സിപിഐ പ്രതിനിധി ആയതിനാലാണോ എന്നെ ഒഴിവാക്കിയത്? ദേശാഭിമാനിയ്‌ക്കെതിരെ ഡെപ്യൂട്ടി സ്പീക്കര്‍
തിരുവനന്തപുരം: നിയമസഭാ മന്ദിരത്തിന് മുന്നിലെ അംബേദ്കര്‍ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയ വാര്‍ത്തയില്‍ നിന്ന് തന്റെ പേരും ചിത്രവും ഒഴിവാക്കിയ സി പി ഐ എം മുഖപത്രമായ ദേശാഭിമാനിയ്‌ക്കെതിരെ വിമര്‍ശനവുമായി ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. താന്‍ സി പി ഐ പ്രതിനിധി ആയതിനാലാണോ തന്നെ ഒഴിവാക്കിയതെന്ന് ചിറ്റയം ഗോപകുമാര്‍ ചോദിച്ചു. ഇതാണോ സാമൂഹിക നീതിയും സമത്വവുമെന്നും ഡെപ്യൂട്ടി സ്പീക്കര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിച്ചു.
ഭരണഘടനാ ശില്‍പി ഡോ. ബി ആര്‍. അംബേദ്കറിന്റെ ജന്മവാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായാണ് നിയമസഭാ സമുച്ചയത്തിലെ പ്രതിമയില്‍ കഴിഞ്ഞ ദിവസം പുഷ്പാര്‍ച്ചന നടത്തിയത്. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, മന്ത്രിമാരായ കെ രാധാകൃഷ്ണന്‍, വി ശിവന്‍കുട്ടി എന്നിവര്‍ ഒരുമിച്ചാണ് പുഷ്പാര്‍ച്ചനക്ക് എത്തിയത്. എന്നാല്‍ ഇതില്‍ നിന്നും ചിറ്റയം ഗോപകുമാറിന്റെ പേരും ഫോട്ടോയും മാത്രം ഒഴിവാക്കിയാണ് ദേശാഭിമാനി വാര്‍ത്ത പ്രസിദ്ധീകരിച്ചത്.

ഇതിനെതിരെ ചിറ്റയം ഗോപകുമാര്‍ രംഗത്തെത്തിയത്. സംഭവം വിവാദമായതോടെ ദേശാഭിമാനി വിശദീകരണം പ്രസിദ്ധീകരിച്ചു. ഇതോടെ ചിറ്റയം ഗോപകുമാര്‍ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തു. പ്രസിദ്ധീകരിച്ച ചിത്രത്തില്‍ ചിറ്റയം ഗോപകുമാര്‍ ഇല്ലാതിരുന്നതിനാലാണ് ഫോട്ടോയ്ക്കൊപ്പം പേര് വെക്കാതിരുന്നതെന്നാണ് ദേശാഭിമാനി നല്‍കിയ വിശദീകരണം.
നിയമസഭയിലെ അംബേദ്കര്‍ പ്രതിമയില്‍ പുഷ്പാര്‍ച്ചനയ്ക്കു നേതൃത്വം നല്‍കിയത് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ആയിരുന്നു. വാച്ച് ആന്‍ഡ് വാര്‍ഡിന്റെ സല്യൂട്ടും അദ്ദേഹം സ്വീകരിച്ചിരുന്നു. നേരത്തെ അടൂരില്‍ തന്റെ ഭൂരിപക്ഷം കുറയാന്‍ കാരണം സി പി ഐ എം ആണെന്ന് ചിറ്റയം ഗോപകുമാര്‍ ആരോപിച്ചിരുന്നു.
ചിറ്റയം ഗോപകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ഇത് ഏപ്രില്‍ 15ന് ദേശാഭിമാനി പത്രം പ്രസിദ്ധീകരിച്ച ചിത്രവും വാര്‍ത്തയുമാണ്. ഏപ്രില്‍ 14 ന് അംബേദ്ക്കര്‍ ദിനത്തില്‍ നിയമസഭയില്‍ അംബേദ്കര്‍ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തുവാന്‍ ഡെപ്യൂട്ടി സ്പീക്കര്‍ എന്ന നിലയില്‍ ഞാനും മന്ത്രിമാരായ കെ.രാധാകൃഷ്ണനും വി.ശിവന്‍കുട്ടിയും ഒരുമിച്ചാണ് വന്നത് . നിയമസഭയിലെ വാച്ച് ആന്റ് വാര്‍ഡിന്റെ സല്യൂട്ട് സ്വീകരിച്ചതും ഞാനാണ്. അതിന് ശേഷം ഞാനും മന്ത്രിമാരും ഒരുമിച്ചാണ് പുപ്പാര്‍ച്ചന നടത്തിയത്. പക്ഷെ ദേശാഭിമാനി വാര്‍ത്ത പ്രസിദ്ധീകരിച്ചപ്പോള്‍ എന്നെ ഒഴിവാക്കി.
ഇതാണോ സാമൂഹ്യനീതി?
ഇതാണോ സമത്വം ?
ഞാന്‍ സി.പി.ഐ പ്രതിനിധി ആയത് കൊണ്ടാണോ എന്നെ ഒഴിവാക്കിയത്?
സിപിഐ പ്രതിനിധി ആയതിനാലാണോ എന്നെ ഒഴിവാക്കിയത്? ദേശാഭിമാനിയ്‌ക്കെതിരെ ഡെപ്യൂട്ടി സ്പീക്കര്‍












Click it and Unblock the Notifications