എല്ലാം നേടിയിട്ടല്ലേ പാർട്ടി വിട്ടത്, സാറേ എന്നല്ലേ വിളിപ്പിച്ചിരുന്നത്?;സുധാകരനും സിപിഎമ്മുകാരും തമ്മിൽ പോര്
നീര്‍ക്കുന്നം സ്കൂളിൽ വെച്ച് അമ്പലപ്പുഴ എം എൽ എ ജി സുധാകരനും സി പി എം പ്രവർത്തകരും തമ്മിൽ വാക്ക് പോര്. സി പി എം പ്രവര്‍ത്തകനും പഞ്ചായത്ത് അംഗവുമായ ഹാരിസ് ആണ് എം എൽ എയെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചത്. പാർട്ടിയിൽ നിന്നും എല്ലാം നേടിയ ശേഷമാണ് സുധാകരൻ സിപിഎം വിട്ടതെന്നും തന്നെ എല്ലാം ആക്കിയ പാർട്ടിയെ ആണ് ഇപ്പോൾ വിമശിച്ച് നടക്കുന്നതെന്നും ഹാരിസ് വിമർശിച്ചു. ഇതിന് എം എൽ എയും മറുപടി നൽകിയതോടെ ഇരുവരും തമ്മിലുള്ള വാക്ക്പോരിലേക്ക് കാര്യങ്ങൾ നീങ്ങി.
'താങ്കളെ പാർട്ടിയാക്കിയ പാർട്ടിയിൽ നിന്നും എല്ലാം നേടി പുറത്തുപോയി, ഇതൊക്കെ എല്ലാവർക്കും അറിയാം. ഇപ്പോൾ പാർട്ടിക്ക് എതിരെ പറഞ്ഞ് നടക്കുന്നു. ഒന്നര രണ്ട് വർഷം മുമ്പ് ഞങ്ങളൊന്നും പറഞ്ഞിട്ടില്ല, സാറ എന്നല്ലേ വിളിച്ചിരുന്നത്, സാറേ എന്നല്ലേ വിളിപ്പിച്ചിരുന്നത്. വിളിച്ചതല്ല വിളിപ്പിച്ചിരുന്നതാണ്',എന്നായിരുന്നു ഹാരിസിൻ്റെ വാക്കുകൾ. എന്നാൽ ഹാരിസിന് ജി സുധാകരൻ മറുപടി നൽകി.

' ഞാൻ പാർട്ടിയിൽ നിന്നും എന്ത് നേടാനാണ്. ഒന്നും നേടിയിട്ടില്ല. ഇതൊക്കെ നിങ്ങൾ സ്ഥിരം പറയുന്ന കാര്യങ്ങളല്ലേ. ഒരോ പാര്‍ട്ടിയിലും പ്രവര്‍ത്തിക്കുന്നവരെ ജനം അംഗീകരിക്കും. അതാണ് ഞങ്ങളെ അംഗീകരിച്ചത്. 21000 വോട്ടിനാണ് ജയിച്ചത്. താങ്കളുടെ നിലവാരം എല്ലാവര്‍ക്കും അറിയാം', ജി സുധാകരൻ പറഞ്ഞു.
ആലപ്പുഴ നീര്‍ക്കുന്നം സ്‌കൂളിലെ മണ്ണെടുപ്പുമായി ബന്ധപ്പെട്ടാണ് സി പി എം പ്രവര്‍ത്തകരും എം എൽ എയും തമ്മിൽ കൊമ്പുകോർത്തത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരോടൊപ്പമായിരുന്നു സുധാകരന്‍ സ്‌കൂളിലേക്കെത്തിയത്. സ്‌കൂള്‍ പൊളിക്കാന്‍ കരാര്‍ എടുത്തവര്‍ മണ്ണുകൂടി കൊണ്ടുപോയതോടെ അവിടെ വെള്ളക്കെട്ട് രൂപപ്പെട്ടു എന്നായിരുന്നു ആരോപണം. എന്നാൽ ആരോപണം വ്യാജമാണെന്നാണ് സി പി എം പ്രവർത്തകർ പറയുന്നത്. മണ്ണ് മാറ്റിയതിന്റെ അടക്കം എല്ലാ രോഖകളും കൈവശമുണ്ടെന്നും അവർ പറഞ്ഞു.
അതിനിടെ മെഡിക്കല്‍ കോളേജ് കോമ്പൗണ്ടുകളില്‍ രാഷ്ട്രീയ പാര്‍ട്ടികളോ മറ്റ് സംഘടനകളോ ഭക്ഷണം വിതരണം ചെയ്യേണ്ടതില്ലെന്നും രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഭക്ഷണം നല്‍കേണ്ടത് സര്‍ക്കാരിന്‍റെ ഉത്തരവാദിത്തമാണെന്നുമുള്ള ജി സുധാകരൻ്റെ പ്രസ്താവനയ്ക്കെതിരേയും വിമർശനം ഉയരുന്നുണ്ട്. മെഡിക്കൽ കോളേജിൽ ഡിവൈഎഫ്ഐയുടെ പൊതിച്ചോർ വിതരണത്തെ പ്രശംസിച്ച് കൊണ്ട് അദ്ദേഹം പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റുകൾ ചൂണ്ടിക്കാട്ടിയാണ് എംഎൽഎയ്ക്കെതിരെ ചിലർ രംഗത്തെത്തിയത്.












Click it and Unblock the Notifications