Devikulam Election Result Cancelled: ദേവികുളം തിരഞ്ഞെടുപ്പ് റദ്ദാക്കി, എ രാജ സഭയ്ക്ക് പുറത്തേക്ക്

ഇടുക്കി: ദേവികുളം മണ്ഡലത്തിലെ നിയമസഭ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കി. സി പി എം സ്ഥാനാർത്ഥി എ രാജയുടെ തെരഞ്ഞെടുപ്പ് ഫലമാണ് റദ്ദാക്കിയത്. യു ഡി എഫ് സ്ഥാനാർത്ഥി ഡി കുമാറിന്റെ പരാതിയിലാണ് ഹൈക്കോടതി നടപടി. പട്ടികജാതി സംവരണ മണ്ഡലമായ ദേവികുളത്ത് വ്യാജ സർട്ടിഫിക്കറ്റുകള്‍ നല്‍കിയാണ് ക്രൈസ്തവ വിഭാഗത്തില്‍പ്പെട്ട രാജ മത്സരിച്ചതെന്നായിരുന്നു യു ഡി എഫ് സ്ഥാനാർത്ഥിയുടെ ഹർജി. ക്രൈസ്തവ സഭാംഗങ്ങളായ രക്ഷിതാക്കളുടെ മകനായ രാജ ക്രൈസ്ത വിശ്വാസ പ്രകാരമാണ് ജീവിച്ച് വരുന്നതെന്നും പരാതിയില്‍ പറഞ്ഞിരുന്നു.
കഴിഞ്ഞ കുറച്ച് മാസങ്ങളായി കേസ് നടന്ന് വരികയായിരുന്നു. തിരഞ്ഞെടുപ്പ് വിജയത്തിന് തൊട്ടുപിന്നാലെയായിരുന്നു യു ഡി എഫ് സ്ഥനാർത്ഥിയുടെ ഹർജി. ഈ ഹർജിയില്‍ വാദം പൂർത്തിയാക്കിയാണ് ഹൈക്കോടതി വിധി പറഞ്ഞിരിക്കുന്നത്. കോടതി വിധിക്കെതിരെ രാജയ്ക്ക് അപ്പീല്‍ പോവാമെങ്കിലും രാഷ്ട്രീയപരമായി എല്‍ ഡി എഫിനേറ്റ കനത്ത തിരിച്ചടിയാണ് കോടതി വിധി. വിഷയം ചൂണ്ടിക്കാട്ടി മണ്ഡലത്തില്‍ യു ഡി എഫ് വലിയ രാഷ്ട്രീയ പ്രചരണവും നടത്തി വന്നിരുന്നു.

നാമനിർദേശ പത്രിക സമർപ്പിക്കുമ്പോള്‍ തന്നെ ഇത്തരം ഒരു ആരോപണം ഉയർന്ന് വന്നിരുന്നെങ്കിലും താന്‍ പിന്നോക്ക വിഭാഗക്കാരനാണെന്ന് വ്യക്തമാക്കുന്ന ഒരു സർട്ടിഫിക്കറ്റ് രാജ ഹാജരാക്കിയിരുന്നു. എന്നാല്‍ രാജയുടെ അവകാശവാദം തെറ്റാണെന്ന് തെളിയിക്കുന്ന തെളിവുകളുമായി യു ഡി എഫ് സ്ഥാനാർത്ഥി കോടതിയെ സമീപിക്കുകയായിരുന്നു.
അതേസമയം ഇത്തരമൊരു വിധി പ്രതീക്ഷിക്കാത്തതാണെന്നാണ് മുന്‍ എം എല്‍ എ എസ് രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടത്. ജനങ്ങളുടെ വിധി രാജയെ എം എല്‍ എയെ തിരഞ്ഞെടുക്കപ്പെട്ടു എന്നതാണ്. എന്തായാലും കോടതി വിധിക്കെതിരായി പാർട്ടി ആലോചിച്ച് തീരുമാനിച്ച് മുന്നോട്ട് പോവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും രാജേന്ദ്രന്‍ പറഞ്ഞു. ദേവികുളം മണ്ഡലത്തില്‍ രാജയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ പാർട്ടിയില്‍ നിന്നും നടപടി നേരിട്ട വ്യക്തിയാണ് എസ് രാജേന്ദ്രന്‍.
രൂപീകൃതമായ കാലം മുതല്‍ പട്ടികജാതി സംവരണമായ മണ്ഡലമാണ് ദേവികുളം. 2006 മുതല്‍ മൂന്ന് തവണ വിജയിച്ച എസ് രാജേന്ദ്രനെ ഒഴിവാക്കിയായിരുന്നു ഇത്തവണ രാജയെ മത്സരിപ്പിക്കാന്‍ സി പി എം തീരുമാനിച്ചത്. വാശിയേറിയ പോരാട്ടത്തിനൊടുവില്‍ ആറായിരത്തിലേറെ വോട്ടിനായിരുന്നു എ രാജയുടെ വിജയം. എല്‍ ഡി എഫ് സ്ഥാനാർത്ഥി 49,510 വോട്ടും, കോണ്‍ഗ്രസ് സ്ഥാനാർത്ഥി 43,728 വോട്ടുമായിരുന്നു നേടിയത്.












Click it and Unblock the Notifications