25 കോടി ഓണം ബംബറടിച്ച അനൂപ് പാപ്പരായോ? സ്വന്തമായി തുടങ്ങിയ ലോട്ടറിക്കട പൂട്ടി, പണമെല്ലാം എന്ത് ചെയ്തു?
തിരുവനന്തപുരം: 2022ലെ ഓണം ബംബര്‍ ഒന്നാം സമ്മാന ജേതാവ് ശ്രീവരാഹം സ്വദേശി അനൂപിനെ മലയാളികളാരും മറന്ന് കാണില്ല. ഓണം ബംബറിന്റെ സമ്മാനത്തുക 25 കോടിയിലേക്ക് ഉയര്‍ത്തിയ ചരിത്രപരമായ നറുക്കെടുപ്പിലെ ആദ്യഭാഗ്യവാന്‍ ആയിരുന്നു അനൂപ്. കോടികള്‍ സമ്മാനമടിച്ചപ്പോള്‍ ഉളള സന്തോഷത്തിനൊപ്പം അനൂപിന് വലിയ പ്രതിസന്ധികളും തരണം ചെയ്യേണ്ടതായി വന്നിരുന്നു.
ഒന്നാം സമ്മാനമായ 25 കോടിയില്‍ നികുതിയും കമ്മീഷനും കേന്ദ്രനികുതിയും എല്ലാം കഴിഞ്ഞ് 12 കോടിയാണ് അനൂപിന് ലഭിച്ചത്. കുറച്ച് പണം ഉപയോഗിച്ച് പുതിയ വീടും സ്ഥലവും അനൂപ് സ്വന്തമാക്കി. കുറച്ച് പണമെടുത്ത് ഭാഗ്യം കൊണ്ട് വന്ന ലോട്ടറിയെ മറക്കാതെ മണക്കാട് ജംഗ്ഷനില്‍ സ്വന്തമായി ലോട്ടറി ഷോപ്പ് തുടങ്ങി. ബാക്കി പണം ഫിക്‌സഡ് ഡെപ്പോസിറ്റായി ബാങ്കിലും നിക്ഷേപിച്ചു.

എഎം ലക്കി സെന്റര്‍ എന്ന ലോട്ടറി ഷോപ്പ് അത്ര വിജയകരമായി മുന്നോട്ട് കൊണ്ട് പോകാന്‍ അനൂപിന് സാധിച്ചില്ല. ലോട്ടറിക്കച്ചവടം അവസാനിപ്പിച്ച ശേഷം അനൂപ് ഇപ്പോള്‍ എന്ത് ചെയ്യുകയാണ്? സമ്മാനമായി ലഭിച്ച കോടികള്‍ ധൂര്‍ത്തടിച്ച് കളഞ്ഞോ? ബംബര്‍ ലോട്ടറി അടിച്ച് കോടികള്‍ നേടിയ പലരും പാപ്പരായ കഥകള്‍ നമ്മള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ അനൂപ് അങ്ങനെയല്ല.
ലോട്ടറിക്കച്ചവടം അവസാനിപ്പിച്ച് ഹോട്ടല്‍ ബിസിനസ്സിലേക്ക് തിരിഞ്ഞിരിക്കുകയാണ് അനൂപ്. തിരുവനന്തപുരത്ത് കൈതമുക്കിലാണ് അനൂപ് ഹോട്ടല്‍ ആരംഭിച്ചിരിക്കുന്നത്. ഹാപ്പി റെസ്റ്റോറന്റ് എന്നാണ് അനൂപിന്റെ പുതിയ ഹോട്ടലിന്റെ പേര്. ബംബര്‍ അടിച്ച സമയത്ത് തന്നെ തനിക്ക് സ്വന്തമായി ഹോട്ടല്‍ തുടങ്ങണം എന്നുളള ആഗ്രഹം അനൂപ് പ്രകടിപ്പിച്ചിരുന്നു. നേരത്തെ വലിയശാലയില്‍ രുചിക്കട എന്ന പേരില്‍ അനൂപ് ഒരു ചെറിയ ഹോട്ടല്‍ ആരംഭിച്ചിരുന്നു. ഇത് വിജയകരമായി മുന്നോട്ട് പോകുന്നതിനിടെയാണ് രണ്ടാമത് ഒരു സംരംഭത്തിന് കൂടി അനൂപ് തുടക്കം കുറിച്ചിരിക്കുന്നത്.
വലിയ സന്തോഷത്തിലാണ് താനെന്ന് അനൂപ് പറയുന്നു. ഇത് താന്‍ അത്രത്തോളം ആഗ്രഹിച്ച ഒരു സംരംഭം ആണ്. ലോട്ടറി അടിച്ച പണം പാഴാക്കാതെ രണ്ട് വര്‍ഷം കാത്തിരുന്ന്, വളരെ അധികം പ്ലാന്‍ ചെയ്താണ് ഹോട്ടല്‍ തുടങ്ങിയത്. നല്ലരീതിയില്‍ പോകണം എന്നാണ് ആഗ്രഹിക്കുന്നു, അനൂപ് പറഞ്ഞു. പണ്ടത്തെ പോലെ ഇല്ലെങ്കിലും ഇപ്പോഴും സാമ്പത്തിക സഹായം ചോദിച്ച് തന്റെ അടുത്തേക്ക് ആളുകള്‍ വരാറുണ്ടെന്ന് അനൂപ് പറയുന്നു.
കൂടുതലും ഫോണ്‍ വിളിച്ചാണ് സഹായം ചോദിക്കുന്നതെന്നും അനൂപ് പറഞ്ഞു. നമ്മള്‍ സഹായം കൊടുക്കാതിരിക്കുമ്പോള്‍ അവരുടെ ഭാഗത്ത് നിന്ന് മോശം പെരുമാറ്റം ഉണ്ടാകുന്നുണ്ടെന്നും അനൂപ് പറഞ്ഞു. ഹോട്ടല്‍ തുടങ്ങുക എന്നത് തന്റെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നത് കൊണ്ട് 2 വര്‍ഷം അതിന് വേണ്ടി മാറ്റി വെച്ച് കാര്യങ്ങള്‍ പഠിച്ചു. ലോട്ടറി ഷോപ്പ് മാമന് വേണ്ടി തുടങ്ങിയതായിരുന്നു. എന്നാല്‍ താന്‍ ഇല്ലാതെ അത് കൊണ്ട് പോകല്‍ ബുദ്ധിമുട്ടായത് കൊണ്ട് നിര്‍ത്തിയതാണെന്നും അനൂപ് പറയുന്നു.












Click it and Unblock the Notifications