Get Updates
Get notified of breaking news, exclusive insights, and must-see stories!

പിണറായി ‘പ്രതിപക്ഷത്ത്’- മനഃപൂർവം തോൽപ്പിച്ചെന്ന് വീണ, കോഴിക്കോട്ട് സിപിഎം വോട്ടുകൾ ബിജെപിയിലേക്ക് ചോർന്നോ?

കേരള നിയമസഭ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടി സംബന്ധിച്ച ചർച്ചകളിൽ പരാജയത്തി​ന്റെ 'കാരണഭൂതനായി’ മുൻ മുഖ്യമന്ത്രി പിണറായി വിജയനെ ഉയർത്തി കാട്ടേണ്ടതില്ലെന്ന് സിപിഎം പോളിറ്റ് ബ്യൂറോ നേരത്തേ അഭിപ്രായപ്പെട്ടതാണ്. പിണറായി മുന്നിൽ നിന്ന് നയിക്കുകയാണ് ചെയ്തതെന്നും പരാജയത്തിന്റെ മുഴുവൻ ഉത്തരവാദിത്തവും അദ്ദേഹത്തിന്റെ തലയിൽ കെട്ടിവെക്കാൻ നോക്കേ​​ണ്ടെന്നുമുള്ള ക്ലിൻചിറ്റ് ആണ് പോളിറ്റ് ബ്യൂറോ നൽകിയത്. എന്നാൽ, തെരഞ്ഞെടുപ്പ് പരാജയം സംബന്ധിച്ച ചർച്ച ചെയ്യാൻ ചേർന്ന പല സിപിഎം ജില്ലാ കമ്മിറ്റി യോഗങ്ങളിലും 'പ്രതിപക്ഷ സ്ഥാന’ത്തുള്ളത് പിണറായി വിജയനാണ്. കൂട്ടിന് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമുണ്ട്.

സിപിഎമ്മിന്റെ കൊല്ലം, പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് യോഗങ്ങളിലാണ് പിണറായി വിജയനെതിരായ അഭിപ്രായങ്ങൾ ഉയർന്നത്. പിന്നാലെ പത്തനംതിട്ട ജില്ലാ കമ്മിറ്റിയിലും ഇത് ആവർത്തിക്കപ്പെട്ടു. പരാജയകാരണങ്ങൾ ചർച്ച ചെയ്യുന്ന യോഗങ്ങളിൽ ആരെയും ഭയക്കാതെ അഭിപ്രായങ്ങൾ തുറന്നുപറയാമെന്നുള്ള എം.വി. ഗോവിന്ദന്റെ നിർദേശം പാർട്ടി പ്രവർത്തകർ ഏറ്റെടുത്തെന്ന് സാരം. മുഖ്യമന്ത്രി എന്ന നിലയിൽ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ പോലും തയ്യാറാകാത്ത പിണറായി വിജയനെ എന്തിന് പ്രതിപക്ഷ നേതാവാക്കിയെന്ന വിമർശനമാണ് പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റിൽ പ്രധാനമായും ഉയർന്നത്. പിണറായി വീണ്ടും പാർട്ടി അണികളെ വെല്ലുവിളിക്കുകയാമെന്ന അഭിപ്രായവുമുണ്ടായി.

pinarayi-veena-2

പ്രായപരിധിയിൽ ഇളവ് നൽകിയത് മുഖ്യമന്ത്രിയാകുന്നതിനുവേണ്ടി മാത്രമാണെന്നും അതുകൊണ്ട് അടിയന്തരമായി മറ്റാരെങ്കിലും പ്രതിപക്ഷനേതൃപദവി ഏറ്റെടുക്കണമെന്നും ഇല്ലെങ്കിൽ കൂടുതൽ തകർച്ചയുണ്ടാകുമെന്നും ജില്ലാ സെക്രട്ടറിയേറ്റിൽ മുന്നറിയിപ്പുണ്ടായി. ഭാര്യയെ സംരക്ഷിക്കാൻ ഇറങ്ങിയ എം.വി. ഗോവിന്ദൻ പാർട്ടിയെ സംരക്ഷിക്കാൻ മറന്നുപോയി എന്ന വിമർശനം സംസ്ഥാന നേതാക്കളുൾപ്പെടെയുള്ളവർക്ക് നിശബ്ദരായിരുന്ന് കേൾക്കേണ്ടി വന്നു. 'പാർട്ടിയെ നോക്കുകുത്തിയാക്കി പ്രവർത്തിച്ച മന്ത്രിമാർ ജനത്തെ പാർട്ടിയിൽനിന്ന്‌ അകറ്റി. കമ്യൂണിസ്റ്റ് പാരമ്പര്യം ഇല്ലാതെ വന്നപലരും വഴി മറന്നവരായി മാറി. മുഖ്യമന്ത്രിയുടെയും ചില മന്ത്രിമാരുടെയും പെരുമാറ്റരീതിയും ശൈലികളും കമ്യൂണിസ്റ്റ് വിരുദ്ധമായിരുന്നു.’- വീണ ജോർജിന്റെ സാന്നിധ്യത്തിൽ ഉയർന്ന വിമർശനങ്ങളാണ് ഇവ.

പിണറായി വിജയനെ വീണ്ടും പ്രതിപക്ഷ നേതാവ് എന്ന നിലയിലുള്ള ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തേക്ക് കൊണ്ടുവന്നതിൽ വലിയ വിമർശനമാണ് പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗത്തിലും ഉയർന്നത്. പേരാവൂരിൽ കെ.കെ. ശൈലജയെ മത്സരിപ്പിക്കാതെ പിണറായി തന്നെ മത്സരിക്കണമായിരുന്നുവെന്ന് വിമർശനമുയർന്നു. 'ഇളവ് നേടി പാർട്ടിയെ വിജയത്തിലേക്ക് നയിക്കാനാണ് മൂന്നാമതും മത്സരത്തിനിറങ്ങിയതെങ്കിൽ പേരാവൂരിൽ കെ.കെ. ശൈലജയ്ക്ക് പകരം പിണറായി തന്നെ മത്സരിക്കണമായിരുന്നു. ശൈലജയെ വിജയസാധ്യതയുള്ള മറ്റൊരു സീറ്റിൽ മത്സരിപ്പിക്കാമായിരുന്നു. പാർട്ടിയെ വിജയത്തിലേക്ക് നയിക്കാൻ ഇറങ്ങിയ പിണറായി നേരിട്ട് കടുത്ത മത്സരങ്ങളിൽ ഏർപ്പെടണമായിരുന്നു’- അംഗങ്ങൾ ചൂണ്ടിക്കാട്ടി.

ഭരണരംഗത്തെ പോരായ്മകളും പാർട്ടി നേതൃത്വത്തിന്റെ തീരുമാനങ്ങളുമാണ് പരാജയത്തിന് കാരണമായതെന്ന രൂക്ഷ വിമർശനവുമുയർന്നു. മന്ത്രിയുടെ പ്രവർത്തനരീതി ജനങ്ങളിൽനിന്ന് അകന്നുപോകുന്ന തരത്തിലുള്ളതായിരുന്നുവെന്നാണ് മുൻ മന്ത്രി വീണ ജോർജിനെതിരേ ഉയർന്ന വിമർശനം. പാർട്ടി പ്രവർത്തകർക്ക് പോലും ആവശ്യങ്ങൾക്ക് ഫോണിൽ വിളിച്ചാൽ കിട്ടാത്ത രീതിയിലായിരുന്നു മന്ത്രിയുടെ ഇടപെടലെന്നും ഈ സമീപനം തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണമായെന്നും വിമർശനമുയർന്നു. തുടർച്ചയായ വിവാദങ്ങളിൽ അകപ്പെട്ടതും അവയെക്കുറിച്ച് കൃത്യമായ വിശദീകരണം നൽകാൻ കഴിയാതെപോയതും വീണ ജോർജിനെതിരേ പ്രധാന പരാതികളായി ഉയരുകയും ചെയ്തു.

അതേസമയം, തനിക്ക് ഈ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താത്പര്യമില്ലായിരുന്നെന്നും പാർട്ടി നേതൃത്വത്തിന്റെ നിർബന്ധത്തിന് വഴങ്ങിയാണ് സ്ഥാനാർഥിയായതെന്നും ചില പാർട്ടി നേതാക്കൾ തന്നെ മനഃപൂർവം തോൽപ്പിക്കാൻ ശ്രമിച്ചുവെന്നുമുള്ള ഗുരുതര ആരോപണങ്ങളാണ് വീണ ജോർജ് ഉന്നയിച്ചത്. ഇത്തവണ തന്നെ ഒഴിവാക്കണമെന്ന് ജില്ലാ നേതൃത്വത്തെ മുൻകൂട്ടി അറിയിച്ചതാണ്. എന്നാൽ, മറ്റ് സ്ഥാനാർഥികൾ ഇല്ലെന്ന് പറഞ്ഞ് ജില്ലാ നേതൃത്വം തന്നെ നിർബന്ധിച്ച് മത്സരിപ്പിക്കുകയായിരുന്നു. എ. പത്മകുമാർ ഉൾപ്പെടെയുള്ള ചില നേതാക്കൾ തനിക്കൊപ്പം ഉണ്ടായിരുന്നില്ലെന്നും ഇതാണ് തിരിച്ചടിക്ക് കാരണമായതെന്നും വീണ തുറന്നടിച്ചു. തെരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന ഓമല്ലൂർ ശങ്കരൻ സ്ഥാനം ഒഴിഞ്ഞത് താനുമായുള്ള പ്രശ്‌നങ്ങൾ മൂലമാണെന്ന തെറ്റിദ്ധാരണ ജനങ്ങൾക്കിടയിൽ ഉണ്ടായതും തോൽവിക്ക് കാരണമായതായി വീണ ചൂണ്ടിക്കാട്ടി.

പിണറായിക്കെതിരെ പത്തനംതിട്ടയിലേതിന് സമാനമായ വിമർശനങ്ങളാണ് കൊല്ലം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലും ഉയർന്നത്. പുതുതലമുറയ്ക്ക് വഴിയൊരുക്കുന്നതിനുപകരം പിണറായി വീണ്ടും പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുത്തത് ശരിയായില്ലെന്നായിരുന്നു പ്രധാന വിമർശനം. പിണറായി നയിച്ചതാണ് കനത്ത തോൽവിക്ക് കാരണം. അദ്ദേഹം മാറിനിന്ന് പുതിയ ടീം നയിക്കണമായിരുന്നു. മുഖ്യമന്ത്രിക്കെതിരായ വോട്ട് കേരളത്തിലുടനീളം ഉണ്ടായി. വീട്ടിൽ പോയി ചോദിക്ക്, ഡാഷ് മോനേ തുടങ്ങിയ പരാമർശങ്ങൾ ജനങ്ങൾക്കിടയിൽ അവമതിപ്പുണ്ടാക്കിയെന്നും അംഗങ്ങൾ ചൂണ്ടിക്കാട്ടി.

സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റായ സന്ദേശം നൽകി. പയ്യന്നൂരിലെ രക്തസാക്ഷിഫണ്ട് വിവാദം, തളിപ്പറമ്പ് സ്ഥാനാർഥി നിർണയം എന്നിവയിലൂടെ പാർട്ടിതന്നെ യുഡിഎഫിന് വിജയിക്കാനുള്ള സാഹചര്യം ഒരുക്കുകയായിരുന്നു. മേൽത്തട്ടിൽ ചില നേതാക്കളെ പ്രീണിപ്പിച്ചതാണ് അടിയൊഴുക്കുണ്ടാകാൻ കാരണം. ജനവികാരം മനസ്സിലാക്കാൻ സംസ്ഥാന നേതൃത്വത്തിന് കഴിഞ്ഞില്ല. പാർട്ടി കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങൾക്ക് ജനമനസ്സ് മനസ്സിലാക്കാൻ കഴിയുന്നില്ലെന്ന വിമർശനവും ഉയർന്നു.

പാർട്ടിക്കും മുന്നണിക്കും ഉള്ളിൽനിന്നുതന്നെ വലിയനിലയിൽ വോട്ട് ചോർന്നു. ശക്തികേന്ദ്രങ്ങളിലെ തോൽവിയും വോട്ടുചോർച്ചയും ഇതിന് തെളിവാണ്. നേതാക്കളുടെ ധാർഷ്ട്യം ജനങ്ങളെ പാർട്ടിയിൽ‌നിന്ന് അകറ്റി. ഈ ജനവികാരം മനസ്സിലാക്കാൻ പാർട്ടിക്കും നേതാക്കൾക്കും കഴിഞ്ഞില്ല. ന്യൂനപക്ഷ വിഭാഗങ്ങൾ പൂർണമായും എൽഡിഎഫിനെ കൈവിട്ടു. കൊല്ലത്ത് ഇടതുമുന്നണിക്കുണ്ടായ വൻതകർച്ച ആഴത്തിൽ പരിശോധിക്കണമെന്നും നേതാക്കൾക്ക് ഇതിൽ കൃത്യമായ പങ്കുണ്ടെന്നും വിമർശനമുണ്ടായി.

പാർട്ടിയുടെ ശക്തികേന്ദ്രമായ കോഴി​ക്കോട് ജില്ലയിലെ ഇടതുകോട്ടകളിലുണ്ടായ വോട്ടുചോർച്ച അപ്രതീക്ഷിതമാണെന്നും പാർട്ടി തിരുത്തൽ നടത്തി മുന്നോട്ടുപോകണമെന്നും ജില്ല സെക്രട്ടേറിയറ്റ് യോഗത്തിൽ നിർദേശമുയർന്നു. കോഴിക്കോട് നോർത്ത് ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽപ്പോലും ബിജെപി വലിയ മുന്നേറ്റം നടത്തി. സിപിഎമ്മിന് പരമ്പരാഗതമായി കിട്ടുന്ന വോട്ടുകളാണ് ബിജെപിയിലേക്ക്‌ ചോർന്നത്. ഇത് അപകടമാണെന്നും പരിഹാരം വേണമെന്നും അല്ലെങ്കിൽ ഭാവിയിൽ തിരിച്ചടിയുണ്ടാകുമെന്നും അംഗങ്ങൾ ചൂണ്ടിക്കാട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+