Get Updates
Get notified of breaking news, exclusive insights, and must-see stories!

'ചെരുപ്പിന് അനുസരിച്ച് കാൽ മുറിക്കുന്ന വികസന തന്ത്രം'; യുഡിഎഫ് സർക്കാരിനെതിരെ തോമസ് ഐസക്

കേരള സമ്പദ്ഘടനയുടെ ഒരു അടിസ്ഥാന യാഥാർത്ഥ്യം ധനകാര്യ പ്രതിസന്ധിയാണെന്ന് തോമസ് ഐസക്. കേന്ദ്രസർക്കാർ കേരളത്തോട് കാണിക്കുന്ന വിവേചനമാണ് പ്രതിസന്ധിയുടെ അടിസ്ഥാന കാരണമെന്നും എന്നാൽ അതിനെക്കുറിച്ച് യുഡിഎഫ് ധവളപത്രത്തിൽ ഒന്നും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.കേന്ദ്രവുമായി ഒത്തുപോവുക. വരവും ചെലവും ഒപ്പിച്ചു കൊണ്ടുപോവുക. അതിനുവേണ്ടി ജനങ്ങളെക്കൊണ്ട് മുണ്ട് മുറുക്കി ഉടുപ്പിക്കുക. വികസനത്തിന്റെ കാര്യം അദാനിയെപ്പോലുള്ള കുത്തകകളെ ഏൽപ്പിച്ചുകൊടുക്കുക. ഇതാണ് യുഡിഎഫിന്റെ നയമെന്നും അദ്ദേഹം പോസ്റ്റിൽ പറഞ്ഞു. വായിക്കാം

'കഴിഞ്ഞ അഞ്ച് വർഷത്തെ ട്രഷറിയിലെ മാസംതോറുമുള്ള ക്യാഷ് ബാലൻസ് AI പ്ലാറ്റ് ഫോമിൽ അപ്പ്ലോഡ് ചെയ്തോയെന്ന എന്റെ ലളിതമായ ചോദ്യത്തിന് ഭരണക്കാരോ ധവളപത്രം തയ്യാറാക്കിയവരോ മറുപടി തന്നിട്ടില്ല. ഇത് പറയാനല്ല ഈ പോസ്റ്റ്. ധവളപത്രക്കാരും ഞങ്ങളും തമ്മിലുള്ള അടിസ്ഥാന സമീപനത്തിലുള്ള വ്യത്യാസം രേഖപ്പെടുത്താനാണ്. മരം മുഴുവൻ എണ്ണും, കാട് കാണില്ല എന്ന അവസ്ഥയിലാണ് പല വിദ്വാന്മാരും. കേരള സമ്പദ്ഘടനയുടെ ഒരു അടിസ്ഥാന യാഥാർത്ഥ്യം ധനകാര്യ പ്രതിസന്ധിയാണ്. ഇപ്പോൾ തുടങ്ങിയതല്ല. ഇത് രൂക്ഷമായിട്ട് ഏതാണ്ട് നാല് പതിറ്റാണ്ടായി. വരവും ചെലവും ഒത്തുപോകാതെ വരുമ്പോഴണല്ലോ പ്രതിസന്ധി. ആദ്യം വരുമാനത്തിന്റെ കാര്യം നോക്കാം.

isaa-

സംസ്ഥാന സർക്കാരിന്റെ റവന്യു വരുമാനത്തിന് രണ്ട് ഭാഗങ്ങളുണ്ട്. കേന്ദ്ര സഹായവും സംസ്ഥാനത്തിന്റെ തനതു വരുമാനവും. മറ്റെല്ലാ സംസ്ഥാനങ്ങളുടെയും വരുമാനത്തിന്റെ ഏതാണ്ട് പകുതി കേന്ദ്രം നൽകുന്നതാണ്. കേരളത്തിനാവട്ടെ, ഈ തോത് കുറഞ്ഞ് കുറഞ്ഞ് കഴിഞ്ഞ വർഷം 27 ശതമാനമായി. കേന്ദ്ര സഹായം കുറയുന്നതിനു കാരണം ധനകാര്യ കമ്മീഷന്റെ തീർപ്പ് നമുക്ക് എതിരാകുന്നതു മാത്രമല്ല, ധനകമ്മീഷൻ സഹായം കേന്ദ്ര സഹായത്തിന്റെ 60 ശതമാനമേ വരൂ. ബാക്കി കേന്ദ്രാവിഷ്കൃത പദ്ധതികളിലൂടെയും മറ്റും കൈമാറ്റം ചെയ്യുന്ന തുകകളിലും കേരളത്തോട് വലിയ വിവേചനമാണ് കേന്ദ്ര സർക്കാർ കാണിക്കുന്നത്. മാത്രമല്ല, സംസ്ഥാനങ്ങൾക്ക് പങ്കുവയ്ക്കേണ്ട തുക കൃത്രിമമായി നികുതിക്കു പകരം സെസും സർചാർജ്ജും മറ്റും ഏർപ്പെടുത്തി വെട്ടിക്കുറയ്ക്കുകയും ചെയ്യുന്നു.
ഇതാണ് പ്രതിസന്ധിയുടെ അടിസ്ഥാന കാരണം. എന്നാൽ അതിനെക്കുറിച്ച് ധവളപത്രത്തിൽ വലിയ മിണ്ടാട്ടമില്ല. നമ്മുടെ തനതു വരുമാനം വേണ്ടത്ര വർദ്ധിക്കാത്തതാണ് പ്രശ്നമായി കാണുന്നത്. പക്ഷേ, അതിനെക്കുറിച്ച് തെരഞ്ഞെടുപ്പുകാലത്ത് വ്യാജപ്രചാരണം നടത്തിയ കുറുക്കുവഴികളെക്കുറിച്ച് യുഡിഎഫ് ഇപ്പോൾ നിശബ്ദമാണ്.

ധനപ്രതിസന്ധിയുടെ കാലത്തും ജനങ്ങളുടെ ക്ഷേമപ്രവർത്തനങ്ങൾക്കും ജീവനക്കാരുടെയും ശമ്പളത്തിനും പെൻഷനുമെല്ലാം മുടക്കം വരാതിരിക്കാൻ വർഷംതോറും എടുക്കുന്ന വായ്പയിൽ ഒരുപങ്ക് റവന്യു ചെലവുകൾക്കാണ് എൽഡിഎഫ് സർക്കാർ ഉപയോഗിച്ചത്. ഇതൊരു പുതിയ കാര്യവുമല്ല. അരനൂറ്റാണ്ടായി ഇങ്ങനെയാണ് കാര്യങ്ങൾ. പക്ഷേ, ഇതാണ് ധവളപത്രം പ്രതിസന്ധിയുടെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിക്കുന്ന കാരണങ്ങളിലൊന്ന്. ഇന്നത്തെ സാഹചര്യത്തിൽ റവന്യു കമ്മി അനിവാര്യമാണെന്നാണ് ഞങ്ങളുടെ പക്ഷം.
ഏതായാലും ധവളപത്രക്കാർക്കും കുറുക്കുവഴികളൊന്നും ചൂണ്ടിക്കാണിക്കാനായില്ല. ഈയൊരു സാഹചര്യത്തിൽ കേരളം വ്യാവസായിക വളർച്ചയിൽ മുന്നേറണമെങ്കിൽ പശ്ചാത്തലസൗകര്യ പിന്നോക്കാവസ്ഥ പരിഹരിച്ചേ മതിയാകൂ. ഇതിനു കൂടുതൽ വായ്പകൾ കൂടിയേതീരൂ. പക്ഷേ, സംസ്ഥാനം കടക്കെണിയിലാണെന്ന വ്യാജപ്രചാരണം നടത്തുകയാണ്. കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് കേരളത്തിന്റെ കടം 93 ശതമാനമാണ് വർദ്ധിച്ചത്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് 91 ശതമാനവും രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് 60 ശതമാനവുമാണ് വർദ്ധിച്ചത്. യുഡിഎഫ് ഈ കടവർദ്ധന 50 ശതമാനമായെങ്കിലും വീണ്ടും കുറയ്ക്കുമെന്ന് കരുതട്ടെ. ഇതിനായി കാത്തിരിക്കുകയാണ്.
മൂലധനച്ചെലവിന് ആവശ്യമായ വിഭവം ബജറ്റിനു പുറത്ത് കണ്ടെത്താനാണ് കിഫ്ബി ആവിഷ്കരിച്ചത്. പക്ഷേ, ധവളപത്രം കിഫ്ബിക്ക് എതിരാണ്. ആയിക്കോട്ടെ. കിഫ്ബി വേണ്ടെങ്കിൽ വേണ്ട. പക്ഷേ, കിഫ്ബി വഴി തുടങ്ങിക്കഴിഞ്ഞ ഒരു പദ്ധതിപോലും വേണ്ടെന്നുവയ്ക്കാൻ ചിന്തിക്കുകയേ വേണ്ട. അതിനു സമ്മതിക്കില്ല. ഇത്തരം പദ്ധതികൾ ഇനിയും കൂടുതൽ വേണം. വഴി കണ്ടുപിടിക്കേണ്ട ചുമതല യുഡിഎഫിന്റേതാണ്. ധവളപത്രം പുതിയതായി കടമെടുക്കാനുള്ള ചില വഴികൾ പറഞ്ഞിട്ടുണ്ട്. ഞങ്ങൾ അതിനൊന്നും എതിരല്ല. കാര്യങ്ങൾ നടക്കണമെന്നേയുള്ളൂ.

ധവളപത്രത്തിനും ബദൽ മാർഗ്ഗങ്ങളിൽ അത്രയ്ക്ക് വിശ്വാസം പോര. അതുകൊണ്ട് അവർ കാണുന്ന പോംവഴി ചെലവ് നിയന്ത്രിക്കുക എന്നതാണ്: ഇതിനായി പൊതുമേഖലയുടെയും പൊതുസേവനങ്ങളിൽ പലതും സ്വകാര്യവൽക്കരിക്കേണ്ടിവരും. ശമ്പളപരിഷ്കരണം തൽക്കാലം ഉപേക്ഷിക്കണം. ഡിഎ നൽകുന്നത് മാറ്റിവയ്ക്കണം. പെൻഷൻ പ്രായം ഉയർത്തണം. തെളിച്ചു പറഞ്ഞിട്ടില്ലെങ്കിലും ക്ഷേമപദ്ധതികൾ കുറയ്ക്കണം. ഇന്ദിരാ ഗാരണ്ടി എത്രനാൾ നിൽക്കുമെന്ന് നമുക്ക് കാണാം.
ഒരു സംശയവും വേണ്ട. ഈ ദിശയിലുള്ള ഏത് നീക്കത്തെയും എൽഡിഎഫ് എതിർത്തു തോൽപ്പിക്കും. ഈയൊരു സമരത്തിൽ ഞങ്ങൾക്ക് ഇത്തവണ വോട്ട് ചെയ്യാത്തവരും അണിനിരക്കുമെന്നതിൽ സംശയം വേണ്ട.
യുഡിഎഫിന്റെ ധവളപത്രം ധനയാഥാസ്ഥികത്വത്തിന്റെ സാക്ഷ്യപത്രമാണ്. വരവും ചെലവും ബാലൻസ് ചെയ്യുകയാണ് അവരുടെ നിർവ്വാണ സായൂജ്യം. അതുകൊണ്ടാണ് എൽഡിഎഫ് ഭരണകാലത്ത് ചുരുങ്ങിയ പലിശയ്ക്കുള്ള എസ്.ഡി.എഫ് - വെയ്സ് ആന്റ് മീൻസ് വായ്പകൾ ചില വർഷത്തിൽ ഭൂരിപക്ഷം ദിവസങ്ങളിലും എടുത്തിട്ടുണ്ടെന്നു പറഞ്ഞ് ധനഅരാജകത്വം സ്ഥാപിക്കാൻ പേജുകൾ നീക്കിവയ്ക്കുന്നു. (ഇത് സംബന്ധിച്ച് എന്റെ പോസ്റ്റ് ആദ്യ കമന്റിൽ)

ഞങ്ങളുടെ ധനസമീപനം തികച്ചും വ്യത്യസ്തമാണ്. ഞങ്ങൾ തുടങ്ങുക ജനങ്ങളുടെ ക്ഷേമത്തിനും വികസനത്തിനും അത്യന്താപേക്ഷിതമായ പദ്ധതികൾക്ക് എന്ത് തുക വേണം എന്നുള്ള പരിശോധനയിൽ നിന്നാണ്. ഇതിനു നേർവിപരീതമാണ് യുഡിഎഫ്. ലഭ്യമായ തുകയ്ക്കനുസരിച്ച് ക്ഷേമവും വികസനവും പരിമിതപ്പെടുത്തുകയാണ് യുഡിഎഫിന്റെ സമീപനം.

എൽഡിഎഫ് അതിനു പകരം ക്ഷേമത്തിനും വികസനത്തിനും അനിവാര്യമായ പദ്ധതികൾക്ക് എങ്ങനെ പണം കണ്ടെത്താം എന്നാണ് നോക്കുക. കേന്ദ്ര-സംസ്ഥാന ബന്ധങ്ങൾ വരിഞ്ഞുമുറുക്കി ഇതിനുള്ള സ്വാതന്ത്ര്യം പരിമിതപ്പെടുത്താനാണ് കേന്ദ്ര ബിജെപി സർക്കാരിന്റെ പരിശ്രമം. എന്തെല്ലാം ഉപായങ്ങൾ ഉപയോഗിച്ച് ഇവരുടെ നീരാളി പിടിത്തത്തിൽ നിന്ന് രക്ഷപ്പെടാനാകുമോ അതെല്ലാം ചെയ്യാനാണ് ഞങ്ങൾ ചിന്തിച്ചിട്ടുള്ളത്.

ഇങ്ങനെയൊരു ചിന്തയുടെ ലവലേശം ധവളപത്രത്തിൽ ഇല്ല. കേന്ദ്രവുമായി ഒത്തുപോവുക. വരവും ചെലവും ഒപ്പിച്ചു കൊണ്ടുപോവുക. അതിനുവേണ്ടി ജനങ്ങളെക്കൊണ്ട് മുണ്ട് മുറുക്കി ഉടുപ്പിക്കുക. വികസനത്തിന്റെ കാര്യം അദാനിയെപ്പോലുള്ള കുത്തകകളെ ഏൽപ്പിച്ചുകൊടുക്കുക. ഇതാണ് യുഡിഎഫിന്റെ നയം. എൽഡിഎഫിന്റെ രാഷ്ട്രീയമാകട്ടെ ഇതിനു കടകവിരുദ്ധവും. ഇത് തമ്മിലുള്ള ഏറ്റുമുട്ടലാണ് വരാൻ പോകുന്ന കേരള രാഷ്ട്രീയത്തിന്റെ മുഖ്യധാരകളിലൊന്ന്'

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+