20 കോടി തട്ടിയ ധന്യ മോഹന്റെ പേരിൽ 5 അക്കൗണ്ടുകൾ, 6 ആഡംബര കാറുകൾ; വൻതുക ധൂർത്തടിച്ചു?
തൃശൃർ: തൃശൂരിലെ ധനകാര്യ സ്ഥാപനത്തിൽ നിന്ന് ഇരുപത് കോടി തട്ടിയ അസിസ്റ്റന്റ് ജനറൽ മാനേജർ ധന്യ മോഹന്റെ പേരിൽ അഞ്ച് അക്കൗണ്ടുകളുണ്ടെന്ന് പോലീസ് കണ്ടെത്തി. മാതാപിതാക്കളുടെയും ഭർത്താവിന്റെയും പേരിൽ മൂന്ന് അക്കൗണ്ടുകൾ വേറെയുണ്ടെന്നാണ് റിപ്പോർട്ട്. നാല് വർഷത്തിനിടെ ഈ അക്കൗണ്ടുകൾ മുഖേന എണ്ണായിരം തവണ പണം കൈമാറ്റം നടത്തി എന്നാണ് വിവരം. ആറ് ആഡംബര കാറുകളും ഇവർക്ക് സ്വന്തമായുണ്ട്.
ധന്യ മോഹന്റെ പേരിലുള്ള അക്കൗണ്ടുകളുടെ വിവരങ്ങൾ പോലീസ് ശേഖരിച്ചു. നാല് വർഷത്തിനിടെ എട്ട് അക്കൗണ്ടുകളിലായി എണ്ണായിരം സാമ്പത്തിക ഇടപാടുകൾ നടത്തി. വലപ്പാട്ടെ ആഡംബര വീട്ടിൽ ധന്യ തനിച്ചായിരുന്നു താമസം. വിദേശത്തായിരുന്ന ഭർത്താവിന് എൻ ആർ ഐ അക്കൗണ്ടുണ്ട്. കുഴൽപ്പണ സംഘങ്ങൾ വഴി എൻ ആർ ഐ അക്കൗണ്ടിലേക്ക് പണം അയച്ചിട്ടുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. നാല് വർഷത്തെ അക്കൗണ്ട് സ്റ്റേറ്റ്മെന്റ് പോലീസ് ശേഖരിച്ചു.

ഓൺലൈൻ റമ്മി കളിച്ച് രണ്ട് കോടി രൂപയോളം ധന്യ കളഞ്ഞിട്ടുണ്ട്. കൊല്ലത്തും വലപ്പാടും നാട്ടുകാരുമായി ഇവർക്ക് അത്ര അടുപ്പം ഉണ്ടായിരുന്നില്ല. ധന്യയുടെ അക്കൗണ്ടുകളിലുള്ള പണം മരവിപ്പിക്കാൻ നോട്ടീസ് നൽകി. ഇത് കൂടാതെ ധന്യയുടെയും ബന്ധുക്കളുടെയും പേരിലുള്ള സ്വത്തുകളെല്ലാം മരവിപ്പിക്കും എന്നാണ് വിവരം.
ഇരുപത് കോടി രൂപ മൊത്തത്തിൽ തിരിച്ച് പിടിക്കുക എന്നത് പ്രയാസമാകും. വൻതുക ധൂർത്തടിച്ച് കളഞ്ഞതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഈ തട്ടിപ്പിന് മറ്റാരെങ്കിലും കൂട്ടുനിന്നോ എന്നും പോലീസ് അന്വേഷിച്ച് വരികയാണ്. ധന്യ മോഹനെ തൃശൂർ വലപ്പാട് പോലീസ് വിശദമായി ചോദ്യം ചെയ്യും. വ്യാജരേഖ ചമച്ച് വ്യാജ വിലാസത്തിൽ വായ്പകൾ മാറ്റിയായിരുന്നു തുക തട്ടിയതെന്ന് പോലീസ് കണ്ടെത്തി.
തൃശൂരിലെ ധനകാര്യ സ്ഥാപനത്തിൽ നിന്ന് 20 കോടി തട്ടിയെടുത്ത കേസിലാണ് കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ ധന്യ കീഴടങ്ങിയത്. ധന്യ ഒളിവിൽ പോയിരുന്നു. പിന്നാലെ പോലീസ് ഇവർക്കായി ലുക്കൗട്ട് നോട്ടീസ് ഇറക്കിയിരുന്നു. അതിനിടെയാണ് കീഴടങ്ങിയത്.
അതേ സമയം, തട്ടിപ്പിനെക്കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകരോട് പരിഹാസത്തിലാണ് ധന്യ സംസാരിച്ചത്. കുറ്റം ചെയ്തിട്ടുണ്ടോ എന്ന ചോദ്യച്ചിന് എന്റെ ബാഗ് മുഴുവൻ കാശാണ്, നിങ്ങൾ വന്ന് എടുത്തോളൂ എന്നാണ് ധന്യ പറഞ്ഞത്. അഞ്ച് സെന്റ് സ്ഥലം ചന്ദ്രനിൽ വാങ്ങിച്ചിട്ടുണ്ടെന്നും ധന്യ പറഞ്ഞു. 18 വർഷമായി ധന്യ ഈ സ്ഥാപനത്തിൽ ജോലി ചെയ്യുന്നുണ്ട്. 5 വർഷമായി തട്ടിപ്പ് നടത്തുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്












Click it and Unblock the Notifications