മേയർ വി വി രാജേഷിനെ അങ്ങോട്ട് വിളിച്ച് ആശംസ അറിയിച്ചിട്ടില്ല; വാർത്ത തള്ളി മുഖ്യമന്ത്രി
തിരുവനന്തപുര: ബി ജെ പി നേതാവ് വി വി രാജേഷിനെ ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. രാജേഷ് തന്നെ ഇങ്ങോട്ട് വിളിക്കുകയായിരുന്നുവെന്നും മേയർ ആയി തിരഞ്ഞെടുക്കപ്പെട്ട് കഴിഞ്ഞതിന് ശേഷം നേരിട്ട് വന്ന് കാണാമെന്നും അദ്ദേഹം പറഞ്ഞപ്പോൾ അഭിനന്ദനങ്ങൾ എന്ന് പ്രതികരിക്കുകയായിരുന്നുവെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു. ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണരൂപം വായിക്കാം

ബി ജെ പി നേതാവ് വി വി രാജേഷിനെ മുഖ്യമന്ത്രി പിണറായി വിജയൻ ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്ത തെറ്റാണ്. വെള്ളിയാഴ്ച രാവിലെ ശ്രീ വി വി രാജേഷ് മുഖ്യമന്ത്രിയോട് സംസാരിക്കാൻ പേഴ്സണൽ അസിസ്റ്റൻ്റിനെ വിളിച്ചിരുന്നു. ആ സമയത്ത് മുഖ്യമന്ത്രിയുടെ അടുത്ത് ഇല്ലാതിരുന്നതിനാൽ പിന്നീട് കണക്ട് ചെയ്യാം എന്ന് പി എ അറിയിച്ചു. അതുകഴിഞ്ഞ് പി എ വിളിച്ച് മുഖ്യമന്ത്രിയെ കണക്ട് ചെയ്യുകയായിരുന്നു. താൻ മേയർ ആയി തെരഞ്ഞെടുക്കപ്പെടാൻ പോവുകയാണെന്നും അത് കഴിഞ്ഞ് നേരിട്ട് വന്നു കാണാമെന്നും രാജേഷ് മുഖ്യമന്ത്രിയോട് പറഞ്ഞു. ആവട്ടെ; അഭിനന്ദനങ്ങൾ എന്ന് മുഖ്യമന്ത്രി പ്രതികരിക്കുകയും ചെയ്തു'
എന്നാൽ, പിന്നീട് പ്രചരിപ്പിക്കപ്പെട്ട വാർത്ത വി വി രാജേഷിനെ മുഖ്യമന്ത്രി വിളിച്ച് ആശംസകൾ അറിയിച്ചു എന്നാണ്. ഇത് വസ്തുതാ വിരുദ്ധവും തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതുമാണ്. പ്രസ്തുത വാർത്ത തിരുത്താൻ മാധ്യമങ്ങൾ തയ്യാറാകുമെന്ന് പ്രതീക്ഷിക്കുന്നു', മുഖ്യമന്ത്രി പറഞ്ഞു.
രാജേഷിനെ മുഖ്യമന്ത്രി ആശംസിച്ചുവെന്ന വാർത്തകൾ വന്നതിന് പിന്നാലെ സിപിഎമ്മിനേയും മുഖ്യമന്ത്രിയേയും പരിഹസിച്ച് കോണ്‍ഗ്രസ് നേതാക്കൾ രംഗത്തെത്തിയിരുന്നു. തങ്ങളുടെ മേയർമാരെയൊന്നും ഇതുവരെ മുഖ്യമന്ത്രി വിളിച്ച് ആശംസിച്ചിട്ടില്ലെന്നായിരുന്നു വിടി ബൽറാമിനെ പോലുള്ളവർ പരിഹസിച്ചത്.
അതേസമയം സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് ബി ജെ പിക്ക് ഒരു കോർപറേഷൻ ഭരണം ലഭിക്കുന്നത്. നാല് പതിറ്റാണ്ടായി തുടരുന്ന ഇടതുകോട്ട തകർത്താണ് ബി ജെ പി അധികാരം പിടിച്ചത്. അൻപത് സീറ്റാണ് ബി ജെ പിക്ക് ലഭിച്ചത്.നേരത്തേ പല പേരുകളും മേയർ സ്ഥാനത്തേക്ക് ചർച്ചയായെങ്കിലും ആർ എസ് എസിൻ്റെ പൂർണ പിന്തുണയോടെ വിവി രാജേഷ് മേയർ സ്ഥാനത്തേക്ക് തിരിഞ്ഞെടുക്കപ്പെടുകയായിരുന്നു.












Click it and Unblock the Notifications