'ചൂര മീനായത് കൊണ്ട് പിണറായി എഴുന്നേറ്റ് പോയി', സി ദിവാകരന് മറുപടിയുമായി ആനത്തലവട്ടത്തിന്റെ മകൻ ജീവ
മുഖ്യമന്ത്രി പിണറായി വിജയന്റെ ഭക്ഷണ ശീലങ്ങളെ കുറിച്ച് സിപിഐ നേതാവ് സി ദിവാകരന്റെ പ്രതികരണം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. പിണറായി എ ക്ലാസ് മീനുകള്‍ മാത്രമേ കഴിക്കൂ എന്നും ആനത്തലവട്ടം ആനന്ദന്റെ വീട്ടില്‍ ഭക്ഷണം കഴിക്കാന്‍ ചെന്നപ്പോള്‍ നെയ്മീന്‍ അല്ല ചൂരയാണെന്ന് കണ്ട് പിണറായി എഴുന്നേറ്റ് പോയിട്ടുണ്ട് എന്നുമാണ് സി ദിവാകരന്‍ അഭിമുഖത്തില്‍ പറഞ്ഞത്.
ഇതോടെ പിണറായിക്കെതിരെ ട്രോളുകളുമായി എതിര്‍രാഷ്ട്രീയക്കാരും രംഗത്ത് ഇറങ്ങിയിട്ടുണ്ട്. ഇതിന് പിന്നാലെ ആനത്തലവട്ടം ആനന്ദിന്റെ മകന്‍ ജീവ ആനന്ദന്‍ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ്. പിണറായി ഭക്ഷണം കഴിക്കാന്‍ തങ്ങളുടെ വീട്ടില്‍ വന്നതിനെ കുറിച്ച് ഫേസ്ബുക്ക് പോസ്റ്റില്‍ ജീവ ആനന്ദന്‍ വിശദീകരിക്കുന്നു.
ജീവ ആനന്ദന്‍ പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: '' ഭക്ഷണത്തിന്റെ രാഷ്ട്രീയം. പാർടിയുടെ തലമുതിർന്ന സഖാക്കൾ ഇ.എം.എസ്സും ബി.ടി.ആറും തുടങ്ങി സാധാരണ സഖാക്കളും നാട്ടുകാരുമൊക്കെ വീട്ടിൽ നിന്നും ഭക്ഷണം കഴിച്ചിട്ടുണ്ട്. വിശപ്പിന്റെ വില നന്നായി അറിയുന്നവരാണ് കമ്മ്യൂണിസ്റ്റുകാർ. അതുകൊണ്ടു തന്നെ കിട്ടുന്ന ഭക്ഷണം കഴിക്കും. പരാതി പറഞ്ഞതായി ഇന്നു വരെ കേട്ടിട്ടില്ല. അമ്മയ്ക്ക് ഭക്ഷണവും മരുന്നാണ്.. ഇതു വീട്ടിൽ വരുന്ന പല സഖാക്കൾക്കും അറിയാം. പലപ്പോഴും ഗുണമുള്ള മലക്കറി സൂപ്പും പലധാന്യ കുറുക്കുമെല്ലാം രുചിയില്ലെങ്കിലും ഗുണത്തെ ഓർത്തു പലരും കുടിച്ചിട്ടുണ്ട്.

സഖാവ് ഇ.എം.എസ് കഴിക്കുന്ന ഭക്ഷണ രീതി കണ്ടും കേട്ടുമാണ് വളർന്നിട്ടുള്ളത്. ഭക്ഷണം കഴിച്ചു കഴിഞ്ഞ പാത്രത്തിൽ കളയാൻ ഒന്നും കാണില്ല. എല്ലാം കഴിച്ചു പാത്രത്തിൽ എന്തെങ്കിലും പറ്റിയിരുന്നാൽ അതും എടുത്തു കഴിച്ച് ക്ലീൻ ആക്കി വയ്ക്കും. ഞങ്ങൾ കഴിക്കുമ്പോൾ ഒരു ചോറു താഴെ പോയാൽ അതെടുത്ത് കഴിച്ചേ മതിയാകൂ. കളയാൻ അമ്മ സമ്മതിക്കില്ല. ചോറു താഴെ പോയാൽ അപ്പോൾ സഖാവ് ഇ.എം.എസ്. ഭക്ഷണം കഴിക്കുന്ന രീതി പറഞ്ഞു തരും. തെരഞ്ഞെടുപ്പു കാലങ്ങളിലും പാർടി സമ്മേളനങ്ങൾ നടക്കുമ്പോഴും നേതാക്കൾ ചിറയിൻകീഴ് വരുമ്പോൾ ഭക്ഷണം തയ്യാറാക്കാറുണ്ടായിരുന്നു.
നേതാക്കൾക്ക് ഭക്ഷണത്തിൽ എന്തെങ്കിലും പ്രത്യേകത ഉണ്ടെങ്കിൽ അതു എ.കെ.ജി. സെന്ററിൽ നിന്നും വിളിച്ചറിയിക്കും. സ. ഇ.എം.എസ്സിനു കറികളിൽ ഉപ്പും എരിവും പുളിയുമൊന്നും പാടില്ല. തേങ്ങാപ്പാലിൽ മീൻ വേവിച്ച് അതിൽ ഒരു തക്കാളി അരിഞ്ഞു ഇടും. അങ്ങിനെയാണ് സ. ഇ.എം.എസ്. കഴിക്കുന്നത്. ബി.ടി.ആറിനും എരിവും ഉപ്പും പാടില്ല. ബി.ടി.ആറിനു തയ്യാറാക്കിയ ഭക്ഷണം പാത്രത്തിലാക്കി പ്രത്യേകം പേരെഴുതി ഒട്ടിച്ചു വച്ചിരുന്നു എന്നു അമ്മ ഓർക്കുന്നു. സ. ഗൌരിയമ്മയ്ക്ക് പൊടിയരി കഞ്ഞിയും കായ് കൊണ്ടുള്ള അവിയലും. അതിൽ കടുക് വറുക്കാൻ പാടില്ല. കുഞ്ഞന്മാർക്ക് കൊടുത്തോടൊ എന്നു ചോദിച്ചിട്ടേ സ. ഗൌരിയമ്മ കഴിക്കൂ... സുശീല സഖാവിനു എന്തു കൊടുത്താലും കഴിക്കും.. അതു കൊണ്ടു തന്നെ അമ്മയ്ക്ക് ടെൻഷനുമില്ല.
അമ്മയ്ക്ക് ഇപ്പോഴും വിഷമമുള്ളത് ഒരു ദിവസം ഉച്ചയ്ക്ക് ഊണു നേരം കഴിഞ്ഞ ശേഷം അച്ഛൻ പിരപ്പൻകോട് മുരളി സഖാവിനെയും കൊണ്ടു വന്നപ്പോൾ ചോറും കുറച്ച് നെത്തോലിക്കറിയും മാത്രമാണ് ഉണ്ടായിരുന്നത്. കൊടുത്ത ഭക്ഷണം കഴിച്ചു സഖാവ് സന്തോഷത്തോടെ പോയി. നായനാർ സഖാവ് പല പ്രാവശ്യം വീട്ടിൽ നിന്നും ഭക്ഷണം കഴിച്ചിട്ടുണ്ട്. സഖാവ് വി.എസ്. ഒരിക്കൽ എത്തുമെന്ന് പറഞ്ഞ ദിവസം വന്നില്ല. പക്ഷെ പിന്നൊരിക്കൽ വന്നപ്പോൾ കൂവരക് കാച്ചിയത് കുടിച്ചു, ഒരു പഴവും കഴിച്ചു. മറ്റു ഭക്ഷണമൊന്നും കഴിച്ചില്ല.
കാട്ടായിക്കോണം സഖാവ് എല്ലാ അശ്വതി-ഭരണി ഉത്സവത്തിനും അശ്വതി ദിവസം ആശാരി സഖാവും ആയി എത്തുമായിരുന്നു. ആൽത്തറമൂട് കരയിൽ തിരുവിഴ ജയശങ്കറിന്റെ നാഗസ്വരവും വളയപ്പെട്ടി സുബ്രഹ്മണ്യത്തിന്റെ തകിലും കേൾക്കാൻ. അപ്പോൾ വീട്ടിൽ നിന്നും ഭക്ഷണം കഴിക്കും. പിണറായി സഖാവ് ഒരിക്കൽ വീട്ടിൽ നിന്നും ഭക്ഷണം കഴിച്ചിട്ടുണ്ട്. ഭക്ഷണം കഴിക്കുന്നതിനിടയിൽ മുഖമുയർത്തി നോക്കി നിൽക്കുന്ന സ്ത്രീകളിലൊരാളെ ചൂണ്ടി ഇതാണോ ആനന്ദന്റെ ഭാര്യ എന്നു ചോദിച്ചു. അപ്പോൾ അടുത്ത നിന്ന അമ്മയെ ചൂണ്ടി അച്ഛൻ പരിചയപ്പെടുത്തി. ഭക്ഷണമെല്ലാം കഴിച്ചു സന്തോഷത്തോടെ അമ്മയോടും യാത്ര പറഞ്ഞാണ് അന്നു പോയത്.
കരിമീനും പരിച്ചിലുമായിരിക്കും മിക്കവാറും നേതാക്കൾ വരുമ്പോൾ ഉള്ള സ്പെഷ്യൽ. നാട്ടിലെ സഖാക്കളാണ് മീൻ എത്തിക്കുന്നത്. നക്സൽ മാമൻ, തുളസി മാമൻ എന്നിവരൊക്കെ. ഭക്ഷണം പാചകം ചെയ്യാൻ അമ്മയെ സഹായിക്കാനായി ഭാരതി അമ്മ വരും. ഭാരതി അമ്മ സൂപ്പറായി മീൻകറി വയ്ക്കും. അമ്മ ചപ്പാത്തി ഉണ്ടാക്കും. അതിനു മാവു കുഴയ്ക്കാനും മറ്റും ഞങ്ങളും സഹായിക്കും. ഒരിക്കൽ കൊഞ്ച് നുള്ളിയെടുത്തത് ഞാനായിരുന്നു.. ഭക്ഷണം വിളമ്പാൻ സഹായിക്കുന്നത് കനകൻ മാമൻ (സ. കനകദാസ്) ആണ്. മാമൻ ആകുമ്പോൾ എല്ലാർക്കും വിളമ്പി എത്തിക്കും.
മേൽപ്പറഞ്ഞവർ മാത്രമല്ല, മുതിർന്ന സഖാക്കളും മന്ത്രിമാരും ഉദ്യോഗസ്ഥരുമെല്ലാം പലപ്പോഴും വീട്ടിൽ വന്നിട്ടുണ്ട്, ഭക്ഷണം കഴിച്ചിട്ടുമുണ്ട്. 2016, 2017 ഓണത്തിനുള്ള വള്ളംകളിക്കു പക്ഷേ വീട്ടിൽ തയ്യാറാക്കിയ ഭക്ഷണമല്ലായിരുന്നു. പുറത്തു നിന്നും വരുത്തി നല്കുകയായിരുന്നു. അച്ഛൻ എം.എൽ.എ ആയിരുന്ന കാലഘട്ടത്തിലൊക്കെ അവധി ദിവസങ്ങളിൽ അച്ഛനെ കാണാൻ വരുന്നവരൊക്കെ പോയി അച്ഛനും ഇറങ്ങിയ ശേഷമായിരുന്നു ഞാൻ ഭക്ഷണം കഴിച്ചിരുന്നത്. കാരണം വരുന്നവരിൽ ചിലരോടെങ്കിലും ഭക്ഷണം കഴിച്ചോ എന്നു അച്ഛൻ ചോദിക്കുമ്പോൾ കഴിച്ചില്ല എന്നു പറഞ്ഞാൽ ലൈലേ... കാപ്പി കൊടുക്കൂ എന്ന് വിളിച്ചു പറയും. ഉണ്ടാക്കിയ ഭക്ഷണം തീർന്നു പോയാൽ അമ്മയ്ക്ക് അങ്കലാപ്പാകും. ഇതു മനസ്സിലാക്കി ഞാൻ അത്തരം ദിവസങ്ങളിൽ ആളൊഴിഞ്ഞ ശേഷം ഉച്ചയോടെ ആയിരിക്കും രാവിലത്തെ ഭക്ഷണം കഴിക്കാറുണ്ടായിരുന്നുള്ളൂ.. ഇതൊന്നും പറയണമെന്ന് വിചാരിച്ചതല്ല..''
-
ബിജെപിയും സിപിഐഎമ്മും തമ്മിൽ രഹസ്യ ധാരണയെന്ന് വി ഡി സതീശൻ -
ചരിത്രം രചിച്ചവര്‍; രാഷ്ട്രീയത്തിലെ ക്യാപ്റ്റനും ദീദിയും: തുടര്‍ഭരണം ഉറപ്പാക്കിയ മുഖ്യമന്ത്രിമാര്‍ -
നാട്ടിലേക്കുളള യാത്ര മുടങ്ങി പ്രവാസികൾ, അടിയന്തര കേന്ദ്ര ഇടപെടൽ വേണമെന്ന് മുഖ്യമന്ത്രി -
സ്വര്‍ണം ഇടിഞ്ഞു വീണു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുറവ്, ആഭരണം വാങ്ങാം, പവന് വില അറിയാം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍; ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
'അഖിൽ മാരാർക്ക് സീറ്റ് കൊടുത്തത് ആ ഭയം കൊണ്ടാകും, പ്രാക്കും കാർക്കിച്ച് തുപ്പും ഭയന്ന് അവർക്ക് വോട്ട് കിട്ടും'












Click it and Unblock the Notifications