വൃക്കകള്‍ പ്രവര്‍ത്തനരഹിതം, തലച്ചോറില്‍ അണുബാധ, ഹൃദയാഘാതം; ബാലചന്ദ്രകുമാറിന്റെ ഇപ്പോഴത്തെ ജീവിതം..!
തിരുവനന്തപുരം: ഭാരിച്ച ചികിത്സാ ചെലവ് താങ്ങാനാകാതെ സംവിധായകനും നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസിലെ മുഖ്യസാക്ഷിയുമായ പി ബാലചന്ദ്രകുമാര്‍. തലച്ചോറിലെ അണുബാധയും വൃക്കരോഗവും ഹൃദയാഘാതവും ഒക്കെയായി വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത് എന്ന് ബാലചന്ദ്രകുമാര്‍ പറയുന്നു. ചികിത്സയ്ക്കും മറ്റുമായി വലിയ തുകയാണ് ചെലവാകുന്നത്.
എന്നാല്‍ ഇത് താങ്ങാനാവുന്ന അവസ്ഥയില്‍ അല്ല ബാലചന്ദ്രകുമാര്‍. വൃക്ക സംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിട്ട് ഏറെ നാളായി. ബാലചന്ദ്രകുമാറിന്റെ രണ്ട് വൃക്കകളും പ്രവര്‍ത്തന രഹിതമാണ്. ഇത് കൂടാതെ തലച്ചോറിലെ അണുബാധയും തുടര്‍ച്ചയായുള്ള ഹൃദയാഘാതവും എല്ലാം ബാലചന്ദ്രകുമാറിനെ അലട്ടുന്നുണ്ട്. ബാലചന്ദ്രകുമാര്‍ ആഴ്ചയില്‍ മൂന്ന് ഡയാലിസിസുകള്‍ക്ക് വിധേയനാകുന്നുണ്ട്.

എഴുന്നേറ്റ് നില്‍ക്കാന്‍ പോലും സാധിക്കാത്ത സ്ഥിതിയാണിപ്പോള്‍. ബാലചന്ദ്രകുമാറിന്റെ വരുമാനമാകട്ടെ ഇപ്പോള്‍ പൂര്‍ണമായും നിലച്ച അവസ്ഥയിലാണ്. ചികിത്സയ്ക്കും മരുന്നിനുമായി വരുന്ന ചെലവ് താങ്ങാനാകുന്നില്ല എന്ന് ബാലചന്ദ്രകുമാര്‍ പറയുന്നു. സുഹൃത്തുക്കളുടെ സഹായത്തോടെയാണ് ചികിത്സ മുന്നോട്ട് പോകുന്നത്. എന്നാല്‍ ഇനിയും മുന്നോട്ട് പോകാനാകില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രോഗാവസ്ഥയിലും നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട കോടതി നടപടികള്‍ക്കായി ബാലചന്ദ്രകുമാര്‍ മുടക്കം വരുത്താറില്ല. 'എല്ലാ ദിവസവും രാവിലെ നാല് മണിക്ക് ഡയാലിസിസ് ചെയ്യും. അത് കഴിഞ്ഞ് പുറത്തിറങ്ങാന്‍ ഒമ്പത് മണിയാകും,' ബാലചന്ദ്രകുമാര്‍ പറയുന്നു. പത്ത് മണിക്ക് കോടതിയില്‍ കയറി രാത്രി എട്ടര വരെ നീളുന്ന വിചാരണയ്ക്ക് താന്‍ ഹാജരായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വൃക്ക മാറ്റിവയ്ക്കല്‍ ആണ് ബാലചന്ദ്രകുമാറിന്റെ മുന്‍പിലുള്ള ഏകവഴി. വൃക്ക നല്‍കാന്‍ ബന്ധു തയ്യാറാണ്. എന്നാല്‍ അതിന്റെ ചെലവ് താങ്ങാനുള്ള അവസ്ഥയില്‍ താന്‍ എന്നും ബാലചന്ദ്രകുമാര്‍ പറയുന്നു. രോഗാവസ്ഥയിലും വിചാരണയ്ക്കായി ബാലചന്ദ്രകുമാര്‍ കോടതിയില്‍ ഹാജരാകുന്നുണ്ട്. ചികിത്സാ സഹായം തേടി കഴിഞ്ഞ നവംബറില്‍ ബാലചന്ദ്രകുമാറിന്റെ ഭാര്യ ഷീബ രംഗത്തെത്തിയിരുന്നു.
കുടുംബത്തില്‍ വരുമാനമുണ്ടായിരുന്ന ഒരേ ഒരാള്‍ ബാലചന്ദ്രനായിരുന്നുവെന്നും മറ്റാര്‍ക്കും സാമ്പത്തിക ശേഷിയില്ലെന്നും ഷീബ പറഞ്ഞിരുന്നു. ദൈനംദിന ചെലവുകള്‍ക്കൊപ്പം ബാലചന്ദ്രകുമാറിന്റെ ചികിത്സാ ചെലവും കൂടിയായതോടെ കുടുംബം സാമ്പത്തികമായി തകര്‍ന്ന അവസ്ഥയിലാണ്. നേരത്തെ നടന്‍ പ്രകാശ് ബാരെയും ബാലചന്ദ്രകുമാറിന്റെ ചികിത്സാസഹായത്തിന് അഭ്യര്‍ത്ഥിച്ച് രംഗത്തെത്തിയിരുന്നു.
ആസിഫ് അലിയേയും മൈഥിലിയേയും കേന്ദ്രകഥാപാത്രങ്ങളാക്കി സംവിധാനം ചെയ്ത 'കൗ ബോയ്' ആണ് ബാലചന്ദ്രകുമാറിന്റെ ആദ്യ ചിത്രം. ഇതിന് ശേഷം ക്രിക്കറ്റ് താരം ശ്രീശാന്തിനെ നായകനാക്കി 'ബിഗ് പിക്ച്ചര്‍' എന്ന ചിത്രം സംവിധാനം ചെയ്തു. ഈ ചിത്രത്തിനുശേഷം ദിലീപിനെ നായകനാക്കി പിക്പോക്കറ്റ് എന്ന ചിത്രം സംവിധാനം ചെയ്യാന്‍ തീരുമാനിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കിടെയാണ് നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചന വിവരങ്ങള്‍ അദ്ദേഹം വെളിപ്പെടുത്തിയത്.
ബാലചന്ദ്രകുമാറിന് സഹായം എത്തിക്കാനുള്ള അക്കൗണ്ട് വിശദാംശങ്ങള്‍
A/C NO: 4073310106283
IFSC: KLGB0040733
KERALA GRAMIN BANK
GPAY: 9496994181












Click it and Unblock the Notifications