ദിലീപ് കേസ്; 'ദിലീപിനെ വ്യക്തിപരമായി അറിയുന്നയാളാണ്, ഇതൊക്കെ പബ്ലിസിറ്റി അല്ലേ'; ശങ്കർ
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലും വിജയ് ബാബു വിഷയത്തിലും താരസംഘടനയായ അമ്മ സ്വീകരിച്ച നിലപാടുകൾ തുടക്കം മുതൽ വിമർശനങ്ങൾക്ക് കാരണമായിരുന്നു. അതിജീവിതമാർക്കൊപ്പം നിൽക്കാതെ വേട്ടർക്കാർക്കൊപ്പം എന്ന സമീപനമാണ് സംഘടന സ്വീകരിക്കുന്നതെന്ന ആക്ഷേപമായിരുന്നു ഉയർന്നത്. സംഘടനയിൽ സ്ത്രീകളുടെ പ്രശ്നങ്ങൾക്ക് യാതൊരു പരിഗണനയും ലഭിക്കുന്നില്ലെന്ന രൂക്ഷവിമർശങ്ങൾ ഉന്നയിച്ച് പല താരങ്ങളും സംഘടന വിട്ട് പോകുന്ന സാഹചര്യം പോലും ഉണ്ടായിരുന്നു.
എന്നാൽ സംഘടനയിൽ എല്ലാവർകും അർഹമായ സ്ഥാനം ലഭിക്കുന്നുണ്ടെന്ന് പറയുകയാണ് നടൻ ശങ്കർ. വെറുതെ പബ്ലിസിറ്റിക്ക് വേണ്ടി ചെറിയ വിഷയങ്ങൾ വലുതാക്കുകയാണെന്നും ശങ്കർ ആരോപിച്ചു.ദിലീപ്, വിജയ് ബാബു വിഷയത്തിലും അദ്ദേഹം നിലപാട് വ്യക്തമാക്കി.പോപ്പർ സ്റ്റോപ് മലയാളം എന്ന യുട്യൂബ് ചാനലിനോടായിരുന്നു താരത്തിൻറെ പ്രതികരണം. വായിക്കാം

അമ്മയിൽ സ്ത്രീകളുടെ പ്രശ്നങ്ങൾ കൃത്യമായി അഭിസംബോധന ചെയ്യപ്പെടുന്നില്ലെന്ന ആക്ഷേപക്ഷങ്ങൾ ശക്തമാണ്, തങ്കൾക്ക് അങ്ങനെ അനുഭവപ്പെട്ടിട്ടുണ്ടോയെന്ന ചോദ്യത്തിന് അമ്മയിൽ എല്ലാവർക്കും പ്രാതിനിധ്യം ലഭിക്കുന്നുണ്ടെന്നായിരുന്നു ശങ്കറിന്റെ പ്രതികരണം. എല്ലാ സംഘടനകളിലും അങ്ങോട്ടും ഇങ്ങോട്ടും ചില പ്രശ്നങ്ങളൊക്കെ കാണും. അമ്മയിലും അങ്ങനെയുള്ള പ്രശ്നങ്ങൾ ഉണ്ടായാൽ തന്നെ അതൊക്കെ പറഞ്ഞ് തീർക്കാവുന്ന പ്രശ്നങ്ങൾ മാത്രമാണെന്നും ശങ്കർ പറഞ്ഞു.

എനിക്ക് ഇതുവരെ അമ്മയിൽ പ്രശ്നങ്ങൾ അനുഭവിക്കേണ്ടി വന്നിട്ടില്ല. ഇതൊക്കെ പബ്ലിസിറ്റി അല്ലേ? ചെറുത് എന്തെങ്കിലും കിട്ടിയാൽ അതിനെ വലുതാക്കുകയാണല്ലോ ഇപ്പോൾ ചെയ്യുന്നത്.സ്ത്രീ സുരക്ഷ എന്ന വിഷയങ്ങൾ ലോകത്ത് എല്ലായിടത്തും നടക്കുന്നതാണ്. സിനിമ ഒരു മെറ്റീരിയൽ ആയത് കണ്ടാണ് അത് പലപ്പോഴും ചർച്ചയാകുന്നതെന്നും ശങ്കർ പറഞ്ഞു.

ദിലീപ് വിഷയത്തിലും വിജയ് ബാബു വിഷയത്തിലും അതിന്റെ സത്യാവസ്ഥ എന്താണെന്ന് നമ്മുക്ക് അറിയില്ല. ഇതൊക്കെ പറഞ്ഞ് കേട്ടിട്ട് മാത്രമുള്ള അറിവാണ്. സത്യാവസ്ഥ അറിയാതെ അതിനെ കുറിച്ച് എനിക്ക് പറയാൻ സാധിക്കില്ല.എനിക്ക് വ്യക്തിപരമായി നന്നായി അറിയാവുന്ന താരങ്ങളാണവരെന്നും ശങ്കർ പറഞ്ഞു.

സിനിമ ആയതും കൊണ്ടും സെലിബ്രിറ്റികൾ ആയത് കൊണ്ടുമാണ് ഇതിനെ കുറിച്ചൊക്കെ വാർത്തകൾ വരുന്നതും ഇവയെല്ലാം ചർച്ച ചെയ്യപ്പെടുന്നത്. ലോകത്ത് എല്ലായിടത്തും നടക്കുന്ന സംഭവങ്ങളുടെ പരിച്ഛേദം മാത്രമാണ് സിനിമ മേഖലയിലും സംഭവിക്കുന്നതെന്നും ശങ്കർ പറഞ്ഞു.

ദിലീപിനെ പിന്തുണച്ച് നേരത്തേയും ശങ്കർ രംഗത്തെത്തിയിരുന്നു. ദിലീപ് അങ്ങനെയൊന്നും ചെയ്യാൻ സാധ്യതയില്ല. ദിലീപിനെ എനിക്ക് നന്നായി അറിയാം എന്നായിരുന്നു ശങ്കർ മുൻപ് ഒരു അഭിമുഖത്തിൽ പറഞ്ഞു. ദിലീപ് അങ്ങനെ ചെയ്യില്ല. ഇപ്പോൾ കേസിന്റെ കാര്യങ്ങൾ നടക്കുകയല്ലേ. തെളിഞ്ഞുവരട്ടെ. നിരപരാധി ആണെന്നാണ് എനിക്ക് തോന്നുന്നതെന്നും ശങ്കർ പറഞ്ഞിരുന്നു.

ശങ്കറിനെ കൂടാതെ നേരത്തേയും നിരവധി താരങ്ങൾ ദിലീപിനെ പിന്തുണച്ച് കൊണ്ട് രംഗത്തെത്തിയിരുന്നു. അടുത്തിടെ മുതിർന്ന നടൻ മധുവായിരുന്നു ദിലീപിനെ പിന്തുണച്ച് സംസാരിച്ചത്. ദിലീപ് അങ്ങനെ ചെയ്യുമെന്ന് താൻ വിശ്വസിക്കുന്നില്ലെന്നായിരുന്നു മധു പറഞ്ഞത്. അക്രമിക്കപ്പെട്ട പെൺകുട്ടിക്ക് യാത്ര ചെയ്യുമ്പോൾ ആരെയെങ്കിലും ഒപ്പം കൂട്ടാമയിരുന്നു. അങ്ങനെ ചെയ്തിരുന്നുവെങ്കിൽ ഇത് സംഭവിക്കില്ലെന്നുമായിരുന്നു താരം പറഞ്ഞത്.












Click it and Unblock the Notifications