പറന്നുയരാനുള്ള വെമ്പലുമായി കാസര്‍കോട് ജില്ലാ പഞ്ചായത്തും
കാസർകോട്: കണ്ണൂര്‍ വിമാനത്താവളം യാഥാര്‍ത്ഥ്യത്തിലേക്കടുക്കുമ്പോള്‍ പറന്നുയരാനുള്ള കാസര്‍കോടിന്റെ മോഹങ്ങള്‍ക്ക് കാസര്‍കോട് ജില്ലാ പഞ്ചായത്ത് വിത്ത് പാകുകയാണ്. ഈ വര്‍ഷത്തെ ബജറ്റില്‍ പെരിയയില്‍ മിനി വിമാനത്താവളം എന്ന നിര്‍ദ്ദേശം മുന്നോട്ട് വെച്ചപ്പോള്‍ നിറഞ്ഞ പിന്തുണയുമായി നാടും ഒപ്പം ചേരുകയാണ്. ബേക്കലിന്റെയും അനുബന്ധ പ്രദേശങ്ങളുടെയും ടൂറിസം സാധ്യതകള്‍ക്ക് ഉണര്‍വ്വ് പകരുന്നതിനോടൊപ്പം കേന്ദ്ര സര്‍വ്വകലാശാലക്കും മിനി എയര്‍പോര്‍ട്ട് മുതല്‍ക്കൂട്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രഖ്യാപിക്കപ്പെട്ട ബേക്കല്‍ എയര്‍ സ്ട്രിപ്പ് പദ്ധതി എവിടെയുമെത്താതെ ഇഴഞ്ഞ് നീങ്ങുമ്പോള്‍ മിനി എയര്‍പോര്‍ട്ട് ലക്ഷ്യ പ്രാപ്തിയിലെത്തിക്കാമെന്ന ശുഭ പ്രതീക്ഷയാണ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍ പങ്കു വെക്കുന്നത്. കേന്ദ്ര സര്‍ക്കാറിന്റെ ഉഡാന്‍ എന്ന ചുരുക്ക പേരിലുള്ള ഉഡേ ദേശ് കാ ആം നാഗ്‌രിക് എന്ന പദ്ധതിയാണ് മിനി എയര്‍പോര്‍ട്ടെന്ന ആശയത്തിന് പ്രചോദനം പകരുന്നത്. ഉത്തരേന്ത്യയിലെ ചെറുപട്ടണങ്ങളില്‍ പോലും ഉഡാന്‍ പദ്ധതിയുടെ ചുവട് പിടിച്ച് ചെറുകിട വിമാനത്താവളങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞിട്ടുണ്ട്. ആഭ്യന്തര സര്‍വ്വീസുകള്‍ക്ക് മാത്രമാണ് അനുമതി ലഭിക്കുക. 450ഓളം യാത്രക്കാരെ കണ്ടെത്താന്‍ കഴിഞ്ഞാല്‍ ഇത്തരം എയര്‍പോര്‍ട്ടുകള്‍.

ലാഭകരമാക്കാമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഇത് സംബന്ധിച്ച് കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവള അധികൃതരുടെ നിര്‍ദ്ദേശങ്ങള്‍ തേടിയിരിക്കുകയാണ്. പൊതു സ്വകാര്യ പങ്കാളിത്തത്തില്‍ രാജ്യത്തെ മികച്ച മാതൃകകളിലൊന്നായ കിയാല്‍ അധികൃതരുമായുള്ള ചര്‍ച്ച കഴിഞ്ഞാല്‍ പെരിയ മിനി എയര്‍പോര്‍ട്ടിന്റെ ഏകദേശ ചിത്രം തെളിഞ്ഞുവരുമെന്നും എ.ജി.സി ബഷീര്‍ വ്യക്തമാക്കുന്നു. പ്രാരംഭ നടപടികള്‍ക്കായി 30 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളതെങ്കിലും ആവശ്യമെന്ന് കണ്ടാല്‍ കിയാല്‍ മോഡലില്‍ കമ്പനി രൂപീകരിച്ച് കൂടുതല്‍ മൂലധനം കണ്ടെത്താനാകുമെന്നും അദ്ദേഹം പറയുന്നു












Click it and Unblock the Notifications