തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ ധര്‍മജന്‍ സ്ഥലത്തുണ്ടാകുമോ? ഷൂട്ടിങ്ങിനായി നേപ്പാളില്‍
കോഴിക്കോട്: ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ ഭാഗത്ത് ഉണ്ടായിരുന്ന സെലിബ്രിറ്റി സ്ഥാനാര്‍ത്ഥിയാണ് ധര്‍മജന്‍ ബോള്‍ഗാട്ടി. ബാലുശ്ശേരിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിട്ടാണ് ധര്‍മജന്‍ മത്സരിക്കാനിറങ്ങിയത്.
എന്തായാലും വോട്ടെടുപ്പ് പൂര്‍ത്തിയായിക്കഴിഞ്ഞു. ഇനി ജനഹിതം അറിയാന്‍ മെയ് 2 വരെ കാത്തിരിക്കണം. തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ ധര്‍മജന്‍ കേരളത്തിലുണ്ടാകുമോ? നേപ്പാളിലാണ് ഇപ്പോള്‍ ധര്‍മജനുളളത്. വിശദാംശങ്ങള്‍...

ധര്‍മജന്‍ നേപ്പാളില്‍
രാജീവ് ഷെട്ടി സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണത്തിനായി ധര്‍മജന്‍ നേപ്പാളിലാണ് ഇപ്പോഴുള്ളത്. ബിബിന്‍ ജോര്‍ജ്ജ് ആണ് ഈ സിനിമയിലെ നായകന്‍. പ്രധാന വേഷത്തില്‍ തന്നെയാണ് ധര്‍മജനും ഈ സിനിമയില്‍ അഭിനയിക്കുന്നത്.

എന്ന് തിരിച്ചെത്തും
സിനിമയുടെ ചിത്രീകരണം എന്ന് പൂര്‍ത്തിയാകും എന്ന് അറിയില്ല. മെയ് 2 ആകാന്‍ ഇനി 17 ദിവസം കൂടി കാത്തിരിക്കണം. അതിന് മുമ്പ് ധര്‍ജമന്‍ എത്തുമോ എന്നാണ് ആരാധകരും ബാലുശ്ശേരിയിലെ വോട്ടര്‍മാരും ചോദിക്കുന്നത്.

വമ്പന്‍ പ്രചാരണം
ധര്‍മജന് വേണ്ടി പ്രചാരണത്തിനിറങ്ങാന്‍ ഇത്തവണ വന്‍ താരനിര തന്നെ രംഗത്തുണ്ടായിരുന്നു. അടുത്ത സുഹൃത്തായ രമേഷ് പിഷാരടി ബാലുശ്ശേരിയില്‍ ക്യാമ്പ് ചെയ്തുകൊണ്ടായിരുന്നു പ്രചാരണ പരിപാടിയില്‍ പങ്കെടുത്തത്. മറ്റ് സിനിമാ- മിമിക്രി താരങ്ങളും ധര്‍മജന് വേണ്ടി രംഗത്തുണ്ടായിരുന്നു.

എതിരാളി സച്ചിന്‍ ദേവ്
എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി സച്ചിന്‍ ദേവ് ആണ് ബാലുശ്ശേരി മണ്ഡലത്തില്‍ ധര്‍മജന്റെ എതിരാളി. സിപിഎമ്മിന്റെ സിറ്റിങ് മണ്ഡലമാണ് ബാലുശ്ശേരി എന്ന പ്രത്യേകതയും ഉണ്ട്. രണ്ട് ടേം നിബന്ധനയുടെ ഭാഗമായിട്ടാണ് സിറ്റിങ് എംഎല്‍എ ആയ പുരുഷന്‍ കടലുണ്ടിയെ മാറ്റി സിപിഎം സച്ചിന്‍ ദേവിനെ സ്ഥാനാര്‍ത്ഥിയാക്കിയത്.

പ്രീ പോളുകള്‍
മണ്ഡലം തിരിച്ചുള്ള പ്രീ പോള്‍ പ്രവചനങ്ങള്‍ അധികമൊന്നും പുറത്ത് വന്നിട്ടില്ല. എന്നാലും പുറത്ത് വന്ന പ്രീ പോള്‍ ഫലങ്ങള്‍ എല്ലാം പ്രവചിക്കുന്നത് ബാലുശ്ശേരിയില്‍ സിപിഎം സ്ഥാനാര്‍ത്ഥി വിജയിക്കും എന്നാണ്. കോഴിക്കോട് ജില്ലയില്‍ എന്തായാലും രണ്ട് പതിറ്റാണ്ടിനിടെ ഒരു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പോലും നിയമസഭയിലേക്ക് ജയിച്ച് എത്തിയിട്ടില്ല.

സെലിബ്രിറ്റികള്‍
യുഡിഎഫില്‍ ഇത്തവണ ധര്‍മജന്‍ ബോള്‍ഗാട്ടി മാത്രമാണ് സെലിബ്രിറ്റി സ്ഥാനാര്‍ത്ഥിയായി ഉള്ളത്. എല്‍ഡിഎഫില്‍ മുകേഷും ഗണേഷ് കുമാറും സ്ഥാനാര്‍ത്ഥികളാണ്. എന്‍ഡിഎയില്‍ സുരേഷ് ഗോപിയും കൃഷ്ണകുമാറും ആണ് സിനിമയില്‍ നിന്നുള്ള സെലിബ്രിറ്റി സ്ഥാനാര്‍ത്ഥികള്‍.

ധര്‍മജന്റെ സ്ഥാനാര്‍ത്ഥിത്വം
കോണ്‍ഗ്രസ് ആഭിമുഖ്യം നേരത്തേ തന്നെ വ്യക്തമാക്കിയിട്ടുള്ള ആളാണ് ധര്‍മജന്‍. കെഎസ് യു വിന്റേയും യൂത്ത് കോണ്‍ഗ്രസിന്റേയും പ്രവര്‍ത്തകനായിരുന്നു. സേവാദള്‍ വളണ്ടിയറും ആയിരുന്നു. എന്നാല്‍ ബാലുശ്ശേരിയില്‍ ധര്‍മജന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ തുടക്കത്തില്‍ ചില എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു. ദളിത് കോണ്‍ഗ്രസ് ആയിരുന്നു അന്ന് എതിര്‍പ്പുയര്‍ത്തിയത്. പിന്നീട് ഈ പ്രശ്‌നങ്ങള്‍ എല്ലാം പരിഹരിച്ചുകൊണ്ട് ശക്തമായ പ്രചാരണ പരിപാടികളാണ് കോണ്‍ഗ്രസ് ബാലുശ്ശേരിയില്‍ നടത്തിയത്.












Click it and Unblock the Notifications