ദേശാഭിമാനി പരസ്യം കൊടുത്തത് ശരിയല്ല: വിഎസ്
പാലക്കാട്: ദേശാഭിമാനിയെക്കുറിച്ചും പാര്‍ട്ടി പ്ലീനത്തെക്കുറിച്ചും ഇ പി ജയരാജന്‍ ഇനി പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന് ക്ലാസെടുക്കേണ്ടിവരും. വി എം രാധാകൃഷ്ണന്‍ എന്ന ചാക്ക് രാധാകൃഷ്ണന്റെ പരസ്യം ദേശാഭിമാനി കൊടുത്തതില്‍ അപാകതയില്ലേ എന്ന് ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് നിങ്ങള്‍ക്ക് ഒന്നുമറിയില്ല എന്ന് പറഞ്ഞ് ജയരാജന്‍ സഖാവ് ചാടിക്കടിക്കാന്‍ വന്നിരുന്നു.
എന്നാല്‍ പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദനുമുണ്ട് ഇക്കാര്യത്തില്‍ എതിരഭിപ്രായം. കൊലപാതക്കേസില്‍ പ്രതിയായ രാധാകൃഷ്ണന്റെ പരസ്യം പാര്‍ട്ടി പത്രമായ ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ചത് ശരിയായില്ല എന്നാണ് വി എസ് അച്യുതാന്ദന്‍ പ്രതികരിച്ചത്. ഈ സംഭവത്തെക്കുറിച്ച് പാര്‍ട്ടി അന്വേഷിക്കണം എന്നും വി എസ് ആവശ്യപ്പെട്ടു.

പത്രങ്ങള്‍ക്ക് പരസ്യമില്ലാതെ നിലനില്‍ക്കാന്‍ കഴിയില്ല എന്നായിരുന്നു ഇ പി ജയരാജന്റെ കണ്ടുപിടുത്തം. അത് ശരിയാണ് താനും, അതിലാര്‍ക്കും പരാതിയില്ല. എന്നാല്‍ ആരില്‍ നിന്നാണ് പരസ്യം വാങ്ങുന്നത് എന്നത് പാര്‍ട്ടി പത്രമായ ദേശാഭിമാനി നോക്കണ്ടേ? വേണ്ട എന്നാണ് ജയരാജന്‍ പറയുന്നത്. വ്യക്തികളെ നോക്കിയ പരസ്യം വാങ്ങാന്‍ പറ്റില്ല എന്ന് പത്രത്തിന്റെ മാനേജിംഗ് എഡിറ്റര്‍ കൂടിയായ ജയരാജന്‍ സഖാവ് തീര്‍ത്തുപറയുന്നു.
നേരത്തെ ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിനില്‍ നിന്നും രണ്ട് കോടി രൂപയുടെ ബോണ്ട് വാങ്ങിയ വിവാദത്തില്‍ പാര്‍ട്ടി ജയരാജനൊപ്പം നിന്നില്ല. മാനേജിംഗ് എഡിറ്റര്‍ സ്ഥാനത്ത് നിന്നും മാറ്റിനിര്‍ത്തപ്പെട്ട ജയരാജന് പിന്നീട് തിരിച്ചുവരികയായിരുന്നു. എന്നാല്‍ ചാക്ക് രാധാകൃഷ്ണന്‍ പരസ്യവിവാദം മാധ്യമങ്ങളോട് വിശദീകരിച്ച ജയരാജന്‍ പറയാതെ പറയുന്നത് പാര്‍ട്ടി പറയുന്ന അച്ചടക്കപരിപാടികള്‍ ഇതിന്റെ വഴിക്കും തങ്ങള്‍ തങ്ങളുടെ വഴിക്കും തന്നെ പോകും എന്നാണ്.












Click it and Unblock the Notifications