'ടിയാരി' എന്ന് ഉപയോഗിക്കേണ്ട; സർക്കുലർ ഇറക്കി ഉദ്യോഗസ്ഥ ഭരണ പരിഷ്ക്കാര വകുപ്പ്; കാരണം ഇത്
തിരുവനന്തപുരം: സംസ്ഥാനത്തെ ഭരണ രംഗത്ത് ടിയാരി എന്ന് ഉപയോഗിക്കേണ്ട എന്ന് ഉദ്യോഗസ്ഥ ഭരണ പരിഷ്ക്കാര വകുപ്പിന്റെ ( ഔദ്യോഗിക ഭാഷ വകുപ്പ് ) നിർദ്ദേശം. ടിയാരി എന്ന പദപ്രയോഗത്തെ സംബന്ധിച്ച് വകുപ്പ് ജോയിന്റ് സെക്രട്ടറി സർക്കുലറും ഇറക്കിയിട്ടുണ്ട്. ടിയാൻ എന്ന പദത്തിന്റെ സ്ത്രീലിംഗമായി ടിയാരി ഉപയോഗിച്ചുവരുന്നുണ്ട്.
ഭാഷാ മാർഗ നിർദ്ദേശക സമിതിയുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഈ വാക്ക് വേണ്ടാ എന്ന് തീരുമാനമെടുത്തത്. സർക്കാർ രേഖകളിലും ഭരണ രംഗത്തുമൊക്കെ പ്രസ്തുത വ്യക്തി എന്ന അർത്ഥത്തിലാണ് ടിയാൻ എന്ന വാക്ക് ഉപയോഗിക്കുന്നത്. ടിയാൻ എന്നതിന്റെ സ്ത്രീലിംഗമായി ടിയാരി എന്ന് ഉപയോഗിക്കുന്നത് അനുചിതമാണ് എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിർദ്ദേശം.

ഭരണ രംഗത്ത് ടിയാൻ എന്ന പദത്തിന്റെ സ്ത്രീലിംഗമായി ടിയാരി എന്ന് വ്യാപകമായി ഉപയോഗിച്ച് വരുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് എന്നും സർക്കുലറിൽ പറയുന്നു. മേൽപ്പടിയാൻ അല്ലെങ്കിൽ പ്രസ്തുത വ്യക്തി എന്ന രീതിയിൽ ഉപയോഗിക്കുന്ന ടിയാൻ എന്നതിന്റെ സ്ത്രീലിംഗമാഇ ടിയാൾ എന്നതിന് പകരം ടിയാരി എന്ന് ഉപയോഗിക്കുന്നത് അനുചിതമാണ് എന്നാണ് പറയുന്നത്.
ടിയാരി എന്ന പദത്തിന്റെ ഉപയോഗ സാധുതയെക്കുറിച്ച് ഭാഷാമാർഗ നിർദ്ദേശക വിദഗ്ദ സമിതി പരിശോധിക്കുകയും ടിയാരി എന്ന പദം ഉപയോഗിക്കേണ്ടത് ഇല്ലെന്ന് നിർദ്ദേശിക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ ഭരണ രംഗത്ത് ടിയാരി എന്ന പദം ഉപയോഗിക്കേണ്ടതില്ലെന്ന് നിർദ്ദേശിക്കുന്നുവെന്നാണ് സർക്കുലറിൽ പറയുന്നത്.












Click it and Unblock the Notifications