3000 ദിര്‍ഹം കൊടുത്താല്‍ നാട്ടില്‍ ഒരു ലക്ഷമെത്തും,കള്ളപ്പണം വെളുപ്പിക്കാന്‍ കുഴല്‍പ്പണക്കാരും...
2.5 ലക്ഷം രൂപ വരെ കണക്ക് വെളിപ്പെടുത്താതെ ഒരു വ്യക്തിക്ക് മാറ്റിയെടുക്കാമെന്ന പഴുതിലൂടെയാണ് കള്ളപ്പണം വെളുപ്പിക്കുന്നത്.
തിരുവനന്തപുരം: മോദിയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ തോല്‍പിക്കാന്‍ കുഴല്‍പ്പണക്കാരുടെ പുതിയ തന്ത്രം. ഗള്‍ഫ് രാജ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള കുഴല്‍പ്പണ മാഫിയകളാണ് രാജ്യത്തെ കള്ളപ്പണം വെളുപ്പിക്കാന്‍ പുതിയ മാര്‍ഗങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കുഴല്‍പ്പണ സംഘങ്ങള്‍ മലയാളികളെ ഉപയോഗിച്ചാണ് കള്ളപ്പണം വെളുപ്പിക്കുന്നത്.
യു എ ഇ, സൗദി അറേബ്യ, ഖത്തര്‍ എന്നീ ഗള്‍ഫ് രാജ്യങ്ങളിലാണ് 3000 ദിര്‍ഹമോ, 3000 റിയാലോ നല്‍കിയാല്‍ അതിന്റെ ഇരട്ടി പണം നാട്ടിലെത്തിക്കാമെന്ന വാഗ്ദാനമുള്ളത്. പക്ഷേ നാട്ടിലെത്തിക്കുന്ന പണം മുഴുവനും 500,1000 രൂപയുടെ കറന്‍സികളിലാവും ലഭിക്കുക. ഒരു വ്യക്തിക്ക് രണ്ടര ലക്ഷം രൂപ വരെ കണക്ക് കാണിക്കാതെ ബാങ്കില്‍ നിന്ന് മാറ്റിയെടുക്കാമെന്ന പഴുത് ഉപയോഗിച്ചാണ് കുഴല്‍പ്പണക്കാരുടെ പുതിയതന്ത്രം.

ദാ ഇതാണ് ഗുട്ടന്‍സ്
3000 യുഎഇ ദിര്‍ഹം ഇന്ത്യയിലെ 55671 രൂപയാണ്. 3000 സൗദി റിയാലിന്റെ മൂല്യം 54513 രൂപയും, ഖത്തര്‍ റിയാലിന് 56161 രൂപയുമാണ് മൂല്യമുള്ളത്. ഗള്‍ഫിലെ കുഴല്‍പ്പണക്കാര്‍ക്ക് 3000 ദിര്‍ഹം കൊടുത്താല്‍ നാട്ടില്‍ പഴയ 500,1000 കറന്‍സികളില്‍ ഒരു ലക്ഷം രൂപ എത്തിക്കും. ഉറവിടം വ്യക്തമാക്കാന്‍ കഴിയാതെ കെട്ടികിടക്കുന്ന കള്ളപ്പണം കുറച്ച് നഷ്ടം സഹിച്ചാണെങ്കിലും വെളുപ്പിച്ചെടുക്കാം എന്നതാണ് ഇതിന്റെ മെച്ചം.

മാറ്റിയെടുക്കേണ്ടത് സ്വന്തം റിസ്‌ക്കില്‍
നിരോധിച്ച 500,1000 രൂപയുടെ കറന്‍സികളാവും കുഴല്‍പ്പണക്കാര്‍ നല്‍കുക. ബാങ്കില്‍ പോയി ഇതെല്ലാം മാറ്റിയെടുക്കേണ്ടത് നമ്മുടെ ജോലിയാണ്. ഒരു വ്യക്തിക്ക് കണക്കു വെളിപ്പെടുത്താതെ 2.5 ലക്ഷം രൂപ വരെ ബാങ്കില്‍ നിന്ന് മാറ്റിയെടുക്കാന്‍ കഴിയുന്നതിനാല്‍ പിടിക്കപ്പെടാനും സാധ്യത കുറവാണ്.

അല്‍പം നഷ്ടം സഹിച്ചാലും കള്ളപ്പണം വെളുപ്പിക്കാം
നോട്ട് നിരോധനം വന്നതോടെ വെളുപ്പിക്കാന്‍ കഴിയാത്ത കള്ളപ്പണമാണ് ഈ രീതിയില്‍ കുഴല്‍പ്പണക്കാര്‍ വെളുപ്പിച്ചെടുക്കുന്നത്. നിലവിലുള്ളതിനെക്കാല്‍ മൂല്യം കുറച്ചേ ലഭിക്കുകയുള്ളുവെങ്കിലും കള്ളപ്പണം വെളുപ്പിച്ചെടുക്കാന്‍ വേറെ വഴികളെല്ലാം അടഞ്ഞതിനാലാണ് ഈ രീതിയിലൂടെ വെളുപ്പിച്ചെടുക്കുന്നത്.

പിന്നില്‍ വമ്പന്‍ മാഫിയകള്‍
രാജ്യത്തിനകത്തും പുറത്തുമായി പ്രവര്‍ത്തിക്കുന്ന മാഫിയ സംഘങ്ങളാണ് ഇത്തരത്തിലുള്ള സമാന്തര സാമ്പത്തിക ക്രയവിക്രയങ്ങള്‍ നിയന്ത്രിക്കുന്നത്. വമ്പന്‍ മുതലാളിമാര്‍ മുതല്‍ ചെറുകിട കച്ചവടക്കാര്‍ വരെ ഈ മാഫിയയിലെ കണ്ണികളാണ്.

ഇരട്ടിപ്പണം നാട്ടിലെത്തിക്കാനുള്ള ആഗ്രഹം
ഇവരുടെ വലയിലാകുന്നവരില്‍ അധികവും ഗള്‍ഫില്‍ ജോലി ചെയ്യുന്ന മലയാളികളാണ്. ഒറ്റയടിക്ക് ഇരട്ടിയലധികം തുക നാട്ടിലെത്തിക്കാം എന്നതുമാത്രമാണ് മലയാളികള്‍ ആലോചിക്കുന്നത്. എന്നാല്‍ കള്ളപ്പണം വെളുപ്പിക്കാനാണ് ഇവര്‍ കൂട്ടുനില്‍ക്കുന്നത്.

അത്യാഗ്രഹം വിനയാകും
അടുത്തിടെയാണ് കള്ളനോട്ടുമായി പ്രായമായ സ്ത്രീ കൊണ്ടോട്ടിയില്‍ പോലീസിന്റെ പിടിയിലായത്. കുഴല്‍പ്പണക്കാര്‍ വഴി മകന്‍ നാട്ടിലേക്ക് അയച്ച പണം മാറാന്‍ ബാങ്കിലെത്തിയപ്പോളാണ് എല്ലാം കള്ളനോട്ടുകളായിരുന്നെന്ന് തിരിച്ചറിയുന്നത്. കുഴല്‍പ്പണക്കാര്‍ വഴി വ്യാപകമായി കള്ളനോട്ടുകളും രാജ്യത്ത് പ്രചരിക്കുന്നുണ്ട്.

പക്ഷേ, മൂല്യം കുറച്ചേ കണക്കാക്കൂ
എല്ലാ കച്ചവടക്കാരും നിരോധിച്ച കറന്‍സികള്‍ വാങ്ങാന്‍ മടിക്കുമ്പോള്‍ ദില്ലിയിലെ ജെയിന്‍ ഹൗസിനു സമീപമുള്ള മാര്‍ക്കറ്റില്‍ ഇപ്പോഴും 500,1000 രൂപയുടെ നോട്ടുകള്‍ സ്വീകരിക്കുന്നുണ്ട്. പഴം-പച്ചക്കറി കച്ചവടക്കാരും ഫാര്‍മസി സ്റ്റോറുകളും അടക്കം എല്ലാവരും ഇവിടെ നിരോധിത കറന്‍സികള്‍ വാങ്ങും, പക്ഷേ 30% മൂല്യം കുറച്ചുമാത്രമേ സ്വീകരിക്കുകയുള്ളു. 500 രൂപ കൊടുത്താല്‍ എകദേശം 300 രൂപയ്ക്കുള്ള സാധനങ്ങള്‍ വാങ്ങാം. പിന്നീട് സാധാരണക്കാരായവരെ ഉപയോഗിച്ച് ബാങ്കുകളിലൂടെ ഇത്തരം 500,1000 കറന്‍സികള്‍ മാറ്റിയെടുക്കുകയാണ് കച്ചവടക്കാര്‍ ചെയ്യുന്നത്.












Click it and Unblock the Notifications