കീർത്തി 'വാശി'യിൽ ടൊവീനോയെക്കാൾ പ്രതിഫലം വാങ്ങിയോ?; വിമർശനങ്ങൾക്ക് സുരേഷ് കുമാറിന്റെ മറുപടി
താരങ്ങൾ ഉയർന്ന പ്രതിഫലം വാങ്ങുന്നതിനെതിരെ കഴിഞ്ഞ ദിവസം നിർമ്മാതാവ് സുരേഷ് കുമാർ തുറന്നടിച്ചിരുന്നു. കോടികളാണ് പലപ്പോഴും ആവശ്യപ്പെടുന്നതെന്നും നിർമ്മാതാവിന്റെ സാഹചര്യം പോലും പരിഗണിക്കുന്നില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്. നേരത്തേയും സമാന രീതിയിലുള്ള വിമർശനങ്ങൾ സുരേഷ് കുമാർ ഉന്നയിച്ചിട്ടുണ്ട്. എന്നാൽ മകൾ കീർത്തി സുരേഷിന്റെ പ്രതിഫലം ചൂണ്ടിക്കാട്ടി അന്നൊക്കെ ചിലർ സുരേഷിനെതിരെ രംഗത്തെത്തിയിരുന്നു. കോളിവുഡിൽ ഉയർന്ന പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാളാണ് കീർത്തി.
ഇപ്പോഴിതാ അത്തരം വിമർശനങ്ങൾക്ക് മറുപടി പറയുകയാണ് സുരേഷ് കുമാർ. സുരേഷ് കുമാർ സംവിധാനം ചെയ്ത വാശി എന്ന ചിത്രത്തിൽ ടൊവീനോയ്ക്ക് ഒപ്പം അഭിനയിക്കാൻ കൂടുതൽ പണം കീർത്തി ആവശ്യപ്പെട്ടോ എന്ന ചോദ്യത്തിനോടായിരുന്നു പ്രതികരണം. മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിലെ വാക്കുകൾ

'വാശി സിനിമയിൽ ബജറ്റിന്റെ പ്രശ്നം ഉണ്ടായില്ല. ടൊവീനോ കൂടുതൽ പ്രതിഫലം വേണമെന്ന ആവശ്യം ഉന്നയിച്ചിട്ടില്ല. അവർ ആ രീതിക്കാണ് പടത്തിൽ അഭിനയിച്ചത്. അതുകൊണ്ടാണ് ആ പടത്തിൽ ലാഭം ഉണ്ടാക്കാൻ സാധിച്ചത്. വിട്ടുവീഴ്ച്ചക്ക് തയ്യാറാകുന്നവരുണ്ട്. ടൊവീനോ വാശിയിൽ അഭിനയിച്ചപ്പോൾ അങ്ങനെയൊരു പ്രതിഫലമല്ല ചോദിച്ചത്. ചിലപ്പോൾ കൂടുതൽ വാങ്ങിയിട്ടുണ്ടാകാം. മര്യാദക്കാരായ പല ആർട്ടിസ്റ്റുകളും ഉണ്ട്. അടച്ചാക്ഷേപിക്കുകയാണെന്ന് വിചാരിക്കരുത്. പക്ഷെ പലരും വാങ്ങുന്നത് കൂടുതലാണ്.
നമ്മുടെ കൂടെ സഹകരിച്ച് നിന്ന് ജോലി ചെയ്യാൻ തയ്യാറാകുന്നവരും ഉണ്ട്, ഫോണടുക്കാൻ തയ്യാറാകാത്തവരും ഉണ്ട്. കീർത്തി സുരേഷിന് ഞാൻ എന്റെ കൈയ്യിൽ ഉള്ള പ്രതിഫലമാണ് കൊടുത്തത്. പലരും ഞാൻ വിമർശിക്കുമ്പോൾ പറയാറുണ്ട്, പ്രതിഫലം കുറച്ചുവാങ്ങാൻ മകളോടും പറയണമെന്ന്. ഞാൻ അവളോടും അത് തന്നെയാണ് പറയാറുള്ളത്. പ്രൊഡ്യൂസർ ഉണ്ടെങ്കിലെ സിനിമയുള്ളൂ. സിനിമയിൽ 10 വർഷം അഭിനയിച്ച് കഴിഞ്ഞപ്പോൾ എല്ലാ പ്രൊഡ്യൂസേഴ്സിനും ഒരു മൊമന്റോ അവൾ അയച്ച് കൊടുത്തത്.
അവൾ നമ്മുടെ ജീവിതം കണ്ട് വളർന്നയാളാണ്. മുങ്ങിപ്പോയി, പിന്നെ സ്വിമ്മിങ് പൂളീന്ന് പൊങ്ങി വരുന്നത് പോലെ പൊങ്ങി വരുന്നത് അവൾ കണ്ടിട്ടുണ്ട്. എന്റെ കഷ്ടപ്പാടുകളെല്ലാം അവൾ കണ്ടിട്ടുണ്ട്. ഞാൻ 35 പടം എടുത്തിട്ടുണ്ടെങ്കിൽ അതിൽ 15 പടവും ഫ്ലോപ്പായിരുന്നു. രണ്ട് പടത്തിന്റെ ലാഭമായിരിക്കും ഒറ്റപ്പടത്തിൽ നഷ്ടപ്പെടുന്നത്. അതൊക്കെ കണ്ടുവളർന്നത് കൊണ്ട് അവൾക്ക് കാര്യങ്ങൾ മനസിലാകും.
വേണ്ടി വന്നാൽ താരങ്ങൾ വാങ്ങുന്ന പ്രതിഫലം വൈകാതെ പുറത്തുവിടേണ്ടി വരും. ഇപ്പോൾ പറയാൻ നിൽക്കുന്നില്ല. ചൊടിപ്പിക്കാൻ നിൽക്കുന്നില്ല. ആരേയും ചൊടിപ്പിക്കാൻ അല്ല,നമ്മുടെ ബുദ്ധിമുട്ടുകൾ പറയുകയാണ്. നിർമ്മാതാക്കൾക്ക് കഷ്ടപ്പാട് വരുമ്പോൾ അവർക്ക് എന്തെങ്കിലും ചെയ്ത് കൊടുക്കാമെന്ന് കലാകാരൻമാർ ആലോചിക്കേണ്ടേ, അല്ലാതെ വെറും കച്ചവടക്കാരെ പോലെ പെരുമാറരുത്. നിർമ്മാതാവിന് ബുദ്ധിമുട്ട് വന്നാൽ അവരെ താങ്ങി നിർത്തേണ്ട ഉത്തരവാദിത്തവും മനസും നടൻമാർ കാണിക്കണം.
മോഹൻലാലും മമ്മൂട്ടിയുമൊക്കെ പ്രതിഫലം കുറക്കണം. അവരൊക്കെ ഇപ്പോൾ കോടികൾ വാങ്ങുന്നത് എത്ര വർഷം കഴിഞ്ഞാണെന്നോ. ഞാൻ മഹാസമുദ്രം എടുക്കുമ്പോൾ ലാലിന്റെ പ്രതിഫലം ഒരു കോടി പോലും ആയിട്ടില്ല. എത്ര കൊല്ലം കഴിഞ്ഞെന്ന് ആലോചിക്കണം ആ സമയത്ത്. ഇന്നത്തെ താരങ്ങൾ രണ്ട ്പടം കഴിഞ്ഞാൽ കോടികളാണ് ഡിമാന്റ് ചെയ്യുന്നത്. മമ്മൂട്ടിയും മോഹൻലാലും കൊടുത്ത ഹിറ്റുകളൊന്നും ഇനി ആരും ഉണ്ടാക്കില്ല. നിർമ്മാതാക്കളെ മനസിലാക്കുന്നവരാണ് അവർ. പുതിയ തലമുറയും അത്തരത്തിൽ മനസിലാക്കണം', സുരേഷ് കുമാർ പറഞ്ഞു.












Click it and Unblock the Notifications