ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ മരണം: സംസ്ഥാനത്ത് രണ്ട് ദിവസത്തെ ദു:ഖാചരണം
തിരുവനന്തപുരം: മറഡോണയുടെ മരണം കേരളത്തിലെ ഫുട്ബോൾ ആരാധകരെ ഉലച്ചിരിക്കുകയാണ്. ഹൃദയാഘാതത്തെ തുടർന്നാണ് ബുധനാഴ്ച രാത്രി അദ്ദേഹം വിടപറഞ്ഞത്. തലച്ചോറിൽ രക്തസ്രാവത്തെ തുടർന്ന് മറഡോണ ചികിത്സയിലായിരുന്നു. മറഡോണയുടെ മരണത്തിൽ സംസ്ഥാനത്ത് രണ്ട് ദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ് എന്ന് കായിക വകുപ്പ് മന്ത്രി ഇപി ജയരാജൻ അറിയിച്ചു.
ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ വേര്‍പാട് ലോകമെങ്ങുമുള്ള ഫുട്‌ബോള്‍ ആരാധകരെ കടുത്ത ദുഃഖത്തില്‍ ആഴ്ത്തിയിരിക്കുകയാണെന്ന് മന്ത്രി വ്യക്തമാക്കി. കേരളത്തിലും ലക്ഷക്കണക്കിന് ആരാധകര്‍ ആ വേര്‍പാട് വിശ്വസിക്കാന്‍ കഴിയാതെ വിങ്ങലിലാണ്. ഈ സാഹചര്യത്തില്‍ കേരള കായികലോകത്തില്‍ നവംബര്‍ 26, 27 തിയതികളില്‍ ദുഃഖാചരണത്തിന് കായിക വകുപ്പ് തീരുമാനിച്ചു. കായിക മേഖലയൊന്നാകെ ദുഃഖാചരണത്തില്‍ പങ്കുചേരണമെന്നും മന്ത്രി ഇപി ജയരാജൻ അഭ്യർത്ഥിച്ചു.

മറഡോണയുടെ മരണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയനടക്കം രംഗത്ത് വന്നിരുന്നു. മുഖ്യമന്ത്രിയുടെ അനുശോചന കുറിപ്പ്: ഇതിഹാസ ഫുട്ബോൾ താരം മാറഡോണയുടെ വേർപാടിൽ ലോകമെങ്ങുമുള്ള ഫുട്ബോൾ പ്രേമികൾക്കൊപ്പം കേരള ജനതയും ദുഃഖിക്കുന്നു. ലോകത്തെ ഏറ്റവും സുന്ദരമായ ഗെയിമാണ് ഫുട്ബോൾ. ആ കലയിലെ ഏറ്റവും ജനപ്രിയനായ താരമായിരുന്നു മാറഡോണ. അർജന്റീനക്ക് പുറത്ത് മാറഡോണക്ക് ഇത്രയധികം ആരാധകരുള്ളത് ഒരു പക്ഷെ കേരളത്തിലായിരിക്കും. 1986 അർജന്റീന ലോകകപ്പ് ഉയർത്തിയതുമുതൽ കേരളത്തിലെ ഫുട്ബോൾ പ്രേമികളുടെ മനസ്സിൽ ആ മാന്ത്രിക താരത്തിന് വലിയ സ്ഥാനമുണ്ട്. ലോകകപ്പ് ലോകത്തിലെ ഏത് കോണിൽ നടക്കുമ്പോഴും അദ്ദേഹത്തിന്റെ ചിത്രങ്ങൾ ഏറ്റവുമധികം ഉയരുന്നത് ഈ കൊച്ചുകേരളത്തിലാണ്.
1986 ലോകകപ്പിൽ അഞ്ച് ഇംഗ്ലീഷ് താരങ്ങളെയും വിഖ്യാത ഗോളി പീറ്റർ ഷിൽട്ടനെയും മറികടന്ന് മാറഡോണ നേടിയ ഗോൾ ലോകം ദർശിച്ച ഏറ്റവും സുന്ദരവും സമർത്ഥവുമായ ഗോളാണ്. അത് ഏറെക്കാലം അങ്ങിനെതന്നെ നിലനിൽക്കും. അർജന്റീന ലോകഫുട്ബോളിലെ പ്രബലർ ആണെങ്കിലും ആ രാജ്യത്തെ ഫുട്ബോളിന്റെ നെറുകയിൽ എത്തിച്ചത് മാറഡോണയാണ്. ക്യൂബയുടെയും ഫിദൽ കാസ്ട്രോയുടെയും അടുത്ത സുഹൃത്തായിരുന്നു മാറഡോണ എന്നത് അദ്ദേഹത്തിന്റെ സാമ്രാജ്യത്വ വിരുദ്ധ നിലപാടിന്റെ തെളിവാണ്. ആ മഹാനായ ഫുട്ബോളർ എന്നും സോഷ്യലിസ്റ്റ് പക്ഷത്ത് ധീരമായി നിലകൊണ്ടു'.












Click it and Unblock the Notifications