ജിഷ്ണുവിന്റെ അമ്മയ്‌ക്കെതിരായ പോലീസ് അതിക്രമം; മുഖ്യമന്ത്രി ഇടപെട്ടു, ഐജിയെ തടഞ്ഞു, അന്വേഷണം
മഹിജയെ മര്‍ദ്ദിച്ചുവെന്ന് പറയുന്ന മ്യൂസിയം എസ്‌ഐക്കെതിരേ ഡിസിപി അരുള്‍ കൃഷ്ണയാണ് അന്വേഷണം നടത്തുക.
തിരുവനന്തപുരം: ജിഷ്ണുവിന്റെ അമ്മ മഹിജയെ ബലം പ്രയോഗിച്ച് പോലീസ് കസ്റ്റഡിയിലെടുത്തതില്‍ പ്രതിഷേധം വ്യാപിക്കുന്നു. ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ വിളിച്ച് മുതിര്‍ന്ന സിപിഎം നേതാവ് വിഎസ് അച്യുതാനന്ദന്‍ ശകാരിച്ചതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനും സംഭവത്തില്‍ ഇടപെട്ടു.
ഡിജിപിയോട് പേരൂര്‍ക്കട ആശുപത്രിയിലെത്തി മഹിജയെ കാണാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. ഡിജിപി ലോക്‌നാഥ് ബെഹറയുമായി ടെലിഫോണില്‍ ബന്ധപ്പെട്ടാണ് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയത്. തിരഞ്ഞെടുപ്പ് വേളയില്‍ സര്‍ക്കാരിനെ നാറ്റിക്കാനുള്ള ശ്രമമാണോ എന്നു വിഎസ് ഡിജിപിയോട് ചോദിച്ചു.

അതേസമയം, പേരൂര്‍ക്കട ആശുപത്രിയില്‍ മഹിജയെ സന്ദര്‍ശിക്കാനെത്തിയ ഐജി മനോജ് എബ്രഹാമിനെ കെഎസ്‌യു, ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞത് സംഘര്‍ഷ സാഹചര്യമുണ്ടാക്കി. പ്രവര്‍ത്തകരോട് മനോജ് എബ്രഹാം പരുഷമായാണ് പെരുമാറിയത്. അദ്ദേഹം മഹിജയുമായി സംസാരിച്ചു വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് ഉറപ്പുനല്‍കി.
മഹിജയെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും ഐജി കെഎസ്‌യു, ബിജെപി പ്രവര്‍ത്തകരോട് പറഞ്ഞു. ജിഷ്ണുവിന്റെ അമ്മയ്ക്ക് നീതി ലഭ്യമാക്കുമെന്നും ഐജി അറിയിച്ചു. മഹിജയെ അറസ്റ്റ് ചെയ്തു നീക്കിയ പോലീസുകാര്‍ക്കെതിരേ നടപടി വേണമെന്നായിരുന്നു പ്രവര്‍ത്തകരുടെ ആവശ്യം. ഇക്കാര്യത്തില്‍ നടപടിയുണ്ടാവുമെന്ന് ഐജി ഉറപ്പുനല്‍കി. സംഭവം അന്വേഷിക്കുമെന്നും മനോജ് എബ്രഹാം പറഞ്ഞു.
മഹിജയെ മര്‍ദ്ദിച്ചുവെന്ന് പറയുന്ന മ്യൂസിയം എസ്‌ഐക്കെതിരേ ഡിസിപി അരുള്‍ കൃഷ്ണയാണ് അന്വേഷണം നടത്തുക. ഡിജിപി മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം മഹിജയെ കാണാന്‍ പേരൂര്‍ക്കട ആശുപത്രയിലെത്തിയപ്പോള്‍ കോണ്‍ഗ്രസ്, ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ഇവിടെ ഏറെ നേരം സംഘര്‍ഷാവസ്ഥയായിരുന്നു. ഡിജിപി മഹിജയുമായി സംസാരിച്ചു. വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും ജിഷ്ണു കേസില്‍ പ്രതികളെ അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications