ഡയമണ്ടും 18 കാരറ്റും ആളുകൾക്ക് പ്രിയം, വിലയും കൂടുതലില്ല, ഉടനെ തന്നെ പണയവും വെക്കാമെന്ന് ജസ്റ്റിൻ പാലത്ര
റോക്കറ്റ് പോലെ കുതിച്ചുയർന്ന സ്വർണ വില രണ്ട് ദിവസമായി കുത്തനെ താഴേക്കാണ്. ഇന്ന് ഗ്രാമിന് 790 രൂപ കുറഞ്ഞ് 14720 രൂപയിലെത്തി. പവന് 6320 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവന് വില 1,17,760 രൂപയിലെത്തി നിൽക്കുകയാണ്.
എന്നാൽ ഇതുകൊണ്ടൊന്നും ആളുകൾ ജ്വല്ലറികളിലേക്ക് തിരികെ വരുമെന്ന് പ്രതീക്ഷിക്കാനാകില്ലെന്ന് പറയുകയാണ് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ട് ജസ്റ്റിന്‍ പാലത്ര. കാരണം ഇനിയും വില കുറയുമെന്ന് കരുതി ആളുകൾ കാത്തിരിക്കും. മാത്രമല്ല 18 കാരറ്റ് സ്വർണത്തിനോടും ഡയമണ്ടിനോടുമാണ് ആളുകൾക്ക് ഇപ്പോൾ താൽപര്യം കൂടുതൽ. എന്നാൽ ഇവ വിറ്റാൽ നഷ്ടം സംഭവിക്കുമോ, പണയം വെക്കാൻ സാധിക്കുമോ എന്നുളള സംശയം ആളുകൾക്കുണ്ട്.
ഇതേക്കുറിച്ച് ജസ്റ്റിന്‍ പാലത്രയുടെ വാക്കുകൾ ഇങ്ങനെ: '' സ്വര്‍ണവില ഒരു ദിവസം കുറഞ്ഞു എന്നത് കൊണ്ട് ജനങ്ങള്‍ക്കത് ആശ്വാസമാകില്ല. കാരണം ഒരു ദിവസം കുറഞ്ഞാല്‍ അന്ന് കച്ചവമെല്ലാം കൂടി ഒരുമിച്ച് വരില്ല. വില ഒന്ന് സ്ഥിരമായി നിന്നാല്‍ മാത്രമേ ആളുകള്‍ വാങ്ങാന്‍ വരികയുളളൂ. പെട്ടെന്ന് വില ഉയര്‍ന്ന ഒരു വസ്തുവിന്റെ വില പെട്ടെന്ന് കുറയുമ്പോള്‍ ആളുകള്‍ കരുതും, കുറച്ച് കൂടി വില കുറയട്ടെ എന്നിട്ട് വാങ്ങാം എന്ന്.. അങ്ങനെ അവര്‍ നാലഞ്ച് ദിവസം കാത്തിരിക്കും.

അതിനിടയ്ക്ക് വീണ്ടും വില കൂടുകയാണെങ്കില്‍ കച്ചവടം നടക്കില്ല. ഇതാണ് സംഭവിക്കുന്നത്. വില ഇപ്പോള്‍ നല്ല രീതിയില്‍ തന്നെ കുറഞ്ഞിട്ടുണ്ട്. സ്വര്‍ണവില ഇനിയും കൂടും എന്നാണ് അനുമാനിക്കുന്നത്. ആഗോള പ്രശ്‌നങ്ങളും നയങ്ങളുമൊക്കെ അതിന് കാരണമാണ്. ആളുകള്‍ ഡോളറില്‍ നിന്ന് സ്വര്‍ണത്തിലേക്ക് മാറുകയാണ്. ഡോളറിന്റെ ഡിമാന്‍ഡ് കുറയുമ്പോള്‍ ആ നിക്ഷേപം മുഴുവന്‍ സ്വര്‍ണത്തിലേക്കാണ് പോകുന്നത്.
അപ്പോള്‍ രാജ്യങ്ങളെല്ലാം നിക്ഷേപമായി സ്വര്‍ണം വാങ്ങിക്കൂട്ടുകയാണ്. അപ്പോള്‍ ഡിമാന്‍ഡ് കൂടുകയും വില കൂടുകയും ചെയ്യുന്നു. വില ഇന്ന് കുറഞ്ഞു എന്നത് കൊണ്ട് ഇനിയും കുറയുമെന്ന് കരുതുന്നില്ല. 22 കാരറ്റ് സ്വര്‍ണം പോലെ തന്നെ ആളുകള്‍ക്ക് 18, 14, 9 കാരറ്റ് സ്വര്‍ണവും ആളുകള്‍ വാങ്ങി സൂക്ഷിക്കാം. കാരണം തിരിച്ച് കൊടുക്കുമ്പോള്‍ അതിന് ആനുപാതികമായ വില അവര്‍ക്ക് കിട്ടും.
18 കാരറ്റ് സ്വര്‍ണത്തിന് 22 കാരറ്റിന്റെ വില അല്ല വാങ്ങുന്നത്. അതത് വിഭാഗത്തിന് അതിന്റെ വിലയാണ്. ജനങ്ങളെ സംബന്ധിച്ച് ഏത് വാങ്ങിച്ചാലും നഷ്ടങ്ങളൊന്നും സംഭവിക്കില്ല. നിക്ഷേപമായി അതൊക്കെ സൂക്ഷിക്കാം. 18 കാരറ്റ് സ്വര്‍ണം നന്നായി വിറ്റ് പോകുന്നുണ്ട്. അതില്‍ ഹോള്‍ മാര്‍ക്കിംഗ് ചെയ്ത് പ്യൂരിറ്റി ഉറപ്പാക്കിയിട്ടുണ്ട്. 18 കാരറ്റ് സ്വര്‍ണം പണയമെടുക്കുമ്പോള്‍ അത് നോക്കി ഉറപ്പാക്കിയാല്‍ മതി. 18 കാരറ്റും ഉടനെ തന്നെ പണയം വെക്കാന്‍ സാധിക്കും.
മാത്രമല്ല ഡയമണ്ടും ഉടനെ തന്നെ പണയമെടുക്കാന്‍ തുടങ്ങും. ഡയമണ്ടിന്റെ വിലയില്‍ സ്വര്‍ണത്തെ പോലെ വലിയ വ്യത്യാസമൊന്നും വരുന്നില്ല. ഡയമണ്ട് പണമുളളവര്‍ക്ക് മാത്രം വാങ്ങിക്കാന്‍ പറ്റുന്ന ഒന്നാണ് എന്നുളള അവസ്ഥയൊക്കെ മാറി. ഇപ്പോള്‍ സാധാരണക്കാര്‍ വരെ ഡയമണ്ട് വാങ്ങുകയാണ്. ഡയമണ്ടിന്റെ കച്ചവടം ആ രീതിയിലേക്ക് ജനകീയവത്കരിച്ച് കഴിഞ്ഞു. 5000-7000 രൂപയൊക്കെ കൊടുത്ത് വാങ്ങാന്‍ കഴിയുന്ന ചെറിയ കമ്മലുകളും മൂക്കുത്തികളും ഒക്കെ ഇപ്പോള്‍ ഡയമണ്ടിലും ലഭ്യമാണ്. നല്ല സെയില്‍ ആണ് ഉളളത്, വിലയും കൂടുതലില്ല.












Click it and Unblock the Notifications