'വീട്ടിലേക്ക് എത്തിയത് ചായ കുടിക്കാന്‍, കിറ്റുമായി ബിജെപിക്ക് ഒരു ബന്ധവുമില്ല';ദേവൻ
തൃശൂര്‍ വാടാനപ്പള്ളിയിലെ ചാംപ്യൻ സൂപ്പർ മാർക്കറ്റിൽ കിറ്റ് കണ്ടെത്തിയ സംഭവത്തിൽ ബിജെപിക്ക് യാതൊരു ബന്ധവുമില്ലെന്ന് നടനും ബിജെപി നേതാവുമായ ദേവൻ. അവിചാരിതമായിട്ടാണ് താൻ അവിടെ എത്തിയത്. ചായ കുടിക്കാൻ വന്നതാണ്. യുഡിഎഫും എൽഡിഎഫും പ്ലാൻ ചെയ്താണ് പ്രതിഷേധവുമായി അവിടെ എത്തിയത്. സൂപ്പർ മാർക്കറ്റിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാം. ബിജെപിക്ക് ഇക്കാര്യത്തിൽ യാതൊരു ഭയവും ഇല്ലെന്നും ദേവൻ പറഞ്ഞു.
'യുഡിഎഫും എൽഡിഎഫും ഇപ്പോഴും നുണ പറയുന്ന ആൾക്കാരാണ് . പച്ചക്കള്ളമാണ് അവർ പറഞ്ഞുകൊണ്ടിരിക്കുന്നത്. ഞാൻ ബിജെപിയുടെ ഒരു പ്രവർത്തകനാണ് . മണ്ഡലത്തിൽ വിവിധ ഇടങ്ങളിൽ എനിക്ക് കുടുംബ യോഗങ്ങളിൽ പങ്കെടുക്കാനുണ്ടായിരുന്നു. ഇന്ന് നിശ്ചയിച്ചത് പ്രകാരമുള്ള പരിപാടി രാവിലെ 8:00 മണി മുതൽ രാത്രി 8:00 മണി വരെയാണ്. നാലാമത്തെ കുടുംബയോഗം വാടാനപ്പള്ളിയിലാണ്. യോഗം ആരംഭിക്കുന്നതിന് കാലതാമസം ഉണ്ടെന്ന് പറഞ്ഞതനുസരിച്ച് എൻ്റെ കൂടെ വന്ന പാർട്ടി അംഗമാണ് സുഹൃത്തിൻ്റെ വീടുണ്ടെന്നും അവിടെ നിന്ന് ചായകുടിക്കാമെന്നും പറഞ്ഞത്. അതുകഴിയുമ്പോഴേക്കും പരിപാടി തുടങ്ങാറാകുമെന്നും അറിയിച്ചു. അതനുസരിച്ചാണ് അങ്ങോട്ടേക്ക് വരുന്നത്.

വീട്ടിലേക്ക് പോയി ചായയൊക്കെ കുടിച്ചിരിക്കുന്ന സമയത്താണ് വീടിൻ്റെ താഴെ നിന്ന് ബഹളം കേട്ടത്. പോയി നോക്കുമ്പോഴാണ് ടിഎൻ പ്രതാപനും കുറേ പേരും ചേർന്ന് താഴെ നിന്ന് ബഹളം വെയ്ക്കുകയാണ്. കിറ്റുമായി ബി.ജെ.പിക്ക് യാതൊരു ബന്ധവും ഇല്ല. ഈ വിവാദങ്ങളൊക്കെ അവർ നേരത്തേ പ്ലാൻ ചെയ്തതായിരിക്കും. 10 മിനിറ്റിനുള്ളിലാണ് ടി എൻ പ്രതാപനും ആളുകളും വന്ന് ഇവിടെ വന്ന് പ്രതിഷേധിച്ചത്. ആ സാധനങ്ങൾ എങ്ങനെ വന്നുവെന്നത് സൂപ്പർ മാർക്കറ്റിൻ്റെ ഉടമയാണ് പറയേണ്ടത്. സിസിടിവി പരിശോധിച്ചാലും ഞങ്ങൾക്ക് യാതൊരു ഭയവുമില്ല', ദേവൻ പറഞ്ഞു. അതേസമയം വിഷയത്തിൽ ബിജെപിക്കെതിരെ ടിഎൻ പ്രതാപൻ രംഗത്തെത്തി.
ജനാധിപത്യത്തെ വിലയ്ക്കുവാങ്ങാൻ ആർ.എസ്.എസ്- ബി.ജെ.പി കൂടാരങ്ങളിൽ നിന്ന് ഒഴുകുന്ന കള്ളപ്പണത്തിനും കിറ്റുകൾക്കും ഈ മണലൂരിന്റെ മണ്ണിൽ സ്ഥാനമില്ലെന്ന് അദ്ദേഹം തുറന്നടിച്ചു. 'തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ഈ നീക്കത്തെ എന്തുവിലകൊടുത്തും ഇനിയും നമ്മൾ തടയും. അധികാരത്തിന്റെ ഹുങ്കിൽ നോട്ടുകെട്ടുകളെറിഞ്ഞ് വോട്ടർമാരുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യാമെന്ന് ആരും വ്യാമോഹിക്കേണ്ട.
ചതിയുടെയും അഴിമതിയുടെയും ഈ രാഷ്ട്രീയക്കച്ചവടം പ്രബുദ്ധരായ മണലൂരിലെ ജനത തിരിച്ചറിഞ്ഞുകഴിഞ്ഞു. മണലൂരിലെ വോട്ടർമാർ നിലപാടുള്ള മനുഷ്യരാണ്. അവിശുദ്ധമായ പണമിടപാടുകൾ കൊണ്ടും സൗജന്യ കിറ്റുകൾ കൊണ്ടും നമ്മുടെ നാടിന്റെ വികസന സ്വപ്നങ്ങളെയും മതേതര ബോധ്യങ്ങളെയും തകർക്കാൻ ഒരു ശക്തിയെയും അനുവദിക്കില്ല. തോൽവി ഭയന്നവരുടെ ഈ അവസാനത്തെ അടവിനെ പോരാട്ടവീര്യം കൊണ്ട് നമ്മളൊന്നിച്ച് പരാജയപ്പെടുത്തും. ജനാധിപത്യം വിൽക്കാനുള്ളതല്ല, അത് നെഞ്ചോട് ചേർത്ത് കാത്തുസൂക്ഷിക്കാനുള്ളതാണ്. ഈ ചതിക്കെതിരെ മണലൂർ ഒന്നടങ്കം പ്രതികരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
'


Click it and Unblock the Notifications