സെൻകുമാറിനെ തള്ളി ബെഹ്റ..! നടിയെ ആക്രമിച്ച കേസിൽ അന്വേഷണം ശരിയായ ദിശയിൽ..!
തിരുവനന്തപുരം: യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ അന്വേഷണം ശരിയായ ദിശയിലാണ് മുന്നോട്ട് പോകുന്നതെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. കേസന്വേഷണം സംബന്ധിച്ച് മുന്‍ പോലീസ് മേധാവി ടിപി സെന്‍കുമാര്‍, എഡിജിപി ബി സന്ധ്യയ്‌ക്കെതിരെ ഉന്നയിച്ച വിമര്‍ശനങ്ങളെ ബെഹ്‌റ തള്ളിക്കളഞ്ഞു. കേസിന്റെ അന്വേഷണ പുരോഗതി എല്ലാവരും അറിഞ്ഞിരുന്നതായി മനസ്സിലാക്കുന്നുവെന്നും ബി സന്ധ്യയ്ക്ക് അയച്ച കത്തില്‍ ഡിജിപി ചൂണ്ടിക്കാട്ടി. അന്വേഷണ ഉദ്യോഗസ്ഥനായ ദിനേന്ദ്ര കശ്യപ് ഇതുവരെയുള്ള പോക്കില്‍ ഒരു പരാതിയും ഉന്നയിച്ചിട്ടില്ലെന്നും ബെഹ്‌റ വ്യക്തമാക്കുന്നു. മാത്രമല്ല അന്വേഷണത്തിന്റെ ഇനിയുള്ള ഘട്ടങ്ങളിലും ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്നും ബെഹ്‌റ കത്തില്‍ പറയുന്നു.

നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം ശരിയായ ദിശയില്‍ അല്ലെന്നും ദിലീപിനെതിരെ തെളിവില്ലെന്നും ആയിരുന്നു സെന്‍കുമാറിന്റെ ആരോപണം. കേസില്‍ ഇപ്പോള്‍ നടക്കുന്നത് എഡിജിപി ബി സന്ധ്യയുടെ പബ്ലിസിറ്റി സ്റ്റണ്ടാണ്. അന്വേഷണ ഉദ്യോഗസ്ഥനായ ദിനേന്ദ്ര കശ്യപിനെ ഒരു വിവരവും അറിയിക്കുന്നില്ല. കേസില്‍ ഇതുവരെ സര്‍ക്കാരോ സിപിഎമ്മോ ഇടപെട്ടിട്ടില്ല. സ്വാമി കേസില്‍ ബി സന്ധ്യയ്ക്ക് ഉണ്ടായ ബാഡ് ഇമേജ് പരിഹരിക്കാനുള്ള ഇടപെടലാണ് ഇപ്പോഴത്തേത് എന്നും സെന്‍കുമാര്‍ ആരോപിച്ചു. സെന്‍കുമാറിന്റെ വിമര്‍ശനങ്ങള്‍ക്കെതിരെ ബി സന്ധ്യ പരാതിപ്പെട്ടിരുന്നു.












Click it and Unblock the Notifications