'എനിക്ക് അച്ഛന് വേണ്ടി ചെയ്യാന്‍ കഴിയുന്ന ഏറ്റവും ചെറിയ കാര്യമാണ് ഇത്'..ദേവനന്ദ പറയുന്നു
കോടതി പോലും മനസ്സറിഞ്ഞ് അഭിനന്ദിച്ച 17 വയസുകാരി ദേവനന്ദ..അച്ഛന് വേണ്ടി കരള്‍ പകുത്ത് നല്‍കിയ മിടുക്കി. ഒരുപാട് നിയമപോരാട്ടത്തിന് ഒടുവിലാണ് ദേവനന്ദ തന്റെ അച്ഛന് കരള്‍ ദാനം ചെയ്യാനുള്ള കടമ്പ കടന്നത്.
വാര്‍ത്ത അറിഞ്ഞവരെല്ലാം ഈ പെണ്‍കുട്ടിയെ പുകഴ്ത്തുമ്പോള്‍ ദേവനന്ദ തന്റെ മനസ്സുതുറക്കുകയാണ്.. അച്ഛന് വേണ്ടി താന്‍ ചെയ്തത് ത്യാഗമല്ല മറിച്ച് അച്ഛന് വേണ്ടി ചെയ്യാന്‍ കഴിയുന്ന ഏറ്റവും ചെറിയ കാര്യമാണെന്നാണ് ഈ പെണ്‍കുട്ടി പറയുന്നത്..മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ദേവനന്ദ.

'പലരും ഇതൊരു ത്യാഗമായാണ് എടുക്കന്നത്. പക്ഷെ എനിക്ക് അച്ഛന് വേണ്ടി ചെയ്യാൻ കഴിയുന്ന ഏറ്റവും ചെറിയ കാര്യമാണ് ഇത്'- ദേവനന്ദ പറഞ്ഞു. ആദ്യം ദേവനന്ദയെ തീരുമാനത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ അച്ഛൻ ശ്രമിച്ചിരുന്നു. എന്തിനാണ് ഇങ്ങനെ ചെയ്യുന്നത്, ചെയ്യരുതെന്നെല്ലാം മകളോട് പറഞ്ഞിരുന്നതാണ് എന്നാൽ അവൾ നിലപാടിലുറച്ച് നിൽക്കുകയായിരുന്നുവെന്ന് അച്ഛൻ പറഞ്ഞു. 'ജീവിച്ച് കൊതി തീർന്നിട്ടില്ല, ഇനിയുമുണ്ട് ജീവിക്കാൻ.

ശസ്ത്രക്രിയയിലൂടെ മാത്രമേ മുന്നോട്ട് ജീവിക്കാൻ സാധിക്കൂ. മക്കളുടെ വളർച്ചയൊക്കെ കാണണ്ടേ ?'- അച്ഛൻ മാധ്യമങ്ങളോട് പറഞ്ഞു. മകൾ തന്നെയാണ് ഗൂഗിൾ നോക്കി വിവരങ്ങൾ തിരക്കുന്നതും, കോടതിയെ സമീപിക്കുന്നതമെന്നും അച്ഛൻ പറഞ്ഞു. നിലവിൽ അണുബാധയൊന്നും ഏൽക്കാതെ ശസ്ത്ര ക്രിയയ്ക്ക് ആശുപത്രി അധികൃതർ പറഞ്ഞതനുസരിച്ചുള്ള തയാറെടുപ്പിലാണ് താനെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് കരൾ നൽകാൻ 17വയസ്സുകാരി അനുമതി കോടതി വിധി വരുന്നത്. തൃശൂർ കോലഴി സ്വദേശി പി.പി. ദേവനന്ദ നൽകിയ ഹർജിയിലായിരുന്നു നടപടി.എറണാകുളത്തു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായ പിതാവിന് വേണ്ടിയാണ് പതിനേഴുകാരി കരൾ നൽകുന്നത്. നിയമപ്രകാരം പ്രായപൂർത്തിയാകാത്തവർക്ക് അവയവം ദാനം ചെയ്യാനാകില്ല. തന്റേത് പ്രത്യേക കേസായി പരിഗണിക്കണമെന്നായിരുന്നു ദേവനന്ദയുടെ ആവശ്യം.

പ്രതീഷിന് കരൾ നൽകാൻ ദാതാവിന് വേണ്ടി ഒരുപാട് അന്വേഷിച്ചുവെങ്കിലും അന്വേഷണത്തിൽ മറ്റു കുടുംബങ്ങളുടെ ആരുടെയും കരൾ ചേരാതെ വന്നു. 17 വയസു മാത്രം തികഞ്ഞ മകൾ ദേവനന്ദയുടെ കരൾ അനുയോജ്യമാണെന്ന് കണ്ടെത്തി. എന്നാൽ ദേവനന്ദ മൈനർ ആയത് നിയമതടസമാവുകയായിരുന്നു. തുടർന്ന് ദേവനന്ദ നൽകിയ റിട്ട് ഹർജിയിലാണ് അനുകൂല വിധിയുണ്ടായത്.

ദേവനന്ദയുടെ തീരുമാനത്തെ കോടതി അഭിനന്ദിക്കുകയും ചെയ്തു. നിയപരമായി വന്നുചേർന്ന പ്രതികൂല സാഹചര്യങ്ങളെ സ്ഥൈര്യത്തോടും ധീരതയോടും നേരിട്ട് തന്റെ പ്രിയ പിതാവിന് തന്റെ തന്നെ ജീവന്റെ ഒരു ഭാഗം പകുത്തു നൽകുന്നതിന് കാണിച്ച സന്നദ്ധതയെ കോടതി അഭിനന്ദിച്ചു. ദേവനന്ദയെപ്പോലെ ഒരു മകളെ ലഭിച്ചതിൽ മാതാപിതാക്കൾ അനുഗ്രഹീതരാണെന്നു കോടതി നിരീക്ഷിക്കുകയും ചെയ്‌തു. കോടതിയുടെ നിർദേശങ്ങളെ അനുസരിച്ച് അതിവേഗത്തിൽ പ്രതികരിച്ചതിനും കോടതി ആവശ്യപ്പെട്ട വിവരങ്ങൾ താമസം വരാതെ സമർപ്പിച്ചതിനും അപ്പ്രോപ്രിയേറ്റ് അതോറിറ്റിയെ കോടതി പ്രത്യേകമായി അനുമോദിക്കുകയും ചെയ്തു.












Click it and Unblock the Notifications