'സ്വന്തം ശരീരസുഖത്തിനാണോ ജനപ്രതിനിധിയായത്, ഉഭയസമ്മതെന്ന്, കുറ്റം ചെയ്തില്ലെന്നല്ല';ഭാഗ്യലക്ഷ്മി
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷവിമർശനവുമായി നടിയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. സ്വന്തം ശരീരസുഖത്തിനാണോ ജനപ്രതിനിധിയായതെന്നും പാലക്കാട്ടെ ജനങ്ങളെ ഇയാൾ വഞ്ചിച്ചുവെന്നും ഭാഗ്യലക്ഷ്മി കുറിച്ചു. മൂന്ന് പരാതികളിലും എന്ന് അവർ ചോദിച്ചു. വന്ന മൂന്ന് പരാതികളിലും ഉഭയസമ്മതം എന്ന് മാത്രമാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ വാദം. അല്ലാതെ കുറ്റം ചെയ്തിട്ടില്ല എന്നല്ല. ഉഭയസമ്മതത്തോടെയാണോ ഇല്ലയോ എന്നതല്ല.ഇങ്ങനെ നാടുനീളെ നടന്ന് സ്ത്രീകളെ വരുതിയിലാക്കാനും വഞ്ചിക്കാനുമാണോ ഇയാൾക്ക് ജനം വോട്ട് ചെയ്തതെന്ന് ഭാഗ്യലക്ഷ്മി ചോദിച്ചു. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം.
'ഞാനാലോചിക്കുകയാണ്, ഒന്നാമതും രണ്ടാമതും മൂന്നാമതും വന്ന പരാതിയിലും ഉഭയസമ്മതം എന്ന് മാത്രമാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ വാദം. അല്ലാതെ കുറ്റം ചെയ്തിട്ടില്ല എന്നല്ല. ഉഭയസമ്മതത്തോടെയാണോ ഇല്ലയോ എന്നതല്ല ഇതിൽ ഞാൻ കാണുന്ന പ്രശ്‌നം. ഇയാളൊരു ജനപ്രതിനിധിയല്ലേ? ഇങ്ങനെ നാടുനീളെ നടന്ന് സ്ത്രീകളെ വരുതിയിലാക്കുക, സാമ്പത്തികമായി മുതലെടുക്കുക, വഞ്ചിക്കുക. ഇതിന് വേണ്ടിയാണോ ജനം ഇയാളെ വോട്ട് ചെയ്ത് വിജയിപ്പിച്ചത്? വോട്ട് ചെയ്തവർ ഇപ്പോൾ ആരായി. അവരും അപമാനിതരാവുന്നില്ലേ? ഇതാണോ ഒരു എംഎൽഎയുടെ ഉത്തരവാദിത്തം?

അഞ്ചുവർഷം എംഎൽഎയായിരുന്നിട്ട് എന്തുചെയ്തുവെന്ന് ചോദിച്ചാൽ ഇതാണോ പ്രവർത്തന നേട്ടം? തനിക്ക് ലഭിച്ച സ്ഥാനത്തെ വൃത്തികെട്ട രീതിയിൽ ദുരുപയോഗം ചെയ്തുവെന്നേ ഞാൻ പറയൂ. വോട്ട് ചെയ്ത ജനത്തിനെക്കൂടിയല്ലേ ഇയാൾ വഞ്ചിച്ചത്? പുറത്തേക്ക് വരാൻ മടിക്കുന്ന/ ഭയക്കുന്ന ഇനിയും എത്ര ഉഭയസമ്മതക്കാർ ഉണ്ടാകും? ഇതൊന്നും പുറത്തുവന്നില്ലായിരുന്നെങ്കിൽ ഇനിയും ഇയാൾ ഇതാവർത്തിക്കില്ലേ? ഇയാളുടെ അടുത്തെത്തുന്ന സ്ത്രീകൾക്ക് എന്ത് സുരക്ഷയാണ്? സ്വന്തം പാർട്ടിയോടോ ജനത്തിനോടോ ഇയാൾക്ക് യാതൊരു ഉത്തരവാദിത്തവുമില്ലെന്നല്ലേ ഇതിനർഥം? സ്വന്തം ശരീരസുഖത്തിനാണോ ജനപ്രതിനിധിയായത്. അഴിമതി ആരോപണത്തെക്കാൾ ഗുരുതരമായ കുറ്റമാണിത്', അവർ കുറിച്ചു.
അതേസമയം മൂന്നാം പരാതി പുറത്തുവന്നിട്ടും എന്തുകൊണ്ട് രാഹുലിൻ്റെ രാജി കോണ്‍ഗ്രസ് ആവശ്യപ്പെടുന്നില്ലെന്ന ചോദ്യമാണ് ഭരണപക്ഷ നേതാക്കൾ ഉയർത്തുന്നത്. സ്ത്രീപീഡകന് ഇനയും കോണ്‍ഗ്രസ് സംരക്ഷണം ഒരുക്കരുതെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. പാലക്കാട്ട് നിന്നുള്ള സിപിഎം നേതാവ് പി സരിൻ്റെ വാക്കുകൾ ഇങ്ങനെ
'അവസാനമായി ഒരൊറ്റ ചോദ്യം: കേരളം കണ്ട ഏറ്റവും വലിയ സൈക്കോപ്പാത്തായ, സെക്ഷ്വൽ പെർവേർട്ടായ ,ഹാബിച്ച്വൽ ഒഫെണ്ടറായ, സീരിയൽ പ്രിഡേറ്ററായ ഒരു സാമൂഹിക വിപത്തിനെ ഇന്ന് കേരളാ പോലീസ് പിടിച്ച് അകത്തിട്ടിട്ട് ഇത് 24ാം മണിക്കൂറാണ്.കോൺഗ്രസ് പാർട്ടിയിൽ ഇല്ലെന്ന് അവർ പറയുന്ന ഒരാളെ തള്ളിപ്പറയാൻ അവരിൽ എത്രപേർക്ക് ഈ നിമിഷം വരെ കഴിഞ്ഞിട്ടുണ്ട്;
ഒരു നാല് വരി -കാലത്തിന് കാത്ത് സൂക്ഷിക്കാൻ വേണ്ടിയെങ്കിലും,പൊതു സമൂഹത്തിന് മുന്നിൽ പറഞ്ഞ് ബോധ്യപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ട് എന്നതിലൊക്കെ തെളിഞ്ഞു വരുന്ന ഒരേയൊരു സത്യമേയുള്ളൂ: രാഹുൽ ഗാന്ധിയുടെ കോൺഗ്രസ് തന്നെയാണ് ഇപ്പോഴും രാഹുൽ മാങ്കൂട്ടത്തിലിൻ്റെ മാതൃ പാർട്ടി എന്ന സത്യം !കോൺഗ്രസേ, അവൻ നിങ്ങളേം കൊണ്ടേ പോകൂ!', സരിൻ കുറിച്ചു.












Click it and Unblock the Notifications