ഡല്‍ഹിയില്‍ ബിജെപിയല്ല, എഎപി വിജയിക്കും; 70 ല്‍ അറുപതിലേറെയും സീറ്റുകള്‍ നേടും: സഞ്ജയ് സിംഗ്
ഡല്‍ഹി: നിയമസഭ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടി എ എ പി രാജ്യതലസ്ഥാനത്ത് മൂന്നാമതും അധികാരത്തിലെത്തുമെന്ന് മുതിർന്ന പാർട്ടി നേതാവും രാജ്യസഭ എംപിയുമായ സഞ്ജയ് സിംഗ്. ഡല്‍ഹിക്കായുള്ള വികസന പദ്ധതികള്‍ നടപ്പാക്കാന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാറിനും ബി ജെ പിക്കുമെതിരെ രൂക്ഷമായി വിമർശനവും അദ്ദേഹം നടത്തുന്നു.
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഓരോ ബൂത്തിലും 50 ശതമാനത്തിലധികം വോട്ടുകൾ രേഖപ്പെടുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ബി ജെ പി പ്രവർത്തകരോട് അഭ്യർത്ഥിച്ചിരിക്കുകയാണ്. ഡൽഹിയിലെ ആം ആദ്മി പാർട്ടിയുടെ ഭരണകാലം നടക്കാത്ത വാഗ്ധാനങ്ങളുടേയും വ്യാജ പ്രഖ്യാപനങ്ങളുടേയും അഴിമതിയുടേയും കാലമാണെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു. ആം ആദ്മി സർക്കാരിനോട് ജനങ്ങൾ പരസ്യമായി രോഷം പ്രകടിപ്പിക്കുന്നുവെന്നും തോൽവി ആസന്നമാണെന്ന് തിരിച്ചറിഞ്ഞതോടെ ഓരോ ദിവസവും പുതിയ പ്രഖ്യാപനങ്ങൾ നടത്തുകയാണെന്നും മോദി പറഞ്ഞു. എന്നാല്‍ വരാന്‍ പോകുന്ന തിരഞ്ഞെടുപ്പില്‍ ഡൽഹിയിലെ 70 നിയമസഭാ സീറ്റുകളിൽ 60ലധികം സീറ്റുകള്‍ നേടി എ എ പി അധികാരത്തിലെത്തുമെന്നും സഞ്ജയ് സിംഗ് അവകാശപ്പെടുന്നു.

'മോദിയും ബി ജെ പിയും തെറ്റായ വാഗ്ദാനങ്ങൾ നല്‍കി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. അവർക്ക് ഡൽഹിയെക്കുറിച്ച് ഒരു കാഴ്ചപ്പാടില്ല. ബി ജെ പിക്ക് രാജ്യതലസ്ഥാനത്തിന്റെ വികസനത്തെക്കുറിച്ച് യോജിച്ച പദ്ധതിയില്ല. പകരം പൊള്ളയായ വാഗ്ദാനങ്ങളിലും വിചിത്രമായ പദ്ധതികളിലുമാണ് അവർ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അവർക്ക് കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാൻ കഴിയില്ല, അവർക്ക് സ്കൂളുകളോ ആശുപത്രികളോ നിർമ്മിക്കാൻ കഴിയില്ല' അദ്ദേഹം പറഞ്ഞു.
പ്രതിവർഷം രണ്ട് കോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും, ഓരോ പൗരനും 15 ലക്ഷം രൂപ വീതം നൽകുമെന്നും, 2022 ഓടെ എല്ലാവർക്കും സ്ഥിരം വീടുകൾ നൽകുമെന്നും പറഞ്ഞുകൊണ്ടാണ് നരേന്ദ്ര മോദി അധികാരത്തില്‍ വന്നത്. എന്നാല്‍ അടിസ്ഥാന വാഗ്ദാനങ്ങൾ പോലും പാലിക്കപ്പെടാത്ത വിധം അവരുടെ കാഴ്ചപ്പാടുകൾ വികലമായിരിക്കുകയാണെന്നും സഞ്ജയ് സിംഗ് അഭിപ്രായപ്പെട്ടു.
അതേസമയം, രാഹുൽ ഗാന്ധി സത്യസന്ധതയില്ലാത്ത നേതാവാണെന്ന് ആരോപിച്ച് എ എ പി പുറത്തിറക്കിയ പോസ്റ്ററിനെതിരെ രൂക്ഷമായ വിമർശനാണ് കോണ്‍ഗ്രസ് അഴിച്ചുവിട്ടത്. മോദി, അമിത് ഷാ എന്നിവർക്ക് പുറമെ സന്ദീപ് ദീക്ഷിത്, അജയ് മാക്കൻ എന്നിവരെയും എഎപിയുടെ പോസ്റ്ററിൽ ഉൾപ്പെടുത്തിയിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ എ എ പിയുമായി സഖ്യമുണ്ടാക്കിയത് അബദ്ധമായിപ്പോയെന്നായിരുന്നു കോൺഗ്രസ് നേതാവ് അൽകാ ലംബയുടെ പ്രതികരണം.












Click it and Unblock the Notifications