്ഷ പാർട്ടി എന്ന നിലയ്ക്ക് ബി ജെ പിക്കെതിരായ ദേശീയ ബദൽ നിർമ്മിക്കാൻ പ്രതിജ്ഞാബദ്ധമാണ്. ഇന്ത്യയിലെ മതനിരപേക്ഷ വിശ്വാസികൾ പ്രതീക്ഷയോടെ നോക്കി കാണുന്ന ഏക പ്രസ്ഥാനം ഇന്ത്യൻ നാഷണൽ കോൺഗ്രസാണ് എന്ന പരിപൂർണ ബോധ്യമുണ്ട്.
ഇന്ത്യയിലും കേരളത്തിലും കോൺഗ്രസ് അധികാരത്തിൽ തിരിച്ചു വരിക തന്നെ ചെയ്യും. സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ കോൺഗ്രസ് പരാജയപ്പെടുത്തിയത് പതിറ്റാണ്ടുകൾ നീണ്ട സമര പോരാട്ടത്തിലൂടെയാണ്. ബി ജെ പിയെ തോൽപ്പിക്കാൻ അത്രയൊന്നും സമയം കോൺഗ്രസിന് വേണ്ട.












Click it and Unblock the Notifications