ദിലീപ് പീഡിപ്പിച്ചിരുന്നുവെങ്കിൽ കുഴപ്പമില്ലെന്ന്? ആ പെൺകുട്ടി ഞാൻ തന്നെയാണ്, വിശദീകരിച്ച് അഭിഭാഷക ടിബി മിനി
നടിയെ ആക്രമിച്ച സംഭവുമായി ബന്ധപ്പെട്ട് നടത്തിയ അഭിമുഖത്തിലെ പ്രസ്താവന വിവാദമായതിന് പിന്നാലെ വിശദീകരണവുമായി അതിജീവിതയുടെ അഭിഭാഷക ടിബി മിനി രംഗത്ത്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ദിലീപ് ആണ് പീഡിപ്പിച്ചിരുന്നുവെങ്കിൽ കുഴപ്പമില്ലായിരുന്നു, ഇത് തീരെ അറിയാത്ത ആളുകളാണ് എന്ന് ടിബി മിനി പറഞ്ഞതായി സോഷ്യൽ മീഡിയയിൽ വ്യാപക പ്രചാരണം നടക്കുന്നുണ്ട്.
ഇത്തരം പ്രചാരണത്തിൽ സത്യമില്ലെന്നും താൻ പറഞ്ഞതിൽ ഒരു വാചകം മാത്രം അടർത്തിയെടുത്താണ് പ്രചാരണമെന്നും ടിബി മിനി പറഞ്ഞു. തനിക്കെതിരെ ദിലീപും സംഘവും നടത്തുന്ന സൈബർ ആക്രമണവും കൊലവിളിയും ഞാൻ ശരിയായിരുന്നു എന്ന് തെളിയിക്കുകയാണ്. തളരാൻ ഉദ്ദേശിക്കുന്നില്ല എന്നും ടിബി മിനി പ്രതികരിച്ചു.
'' പ്രിയ കൂട്ടുകാരെ ചിലയാളുകൾ ദിലീപ് റേപ് ചെയ്താൽ കുഴപ്പമില്ല എന്ന് ഞാൻ പറഞ്ഞു എന്നു പറഞ്ഞ് പ്രചരിപ്പിക്കുന്നുണ്ട്. അതിൽ ഒരു സത്യവും ഇല്ല. ഇയാൾ ചെയ്ത തെറ്റിന്റെ ആഴവും അപമാനവും പറഞ്ഞതിന്റെ തുടർച്ചയായി ആണ് ഞാൻ ഇത് എക്സ്പ്ലെയിൻ ചെയ്തത്. സെന്റൻസ് അടർത്തി എടുത്ത് ആർമാദിക്കുന്നവരോട് സഹതാപം മതി. 12 -ാം തിയ്യതിക്ക് ശേഷം നമ്മൾ വിശദീകരിക്കും.

റേപ് തന്നെ ക്രൈം ആണ് കൊട്ടേഷൻ കൊടുത്ത് ചെയ്യിക്കുമ്പോഴത് ഡബിൾ റേപ് ആണ്. നിങ്ങളുടെ അറിവിലേക്ക് പറഞ്ഞതാണ്. ഞാൻ തന്നെയാണ് ആ പെൺകുട്ടി എന്ന് വിചാരിച്ച് നടക്കുന്ന ഒരാളാണ് ഞാൻ. അതിലപ്പുറം എൻ്റെ സഹോദരിയാണ് എന്ന് കരുതി രാപ്പകലില്ലാതെ അവരുടെ നീതിക്കു വേണ്ടി അദ്ധ്വാനിക്കുന്ന എന്നെ അപകീർത്തിപ്പെടുത്തുക അവരുടെ ലക്ഷ്യം ആണ്. ഞാനതിൽ കുലുങ്ങില്ല. ക്രിമിനൽസിന്റെയല്ല കേരള സമൂഹം'', ടിബി മിനി സോഷ്യൽ മീഡിയയിൽ കുറിച്ചു.
ഈ നാടായ നാട് മുഴുവൻ ആ പെൺകുട്ടി ഒരു വക്കീലിനെ അന്വേഷിച്ച് നടന്നിട്ടുണ്ട്. ആരും തയ്യാറായില്ല. അതുകൊണ്ടാണ് താൻ ഏറ്റെടുത്തത്. മേൽക്കോടതിയിൽ പ്രതീക്ഷയുണ്ട്. എങ്ങനെയാണ് പ്രോസിക്യൂഷൻ കേസ് നടത്തിയത് എന്നും എന്തൊക്കെ തെളിവുകൾ കൊടുത്തുവെന്നും 12ാം തിയ്യതിക്ക് ശേഷം തുറന്ന് പറയും. ഇത് സമൂഹത്തിന്റെ നിലനിൽപ്പുമായി ബന്ധപ്പെട്ട കേസാണ്. അത് കൊണ്ട് എല്ലാം തുറന്ന് പറയുമെന്നും ടിബി മിനി പറയുന്നു. തന്നെ ടാർഗറ്റ് ചെയ്യുകയാണ്. അതിൽ ഒരു പ്രശ്നമില്ല. കാരണം താൻ ചെയ്തത് ശരിയാണ് എന്ന് വ്യക്തമാകുകയാണെന്നും അതിൽ അഭിമാനം ഉണ്ടെന്നും ടിബി മിനി പ്രതികരിച്ചു.












Click it and Unblock the Notifications