ഒറ്റയടിയ്ക്ക് ഡീസലിന് കൂട്ടിയത് 21 രൂപ 10 പൈസ; കെഎസ്ആര്‍ടിസി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി
കൊച്ചി: പൊതുമേഖല എണ്ണക്കമ്പനികള്‍ വില കുത്തനെ വര്‍ധിപ്പിച്ചതിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി കെ എസ് ആര്‍ ടി സി. കെ എസ് ആര്‍ ടി സിക്കുള്ള ഡീസല്‍ ലിറ്ററിന് 21 രൂപ 10 പൈസ കൂട്ടിയിരുന്നു. ഇത് കനത്ത നഷ്ടമുണ്ടാക്കും എന്നാണ് കെ എസ് ആര്‍ ടി സി ഉന്നയിക്കുന്നത്. ബള്‍ക്ക് പര്‍ച്ചേസ് വിഭാഗത്തില്‍ പെടുത്തിയാണ് എണ്ണ വില കുത്തനെ വര്‍ധിപ്പിച്ചത്. നേരത്തേ ഐ ഒ സി ലിറ്ററിന് 7 രൂപ വര്‍ധിപ്പിച്ചിരുന്നു.
ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതിയില്‍ പോകാനായിരുന്നു കോടതിയുടെ ഉത്തരവ്. ഇത് നിലനില്‍ക്കെയാണ് വില വീണ്ടും കുത്തനെ കൂട്ടിയിരിക്കുന്നത്. വില വര്‍ധനക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു നേരത്തെ തന്നെ അറിയിച്ചിരുന്നു. കെ എസ് ആര്‍ ടി സിയെ കനത്ത നഷ്ടത്തിലേക്ക് തള്ളിവിടുന്നതാണ് ഇന്ധനവില വര്‍ധനയെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും ആന്റണി രാജു പറഞ്ഞു.

ഒരു ദിവസം നാല് ലക്ഷം ലിറ്റര്‍ ഡീസലാണ് കെ എസ് ആര്‍ ടി സിക്ക് വേണ്ടത്. നിലവിലെ സാഹചര്യത്തില്‍ വില വര്‍ധനവോടെ ഒരു മാസം 21 കോടിയുടെ നഷ്ടമാണുണ്ടാകുക എന്നാണ് കണക്കാക്കുന്നത്. ഇത് കെ എസ് ആര്‍ ടി സിക്ക് താങ്ങാന്‍ കഴിയുന്നതല്ല. പൊതുഗതാഗതത്തെ തകര്‍ക്കുന്ന രീതിയാണ് കേന്ദ്രത്തിന്റേതെന്ന് ആന്റണി രാജു വ്യക്തമാക്കിയിരുന്നു.
എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ 20 കോടിയായിരുന്നു കെ എസ് ആര്‍ ടി സിയുടെ വരുമാനം. അത് 150 കോടി വരെയാക്കി. 200 കോടിയിലേക്ക് വരുമാനം ഉയര്‍ത്താമെന്ന് പ്രതീക്ഷിച്ചിരുന്നപ്പോഴാണ് ഇടിതീ പോലെ ഇന്ധനവിലയും വര്‍ധിച്ചത്. സ്വകാര്യ മേഖലയെ സഹായിക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കമെന്ന് ആന്റണി രാജു കൂട്ടിച്ചേര്‍ത്തു.
2,000 കോടിയുടെ സഹായം സര്‍ക്കാര്‍ ഇതിനോടകം കെ എസ് ആര്‍ ടി സിക്ക് നല്‍കിയിട്ടുണ്ട്. ഇന്ധനവില ഈ രീതിയില്‍ കൂടിയാല്‍ ഇനി എന്തു സഹായം നല്‍കിയാലും പിടിച്ചു നില്‍ക്കാനാവില്ലെന്ന് സര്‍ക്കാരും അറിയിച്ചിട്ടുണ്ട്. സ്വകാര്യ പമ്പില്‍ നിന്ന് എക്കാലവും ഇന്ധനം നിറയ്ക്കാനാവില്ല. ബസ് ചാര്‍ജ് വര്‍ധിപ്പിച്ചാലും പ്രതിസന്ധി മറികടക്കാന്‍ സാധിക്കില്ലെന്നും മന്ത്രി അറിയിച്ചു.












Click it and Unblock the Notifications