കൂടത്തായി കൊലപാതകം; കേസ് തെളിയിക്കുക വെല്ലുവിളി, അന്വേഷണം നേരായ വഴിക്കെന്ന് ഡിജിപി!
കോഴിക്കോട്: കൂടത്തായിയിൽ ആറ് പേരെ കൊലപ്പെടുത്തിയ സംഭവം പോലീസിനെ സംബന്ധിച്ച് വെല്ലുവിളി നിറഞ്ഞതാണെന്ന് ഡിജിപി ലോക്സനാഥ് ബെഹ്റ. ആറ് കൊലപാതകങ്ങളാണ് നടന്നിരിക്കുന്നത്. ഒരോന്നും പ്രത്യേകമായി അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. 17 വര്‍ഷം മുമ്പാണ് ആദ്യ കൊലപാതകം നടക്കുന്നത്. അവസാന കൊലപാതകം നടന്നത് മൂന്ന് വർഷം മുമ്പും. അതുകൊണ്ട് തന്നെ തെളിവുകൾ കണ്ടെത്തുക എന്ന് പറയുന്നത് വെല്ലുവിളിയാണെന്ന് അദ്ദേഹം പറഞ്ഞു.
കൊലപാതകങ്ങള്‍ പൊന്നാമറ്റത്തെ വീട് സന്ദർശിച്ച ശേഷം വടകര എസ്പി ഓഫീസിൽവെച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാഹചര്യ തെളിവുകള്‍, ശാസ്ത്രീയ തെളിവുകള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ കേസ് എടുക്കേണ്ടി വരും. അതുകൊണ്ട് തന്നെ വലിയൊരു സംഘത്തെ കേസ് അന്വേഷിക്കാൻ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രാഥമിക അന്വേഷണമാണ് ഇപ്പോൾ നടക്കുന്നത്. തൃപ്തികരമയാണ് അന്വേഷണം മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

തെളിവുകള്‍ കണ്ടെത്തുക എന്നതാണ് അന്വേഷണത്തിന്റെ മുഖ്യ ലക്ഷ്യം. എന്നാൽ അസാധ്യമായി ഒന്നുമില്ലെന്നും ഡിജിപി പറഞ്ഞു. ജോളിയില്‍ നിന്ന് കസ്റ്റഡി കാലാവധിക്കുള്ളില്‍ നിന്നുകൊണ്ട് പരമാവധി വിവരങ്ങള്‍ ശേഖരിക്കുക എന്നതാണ് പോലീസിന്റെ ലക്ഷ്യം. വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തെളിവുകൾ കണ്ടെത്തുമെന്നും ഡിജിപി പറഞ്ഞു.
കേരളാ പോലീസിലെ മിടുക്കരായ ഉദ്യോഗസ്ഥരാകും സംഘത്തില്‍ ഉണ്ടാകുക. ഇവര്‍ക്കൊപ്പം കേസില്‍ സഹായിക്കാന്‍ സാങ്കേതിക വിദഗ്ധരുമുണ്ടാകും. കേരളത്തിലേതുള്‍പ്പെടെ രാജ്യത്തെ മികച്ച ഫോറന്‍സിക് വിദഗ്ധരേയും അന്വേഷണത്തിന്റെ ഭാഗമാക്കും. കേസിന്റെ വിവിധ വശങ്ങള്‍ നിയമ വിദഗ്ധരുമായി സംസാരിച്ചിട്ടുണ്ടെന്നും ഡിജിപി പറഞ്ഞു. തെളിവുകള്‍ക്കായി ഫോറന്‍സിക് പരിശോധന രാജ്യത്തിനകത്തും പുറത്തും നടത്തേണ്ടിവരികയാണെങ്കില്‍ അതിനും തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications