ഡൽഹി സ്ഫോടനം: ഉത്തരംകിട്ടേണ്ട ചോദ്യങ്ങളും ഭീകരതയുടെ മാറുന്ന മുഖങ്ങളും
ഡൽഹി സ്ഫോടനം രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട് ഉയർത്തുന്നത് പുതിയ ചോദ്യങ്ങൾ. അവ ഓരോന്നായി പരിശോധിക്കാം. പാകിസ്ഥാനായാലും അവർ പാലൂട്ടി വളർത്തുന്ന ഭീകരവാദ പ്രസ്ഥാനങ്ങളായാലും ഇതുവരെ ഇന്ത്യയ്ക്കെതിരായ നീക്കങ്ങൾക്ക് കേന്ദ്രമാക്കിയിരുന്നത് കശ്മീരാണ്. പാക് അതിർത്തിയാണ് നുഴഞ്ഞു കയറ്റത്തിനുൾപ്പെടെ അവർ ഉപയോഗിച്ചു വന്നതും. എന്നാൽ ഡൽഹി സ്ഫോടനത്തോടെ അതിന്റെ സ്വഭാവം മാറ്റിയെഴുതപ്പെട്ടിരിക്കുന്നു. ഫരീദാബാദ് മൊഡ്യൂളിനെപ്പറ്റി പുറത്തു വരുന്ന വിവരങ്ങൾ പാകിസ്ഥാന്റെ പുതിയ തന്ത്രമാണ് വെളിപ്പെടുത്തുന്നത്. യുപി-ഹരിയാന-ഡൽഹി എന്നിങ്ങനെ പുതിയൊരു ഭീകരശൃംഖല സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. കശ്മീരാണ് അതിന്റെ ഉത്ഭവമെങ്കിലും.
ഇതുവരെ നാം രാജ്യാന്തര ഭീകരശൃഖല എന്നാണ് പറഞ്ഞു വന്നത്. എന്നാൽ ചെങ്കോട്ട സ്ഫാടനത്തോടെ അത് സംസ്ഥാനാന്തര ഭീകര ശൃംഖല എന്നു മാറ്റിപ്പറയേണ്ടി വന്നിരിക്കുന്നു. അവിടെ കാതലായ ഒരു ചോദ്യം ഉയരുന്നു. പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്നു എന്നതുകൊണ്ട് കശ്മീരിലേയ്ക്കുള്ള നുഴഞ്ഞു കയറ്റവും ഭീകരരുടെ റിക്രൂട്ടിംഗും പാക് ഭരണകൂടത്തിന്റെ ഒത്താശയോടെയാണ് നടക്കുന്നത് എന്ന് നമുക്ക് പറയാൻ കഴിയുമായിരുന്നു. എന്നാൽ കശ്മീർ പിന്നിട്ട് അത് ഹരിയാനയിലേയ്ക്കും യുപിയിലേയ്ക്കും ഒടുവിൽ കേന്ദ്രസർക്കാരിന്റെ മൂക്കിനു തുമ്പിലേയ്ക്കും എത്തുമ്പോൾ അതിന്റെ ഉത്തരവാദിത്തം വിരൽ ചൂണ്ടുന്നത് ആരിലേയ്ക്കാണ്.

നേരത്തേതിൽ നിന്നും ഇപ്പോഴത്തെ സാഹചര്യവും വ്യത്യസ്തമായിരിക്കുന്നു. മുൻ സർക്കാരുകളുടെ കാലത്തെപ്പോലെ പോലുള്ള ഭീകരാക്രമണങ്ങളുടെ തുടർച്ച മോദി പ്രധാനമന്ത്രിയായ ശേഷം രാജ്യത്ത് ഇല്ലാതായിട്ടുണ്ട്. ആ ജാഗ്രതയുടെ ഒരു തെളിവു കൂടിയാണ് കഴിഞ്ഞ ദിവസങ്ങളിൽ നടന്ന തിരച്ചിലും അതിന്റെ ഭാഗമായി ഫരീദാബാദ് ഭീകരസംഘത്തെ പിടികൂടാൻ കഴിഞ്ഞതും. ജമ്മു-കശ്മീർ, ഹരിയാന, ഉത്തർപ്രദേശ് എന്നിവിടങ്ങൾ കേന്ദ്രീകരിച്ചു നടന്ന അന്വേഷണത്തിലാണ് അഞ്ച് ഡോക്ടർമാർ പിടിയിലാകുന്നത്. ഇവരിൽ നിന്ന് വൻതോതിൽ സ്ഫോടകവസ്തുക്കളും ആയുധശേഖരവും പിടിച്ചെടുക്കുകയും ചെയ്തു. ഒരു മാസത്തോളം നീണ്ട അന്വേഷണമാണ് ഫലം കണ്ടത്. അതൊരു ചെറിയ നേട്ടമല്ല. എന്നാൽ അതിന്റെ പ്രഭ കെടുത്തുന്നതായി തിങ്കളാഴ്ച നടന്ന സ്ഫോടനം. എന്നുവച്ചാൽ വിചാരിച്ചത് നടന്നില്ലെങ്കിലും ഇന്ത്യയെ ഞെട്ടിക്കും വിധം ഒരു സ്ഫോടനം നടത്താൻ അവർക്കായി. (അബദ്ധത്തിൽ പൊട്ടിയതാണെങ്കിലും പാനിക് അറ്റാക്ക് ആണെങ്കിലും.) പ്രതീകാത്മക പ്രാധാന്യം കിട്ടിയ ആക്രമണമാണ് നടന്നത്.
രണ്ടു കാര്യങ്ങൾ ഇവിടെ എടുത്തു പറയേണ്ടതായുണ്ട്. ഭീകരശൃംഖലയുടെ കണ്ണികളെ കണ്ടെത്താൻ മുൻകൈ എടുത്തത് കശ്മീർ പോലീസാണെങ്കിലും അവർക്ക് സംസ്ഥാനാന്തര അന്വേഷണം നടത്താൻ ഏകപക്ഷീയമായി കഴിയില്ല. കശ്മീർ പൊലീസ് ഒറ്റ്യ്ക്ക് കൂട്ടിയാൽ കൂടുന്ന കാര്യമല്ല അതെന്നർത്ഥം. ആരാണ് ആക്രമണപദ്ധതിയിട്ടത്, ഏത് സംഘടനകളാണ് അതിനു പിന്നിൽ പ്രവർത്തിക്കാൻ തിരഞ്ഞെടുക്കപ്പെട്ടത്, റിക്രൂട്ട്മെന്റ് എങ്ങനെ, ആക്രമണത്തിനുള്ള ആയുധങ്ങളുടെയും സ്ഫോടകവസ്തുക്കളുടെയും ലഭ്യത എവിടെ നിന്ന്, അതിന്റെ ശേഖരണം എങ്ങനെ സാധ്യമായി, എല്ലാ കണ്ണുകളും വെട്ടിച്ചുള്ള ധനസമാഹരണരീതി എങ്ങനെയായിരുന്നു, സർവോപരി വിവിധ സംസ്ഥാനങ്ങളിലുണ്ടായിരുന്ന സ്ലീപ്പർ സെല്ലുകൾ പെട്ടന്ന് എങ്ങനെ ഉണർന്നു, അവയുടെ പരസ്പര ഏകോപനം നിർവഹിച്ച കേന്ദ്രബിന്ദു ആര് ഇതെല്ലാം ഭീകരവിരുദ്ധ വേട്ടയുടെ നിർണായക ഘട്ടങ്ങളാണ്.
രാജ്യാന്തര സ്വഭാവമുള്ള ഈ കണ്ണികളെ കണ്ടെത്താൻ ഏതെങ്കിലും ഒരു സംസ്ഥാന പോലീസിനോ ആ സംസ്ഥാന പോലീസിനോട് സഹകരിക്കുന്ന ഇതര സംസ്ഥാനങ്ങളിലെ പോലീസ് സേനകൾക്കോ കഴിയുന്നതല്ല. അപ്പോൾ കേന്ദ്ര ഇന്റലിജൻസ് ഏജൻസികളുടെ അറിവും വിവരം പങ്കുവയ്ക്കലും സഹകരണവും പിന്തുണയും ഈ ദൗത്യത്തിന് ഉണ്ടായിട്ടുണ്ടാകും എന്നത് ഉറപ്പാണ്. ആ ഇന്റലിജൻസ് ഏജൻസികളുടെ കണ്ണ് വെട്ടിക്കാൻ ഫരീദാബാദ് സംഘത്തിലെ ഒരാൾക്ക് എങ്ങനെ കഴിഞ്ഞു. അതാണ് ഒന്നാമത്തെ ചോദ്യം.
പോലീസിനെ മാത്രം ഇറക്കിയും ഇന്റലിജൻസ് സഹകരണം മാത്രം നൽകിയും നടപ്പാക്കേണ്ടതായിരുന്നോ ഈ സുപ്രധാന ദൗത്യം. അതാണ് കാതലായ രണ്ടാമത്തെ ചോദ്യം. ഇപ്പോൾ ഡൽഹി സ്ഫോടനത്തിന്റെ അന്വേഷണം എൻഐഎയ്ക്ക് കൈമാറിയിട്ടുണ്ട്. ഭീകരവാദ കേസുകൾ മാത്രമേ എൻഐഎയ്ക്ക് അന്വേഷിക്കാൻ കഴിയൂ. സ്ഫോടനത്തിനു മുന്നേതന്നെ കേന്ദ്ര അന്വേഷണ സംവിധാനങ്ങൾ ആ ചുമതല ഏറ്റെടുക്കേണ്ടതായിരുന്നില്ലേ. അങ്ങനെ കേന്ദ്ര ഏജൻസികൾ തന്നെ കൈകാര്യം ചെയ്തിരുന്നെങ്കിൽ ഒരു ഐ20 കാറിന് ഇങ്ങനെ സ്ഫോടകവസ്തുക്കളുമായി യഥേഷ്ടം തലസ്ഥാന നഗരം ചുറ്റിക്കറങ്ങാൻ കഴിയുമായിരുന്നോ. അതും ഏതാണ്ട് മൂന്നു മണിക്കൂറോളം.

കഴിഞ്ഞ ദിവസത്തെ ഫരീദാബാദ് തിരച്ചിലിൽ പിടിച്ചെടുത്ത സ്ഫോടകവസ്തുവിന്റെ അളവ് ചില്ലറയല്ല. 2900 കിലോ ഗ്രാമാണ്. കൂടാതെ 20 ടൈമറുകൾ, രണ്ട് ഡസൺ റിമോട്ട് കണ്ട്രോളുകൾ, ഒരു റൈഫിൾ, ഒരു ഡസനോളം തിരകൾ എന്നിവയും പിടിച്ചെടുത്തതിൽ ഉൾപ്പെടുന്നു. ശ്രീനഗറിലെ ബുൻപോര-നൗഗാം ഏരിയയിൽ ഒക്ടോബർ 19 ന് പ്രത്യക്ഷപ്പെട്ട ഒരു നോട്ടീസിൽ നിന്നാണ് കശ്മീർ പോലീസ് അന്വേഷണം തുടങ്ങുന്നത്. സുരക്ഷാസേനയ്ക്ക് മുന്നറിയിപ്പു നൽകിക്കൊണ്ട് ജെയ്ഷ് എ മുഹമ്മദിന്റെ പേരിൽ പ്രത്യക്ഷപ്പെട്ട നോട്ടീസായിരുന്നു അത്.
ഒരു നോട്ടീസ് പോലും എത്രമാത്രം പ്രധാനമാണെന്ന തിരിച്ചറിവ് കശ്മീർ പോലീസിന് ഉണ്ടായിയെന്നത് അഭിനന്ദനാർഹമാണ്. അപ്പോൾ അതിനേക്കാൾ പ്രാധാന്യം ഈ സംഭവത്തിനും തുടർന്നുള്ള അന്വേഷണത്തിനും കേന്ദ്ര ഏജൻസികൾ നൽകേണ്ടതായിരുന്നില്ലേ. എങ്കിൽ ഇപ്പോൾ കണ്ടെത്തപ്പെട്ട വൈറ്റ് കോളർ ഭീകരതയുടെ ആക്രമണലക്ഷ്യത്തെ മുളയിലേ നുള്ളാൻ കഴിയുമായിരുന്നില്ലേ. വരും ദിവസങ്ങളിൽ നാം തീർച്ചയായും ഉത്തരം കണ്ടെത്തേണ്ട ചോദ്യം തന്നെയാണ് അത്.
പാകിസ്ഥാനും പാകിസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ജയ്ഷെ മുഹമ്മദ് പോലെയുള്ള ഭീകരസംഘടനകളും കശ്മീർ അതിർത്തി കേന്ദ്രീകരിച്ചുള്ള ആക്രണതന്ത്രം മാറ്റിയതിന് തെളിവാണ് ഫരീദാബാദ് മൊഡ്യൂൾ എന്ന പേരിൽ ഇപ്പോൾ പുറത്തു വരുന്ന അഞ്ച് ഡോക്ടർമാരെപ്പറ്റിയുള്ള വിവരങ്ങൾ. കശ്മീരിലെ പുൽവാമ സ്വദേശിയും 35കാരനുമായ ഡോക്ടർ മുസമ്മിൽ ഗനെയ് ആണ് പിടികൂടപ്പെട്ട സംഘത്തിലെ ഒരംഗം. ഫരീദാബാദിലെ അൽ-ഫലാ സർവകലാശാലയിലെ ജീവനക്കാരൻ. കശ്മീരിലെ കുൽഗാം സ്വദേശിയായ ഡോക്ടർ അദീൽ അഹമ്മദ് റാഥർ ആണ് രണ്ടാമത്തെ ആൾ. ഇതേ സർവകലാശാലയിൽ ജോലി നോക്കുന്ന ആൾ.
മൂന്നാമത്തേത് ഈ സംഘത്തിലെ ഏക വനിതയാണ്. അത് പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്. അതിലേയ്ക്ക് നമുക്ക് വഴിയേ വരാം. ഡോക്ടർ ഷഹീൻ സെയ്ദ്. ലഖ്നൗ സ്വദേശിയാണ് അവർ. ഡോക്ടർ മുസമ്മിലിന്റെ കാമുകിയാണ് ഷഹീൻ. അവരെ ഇപ്പോൾ ശ്രീനഗറിൽ ചോദ്യം ചെയ്തു വരുന്നു. ഷഹീന്റെ കൈവശം തോക്ക് ഉണ്ടായിരുന്നു. മറ്റ് സംഘാംഗങ്ങൾ പിടിയിലായതോടെ പരിഭ്രാന്തിയിൽ അവർ അത് ഒരു ചവറ്റു കൊട്ടയിൽ വലിച്ചെറിഞ്ഞെങ്കിലും പിന്നീടത് കണ്ടെടുക്കപ്പെട്ടു. പുൽവാമ സ്വദേശിയായ ഡോക്ടർ ഉമർ മുഹമ്മദാണ് നാലാമൻ. ഇയാളും ഫലാ സർവകലാശാലയിൽ തന്നെ ജോലി ചെയ്യുന്നു. ഇയാളാണ് അന്വേഷണസംഘത്തിന്റെ കണ്ണ് വെട്ടിച്ച് കടന്നു കളഞ്ഞതും ചെങ്കോട്ടയിൽ സ്ഫോടനം നടത്തിയതായി കണ്ടെത്തിയിട്ടുള്ളതും. അഞ്ചാമൻ ഡോക്ടർ അഹമ്മദ് മൊഹിയുദ്ദീൻ സെയ്ദ്. ഹൈദരാബാദുകാരനായ സെയ്ദ് ചൈനയിൽ നിന്നാണ് എംബിബിഎസ് നേടിയത്. ഇയാളെ ഗുജറാത്ത് എടിഎസ് ആണ് കഴിഞ്ഞ എട്ടാം തീയതി പിടികൂടിയത്.
ഈ അഞ്ചുപേരെ കുറിച്ചു നടന്ന അന്വേഷണവും ഇവരിൽ നിന്ന് കണ്ടെത്തിയ സ്ഫോടകവസ്തുക്കളും ഉയർത്തുന്ന ഒരു ചോദ്യമുണ്ട്. ഡോക്ടർമാരായ ഇവർക്ക് സ്ഫോടക വസ്തുക്കൾ കൈകാര്യം ചെയ്യാനുള്ള ശിക്ഷണം എവിടെ നിന്നു കിട്ടി. നമ്മുടെ കൺമുന്നിൽ ഡോക്ടർമാരായി പ്രാക്ടീസ് ചെയ്യുകയായിരുന്നവർക്ക് സൈനികർ കൈകാര്യം ചെയ്യുന്ന എകെ 47 തോക്ക് ഉപയോഗിക്കാനുള്ള പരിശീലനം എവിടെ നിന്നു കിട്ടി. ഡോക്ടർമാരായ ഇവരുടെ പക്കൽനിന്ന് മാരകവിഷമായ റിസിൻ ഉണ്ടാക്കാനുള്ള ആവണക്കിന്റെ ചണ്ടി കിട്ടിയത് മനസിലാക്കാം. അതുപോലെയല്ലല്ലോ തോക്കും സ്ഫോടകവസ്തുക്കളും കണ്ടെടുക്കുന്നത്. ഡോക്ടർ മുസമ്മിൽ തന്റെ ലഗേജാണെന്ന് പറഞ്ഞ് സ്ഫോടകവസ്തുക്കൾ സൂക്ഷിച്ചത് ഒരു ഓട്ടോ ഡ്രൈവറുടെ സഹായത്തോടെയാണ്. ഇത് ഫരീദാബാദ് സംഘത്തിന്റെ പ്രാദേശിക ബന്ധങ്ങളിലേയ്ക്ക് വിരൽ ചൂണ്ടുന്നു. ഇയാൾ വാടകയ്ക്ക് സ്ഥലം കണ്ടെത്തിയത് ഒരു മുസ്ലീം പുരോഹിതന്റെ സഹായത്തിലാണെന്നതും അയാൾ ഉണ്ടാക്കിയ ബന്ധത്തിന്റെ വൈവിധ്യം സൂചിപ്പിക്കുന്നു. റിസിൻ ഉപയോഗിച്ചുള്ള ഏതു തരം വിഷപ്രയോഗവും ആക്രമണരീതിയുമാണ് ഫരീദാബാദ് മൊഡ്യൂളിന്റെ തലയിലുണ്ടായിരുന്നത് എന്നതും കണ്ടെത്തപ്പേടേണ്ടതാണ്. കാരണം അത് ഭീകരവാദികളുടെ നടപ്പുരീതികളിൽ നിന്നുള്ള കാതലായ ചുവടുമാറ്റമാണ്.
സാധാരണ ഗതിയിൽ കണ്ടുവരാറുള്ളത് കശ്മീരിലെ തൊഴിലില്ലാത്ത ചെറുപ്പക്കാരെ പാക് കേന്ദ്രങ്ങൾ ഭീകരപ്രവർത്തനങ്ങൾക്കായി റിക്രൂട്ട് ചെയ്യുന്നതാണ്. ഇവിടെയിപ്പോൾ റിക്രൂട്ട്മെന്റിന്റെ അലകും പിടിയും മാറിയിരിക്കുന്നു. ഒരാൾ ഡോക്ടറാകാൻ എടുക്കുന്ന പഠനകാലം അതിനുള്ള പ്രയത്നം ഒക്കെ നമുക്ക് അറിയുന്നതാണ്. അതിനിടയിൽ ഇത്തരമൊരു രാജ്യവിരുദ്ധനീക്കത്തിന് കരുവാകുക എന്നത് ഞെട്ടിക്കുന്നതാണ്. പ്രഫഷണൽ ജീവിതം തിരഞ്ഞെടുക്കുന്നത് ചാവേറുകളാകാനല്ലല്ലോ. അതുകൊണ്ട് ഫരീദാബാദ് മൊഡ്യൂളിന്റെ വേരറ്റം വരെ പിഴുതു നോക്കേണ്ടതിന്റെ ആവശ്യകത ഏറെയാണ്. ഡോക്ടർമാരായാൽ ഭീകരവാദികളെന്ന സംശയത്തിൽ നിന്ന് രക്ഷപ്പെടാനാകും.
അന്വേഷണ ഏജൻസികളിൽ നിന്നു മാത്രമല്ല ഇടപഴകുന്നവരിൽ നിന്നു കൂടി. ഡോക്ടർ എന്നാൽ സമൂഹത്തിനു വേണ്ടി പ്രവർത്തിക്കുന്ന ബഹുമാന്യമായ തൊഴിലാണല്ലോ. അക്കാദമിക് കാര്യങ്ങളുടെ മറവിൽ സാമ്പത്തിക ഇടപാടുകൾ നടത്താനും പഴുത് കിട്ടുന്നു. അപ്പോൾ ജെയ്ഷെ മുഹമ്മദിന്റെ ടെറർ റിക്രൂട്ട്മെന്റിലെ മാറ്റം ഭീകരവിരുദ്ധ നീക്കത്തെ കൂടുതൽ സങ്കീർണമാക്കിയിരിക്കുന്നു. പഴയ പോലെ ഭീകരവാദ ക്യാമ്പുകളിൽ എത്തിച്ചുള്ള പരിശീലനമല്ല നടക്കുന്നത്. സർവകലാശാലകളിലും പ്രഫഷണൽ സർക്കിളുകളിലുമായാണ് അതിന്റെ വേരോട്ടം നടക്കുന്നത്. എന്നുവച്ചാൽ സംശയകരമായ സാഹചര്യങ്ങളിലല്ല പുത്തൻതലമുറ ഭീകരവാദികൾ പ്രവർത്തിക്കുന്നത്. ലെജിറ്റിമൈസ്ഡ് ആയാണ്. അതുകൊണ്ട് അൽ-ഫലാ സർവകലാശാല ഒരു ടെസ്റ്റ് ഡോസാണ്.
രാജ്യത്തെ ഏതെല്ലാം പ്രഫഷണൽ സർവകലാശാലകൾ വൈറ്റ് കോളർ ടെറർ ക്യാമ്പുകളായി മാറിയിട്ടുണ്ടെന്നു കണ്ടെത്തുക അതീവ ശ്രമകരമാണ്. ഇപ്പോൾ പുറത്തുവന്നത് ഡോക്ടർമാർ ഉൾപ്പെട്ട ശൃംഖലയെപ്പറ്റിയുള്ള വിവരങ്ങളാണ്. പൊതുജനാരോഗ്യ ദൗത്യവുമായി ബന്ധപ്പെട്ട രാജ്യത്തിന്റെ സുപ്രധാന മേഖലയാണ് ആരോഗ്യരംഗം. സാധാരണക്കാരിൽ നിന്നു തുടങ്ങി വിഐപി ഡ്യൂട്ടിക്കു വരെ നിശ്ചയിക്കപ്പെടുന്നവർ. ഏതുതരം സൂക്ഷ്മ നിരീക്ഷണങ്ങളിലൂടെയാണ് ഇനി ഡോക്ടർമാരെ സംശയാതീതമായി നിർണായക ദൗത്യങ്ങൾക്ക് ചുമതലപ്പെടുത്താൻ കഴിയുക. കേട്ടാൽ ബാലിശമെന്നു തോന്നാവുന്നതാണ് ഈ സംശയമെങ്കിലും വെറുതേ തള്ളിക്കളയാൻ കഴിയുന്നതല്ല അത്.
ഒരു സാധാരണ ഭീകരന് കിട്ടുന്നതിനേക്കാൾ ആക്സസ് സുഗമമായി പ്രഫഷണലുകൾക്ക് കിട്ടുന്നു എന്നത് ചെറിയ കാര്യമാണോ. ഇപ്പോൾത്തന്നെ ഡോക്ടർ മുസമ്മൽ ഗനെയ് യുടെ കാര്യം മാത്രം എടുക്കുക. പുറമേ നിന്നു നോക്കുമ്പോൾ അൽ-ഫലാ സർവകലാശാലയിലെ അധ്യാപകനായ ഡോക്ടറാണ് ഗനെയ്. എന്നാൽ ഇയാളെക്കുറിച്ചു കിട്ടിയ ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഹരിയാനയിലെ ഫരീദാബാദിലുള്ള ധൗജ് എന്ന സ്ഥലത്തു നടത്തിയ പരിശോധനയിൽ എന്തൊക്കെയാണ് കണ്ടെടുത്തത്. കശ്മീർ പൊലീസിന്റെ അഭ്യർത്ഥന പ്രകാരം ഹരിയാന പോലീസ് നടത്തിയ തിരച്ചിലിൽ 360 കിലോ ഗ്രാം വരുന്ന അമോണിയം നൈട്രേറ്റ്, ഡിറ്റൊണേറ്ററുകൾ, ടൈമറുകൾ, റൈഫിളുകൾ ഒക്കെയാണ് പിടിച്ചത്. ഇതിന്റെ വെളിച്ചത്തിൽ ഫരീദാബാദിലെ വിവിധ ഇടങ്ങളിൽ നടത്തിയ തുടർ പരിശോധനകളിലാണ് 2900 കിലോ വരുന്ന സ്ഫോടകവസ്തു ശേഖരം കണ്ടെത്തിയത്. ജെയ്ഷെ മുഹമ്മദും അൻസാർ ഗസ് വാത്-ഉൽ-ഹിന്ദും ആണ് ഫരീദാബാദ് മൊഡ്യൂളിനെ നിയന്ത്രിച്ചിരുന്നത്.
നേരത്തേ സൂചിപ്പിച്ച പോലെ മാരക സ്ഫോടക വസ്തുക്കൾ കൈവശമെത്തുന്നതും അത് ഉപയോഗിക്കാൻ പരിശീലനം കിട്ടുന്നതും വൈറ്റ് കോളർ ഭീകരതയുടെ ആസൂത്രണമികവ് തന്നെയാണ് കാണിക്കുന്നത്. അതിൽതന്നെ നാം ഇതുവരെ കേട്ടു പഴകിയിട്ടില്ലാത്ത വിധം ഒരു വനിതാ അംഗം കൂടി മൊഡ്യൂളിന്റെ ഭാഗമാകുക! അതുകൊണ്ട് നേരത്തേ പറഞ്ഞ ലഖ്നൗ സ്വദേശിയായ ഡോക്ടർ ഷഹീൻ സെയ്ദിലേയ്ക്ക് നമുക്ക് വീണ്ടും വരാം. ജെയ്ഷെ മുഹമ്മദ് രൂപീകരിച്ച വനിതാ സ്ക്വാഡിലെ അംഗമാണ് ഷഹീൻ.
ജമാഅത്ത്-ഉൽ-മൊമിനാത്ത് (Jamaat-ul-Mominaat)എന്ന ഈ സ്ക്വാഡിന്റെ നേതൃത്വം ജെയ്ഷെ തലവൻ മസൂദ് അസറിന്റെ സഹോദരി സാദിയ അസറിനാണ്. ഷഹീനെ ചോദ്യം ചെയ്യുന്നതിൽ നിന്ന് നിർണായക വിവരങ്ങൾ കിട്ടുമെന്ന് പ്രതീക്ഷിക്കാം. ഫരീദാബാദ് സംഘത്തിലെ പലരും പിടിയിലായതിന്റെ പരിഭ്രമമാണോ അതോ നിശ്ചയദാർഢ്യമാണോ ഉമർ മുഹമ്മദിനെക്കൊണ്ട് ചെങ്കോട്ട ആക്രമണം നടത്തിച്ചത് എന്നതും ഷഹീനെ ചോദ്യം ചെയ്യുന്നതിൽ നിന്ന് മനസിലാക്കാൻ കഴിഞ്ഞേക്കും. രാജ്യത്ത് ജമാഅത്ത് ഉൽ മൊമിനാത്തിന്റെ വ്യാപ്തി എത്രയെന്ന നിർണായക ചോദ്യത്തിനും ഷഹീനയിൽ നിന്നാണ് ഉത്തരം കിട്ടേണ്ടത്. ഇനി അടുത്ത പ്രധാന പോയിന്റിലേയ്ക്ക് വരാം.
സാധാരണഗതിയിൽ ഭീകരതയുമായി ബന്ധപ്പെട്ട ഇന്ത്യാ-പാക് തർക്കത്തിൽ മൂന്നാമതൊരു രാജ്യത്തിന്റെ പങ്ക് ചർച്ചാ വിഷയമാകാറില്ല. അതിലും ചെങ്കോട്ട സ്ഫോടനം ഒരു പുതിയ അധ്യായം തുറന്നിരിക്കുകയാണ്. ഒക്ടോബർ 30ന് പാകിസ്ഥാനിലെ ഖൈർപൂർ തമെവാലിയിൽ നടന്ന ഒരു റാലിയിൽ ലഷ്കർ കമാൻഡർ സെയ്ഫുള്ള സെയ്ഫിന്റേതായി പ്രചരിച്ച വീഡിയോയാണ് ആ പുതിയ അധ്യായം തുറന്നിരിക്കുന്നത്. അതിൽ അയാൾ പറഞ്ഞിട്ടുണ്ട് ഹഫീസ് സയിദ് വെറുതേ ഇരിക്കുകയല്ലെന്നും ബംഗ്ലാദേശ് വഴി ഇന്ത്യയെ ആക്രമിക്കാനുള്ള പദ്ധതി ഒരുക്കൂട്ടിക്കൊണ്ടിരിക്കുകയാണെന്നും.
ബംഗ്ലാദേശ് എന്നതിനു പകരം കിഴക്കൻ പാക്കിസ്ഥാൻ എന്ന വാക്കാണ് സെയ്ഫുള്ള ഉപയോഗിച്ചത് എന്നതും ശ്രദ്ധേയമാണ്. കിഴക്കൻ പാക്കിസ്ഥാനിൽ ജെയ്ഷെ സജീവമായിരിക്കുകയാണെന്നും ഓപ്പറേഷൻ സിന്ദൂറിനുള്ള മറുപടി അവിടെ നിന്ന് ഇന്ത്യയ്ക്ക് കിട്ടുമെന്നുമായിരുന്നു വീഡിയോയിൽ സെയ്ഫുള്ള പറഞ്ഞത്. അത് അങ്ങനെതന്നെ ഇപ്പോൾ സംഭവിച്ചിരിക്കുകയാണ്. അപ്പോൾ ജെയ്ഷെ മുഹമ്മദിന്റെ പുതിയ താവളമായി ബംഗ്ലാദേശ് അതിർത്തി മാറുന്നു എന്നത് ഇന്ത്യയ്ക്ക് പുതിയ വെല്ലുവിളിയാണ്. ഇന്ത്യയെ കിഴക്കു നോക്കി നിൽക്കാൻ പ്രേരിപ്പിക്കുന്ന ഈ നീക്കം പുത്തൻ ഭൗമരാഷ്ട്രീയത്തിൽ ചൈനയ്ക്ക് ഗുണകരമാകും. ആ അർത്ഥത്തിൽ പാക് ഭീകരസംഘടനകളുടെ നീക്കത്തിന് ചൈനയുടെ പിന്തുണ കിട്ടുമെന്ന് കണക്കുകൂട്ടേണ്ടിവരും. ഇപ്പോൾത്തന്നെ കശ്മീരിൽ നടക്കുന്ന ഭീകരാക്രമണമായാലും നുഴഞ്ഞുകയറ്റമായാലും അക്രമകാരികൾ ഉപയോഗിക്കുന്ന അത്യാധുനിക ഉപകരണങ്ങളെല്ലാം ചൈനീസ് ആണെന്നതും പുതിയ നീക്കത്തിന്റെ പ്രാധാന്യം വർധിപ്പിക്കുന്നു.
അമേരിക്ക ഇപ്പോൾ നമുക്ക് ഒപ്പമാണെന്നും ബംഗ്ലാദേശ് പാക്കിസ്ഥാനുമായി കൂടുതൽ അടുക്കുകയാണെന്നും സെയ്ഫുള്ള വീഡിയോയിൽ പറഞ്ഞിരിക്കുന്നത് പുത്തൻ ഭൗമരാഷ്ട്രീയവും പാക് ഭീകരശൃംഖലയും കൈകോർക്കുന്നതിന്റെ അപകടകരമായ തലമാണ് വെളിപ്പെടുത്തുന്നത്. നാളിതുവരെ ഇന്ത്യയ്ക്ക് കൈകാര്യം ചെയ്യേണ്ടി വന്നിട്ടില്ലാത്ത തലത്തിലേയ്ക്ക് പാക് ഭീകരതയുടെ മുഖവും ഭാവവും മാറിയിരിക്കുന്നു. കശ്മീർ കേന്ദ്രീകരിച്ചുള്ളത് ഇന്ത്യ-പാക് വിഷയം മാത്രമാണെന്നാണ് ഇന്ത്യയുടെ പ്രഖ്യാപിത നിലപാട്. ബാഹ്യശക്തികൾക്ക് അതിൽ ഒരു റോളും ഇല്ലെന്ന് നമ്മൾ അടിവരയിടുകയും ചെയ്യുന്നു. എന്നാൽ പുതിയ സാഹചര്യങ്ങൾ ഈ നിലപാട് മാറ്റാനുള്ള സമർദമേറ്റുമോ എന്നതാണ് ആശങ്ക. അകലെ നിന്ന് അമേരിക്കയും അടുത്തു നിന്ന് ചൈനയും ഇപ്പോൾ ബംഗ്ലാദേശും അറിഞ്ഞോ അറിയാതെയോ പങ്കാളിയാകും വിധം പാക് ഭരണകൂടത്തിന്റെ നിഴൽ ഭീകര സംഘങ്ങളുടെ ചെയ്തികൾ കശ്മീരും കടന്ന് രാജ്യതലസ്ഥാനത്തെ തന്നെ ലക്ഷ്യം വയ്ക്കുമ്പോൾ വിശേഷിച്ചും.
-
ഗള്‍ഫില്‍ സ്വര്‍ണം കുത്തനെ കുതിച്ചു..! ഇന്ത്യയില്‍ കുറയുമ്പോള്‍ ദുബായില്‍ കൂടാന്‍ കാരണമെന്ത്? -
സ്വർണ വില ഗ്രാമിന് 27000ത്തിന് മുകളിലോ, പവൻ 2.15 ലക്ഷത്തിലേക്കും?സ്വർണം കൂടുതൽ ഞെട്ടിക്കാനൊരുങ്ങുന്നു..പ്രവചനം -
സ്വര്‍ണത്തിന് എന്തുപറ്റി? യുദ്ധം തുടങ്ങി ഒരാഴ്ചയായിട്ടും വില കൂടുന്നില്ല! വാങ്ങിവെച്ചത് മണ്ടത്തരമായോ? -
സ്വർണ വില ഇനി കുത്തനെ താഴേക്കോ? സ്വർണം വാങ്ങുന്നത് കുറച്ച് കേന്ദ്രബാങ്കുകളും..എന്തുപറ്റി? അമ്പരപ്പ് -
കൊച്ചി മെട്രോയിൽ ജോലി ഒഴിവുണ്ട്; 2 തസ്തികയിൽ അവസരം.. 2.60 ലക്ഷം വരെ ശമ്പളം..യോഗ്യത അറിയാം -
സ്വർണ വില അഞ്ചാം ദിനവും മൂക്കും കുത്തി താഴെ; പവന് 60,000 രൂപയെന്ന ആഗ്രഹമൊക്കെ നടക്കുമോ?അറിയാം -
ഭക്തരോട് മാപ്പ് ചോദിക്കുന്നു; ആറ്റുകാല്‍ അമ്മയ്ക്ക് എന്നെ അറിയാം: വൈകാരിക പ്രതികരണവുമായി അന്ന രാജന് -
പൊങ്കാല ഇടുമ്പോൾ വീട്ടിലെ സ്വകാര്യ ചിത്രങ്ങൾ പുറത്ത് പ്രചരിപ്പിച്ചു'; തുറന്നടിച്ച് നടി രമ്യ പണിക്കർ -
ക്രിസ്ത്യാനിയായിട്ടും പൊങ്കാലയിട്ടു; ബിജെപിയിലേക്കു പോകുന്നു: വിവാദങ്ങളില്‍ പ്രതികരണവുമായി ബീന ആന്റണി -
രണ്ട് വര്‍ഷത്തിനിടെ സ്വര്‍ണം വാരിക്കൂട്ടി, ഇനി അതെല്ലാം വില്ക്കാന് പോളണ്ട്! സ്വര്‍ണവില കുത്തനെ ഇടിയും! -
സ്വർണ വില ഉച്ചയോടെ വീണ്ടും താഴേക്ക്; വിൽക്കാൻ കാത്തിരുന്നവർ പെട്ടു..ഇനിയും ഇടിഞ്ഞ് വീഴും? -
വിജയ്ക്ക് തൃഷയോട് മാത്രമായിരുന്നിരിക്കില്ല ബന്ധം..നടൻ മിടുക്കൻ, ഭാര്യയുടെ ഉദ്ദേശം നടക്കില്ല'; അഡ്വ ജയശങ്കർ












Click it and Unblock the Notifications