നടവരവില്ല, ശബരിമലയില്‍ തീര്‍ഥാടകരുടെ എണ്ണം കൂട്ടണമെന്ന ആവശ്യവുമായി ദേവസ്വം ബോര്‍ഡ്
പത്തനംതിട്ട: ശബരിമല മണ്ഡല, മകരവിളക്ക് തീര്‍ഥാടന കാലം തുടങ്ങിയ ശേഷം ഇന്ന് ആദ്യമായി രണ്ടായിരം പേര്‍ക്ക് പ്രവേശനം. തീര്‍ഥാടകരുടെ എണ്ണം കൂട്ടണമെന്നാണ് ദേവസ്വം ബോര്‍ഡിന്റെ ആവശ്യം. നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം ഈ ആഴ്ച്ച അന്തിമ തീരുമാനം ഉണ്ടായേക്കാനാണ് സാധ്യത.
കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി വാരന്ത്യങ്ങളില്‍ രണ്ടായിരം പേര്‍ക്കാണ് സന്നിധാനത്ത് ദര്‍ശനത്തിന് അനുമതി.തീര്‍ത്ഥാടനം തുടങ്ങിയ ശേഷമുള്ള ആദ്യ ശനിയാഴ്ച്ച മുന്‍ ദിവസങ്ങളില്‍ നിന്നും പ്രകടമായ വ്യത്യാസങ്ങള്‍ ഉച്ചവരെ ഉണ്ടായിട്ടില്ല. തിരക്കൊഴിഞ്ഞ നിലയിലാണ് സന്നിധാനം. കൂടുതലായും എത്തുന്നത് ഇതര സംസ്ഥാനത്ത് നിന്നുള്ള ഭക്തരാണ്. ഇന്ന് ഹരിവരാസനം പാടി നട അടക്കുംവരെയാണ് ഭക്തര്‍ക്ക് പ്രവേശനം.
നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്തി ആരോഗ്യ വകുപ്പുമായി കൂടി ആലോചിച്ച് കൂടുതല്‍ തീര്‍ഥാടകരെ ദര്‍ശനത്തിന് അനുവദിക്കണമെന്ന് ദേവസ്വം പ്രസിഡന്റ് എന്‍ വാസു മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, ശബരിമലയിലെ വരുമാനത്തിലും കാര്യമായ കുറവാണ് ഇത്തവണയുള്ളത്. കഴിഞ്ഞ വര്‍ഷം വൃശ്ചികം ഒന്നിന് 3.32കോടി രൂപയായിരുന്നു നടവരവ്. ഇത്തവണ നട തുറന്ന് ആറ് ദിവസം പിന്നിടുമ്പോഴും വരുമാനം അരക്കോടിയിലെത്തിയിട്ടില്ല.
ആദ്യ ദിവസത്തെ നടവരവ് പത്ത് ലക്ഷത്തില്‍ താഴെയാണ് . ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും നല്കാന് സര്‍ക്കാര്‍ സഹായം തേടിയിരിക്കുകയാണ് ദേവസ്വം ബോര്‍ഡ്. തീര്‍ഥാടന കാലത്ത് ഒരു ദിവസത്തെ ചിലവിന് തന്നെ 38 ലക്ഷം രൂപ വേണം . രൂക്ഷമായ സാമ്പത്തിക സ്ഥിതിയും സര്‍ക്കാരിനെ ബോധ്യപ്പെടുത്തി തിര്‍ഥാടകരുടെ എണ്ണം കൂട്ടാനാണ് ബോര്‍ഡിന്റെ ശ്രമം.