'അത് നിയമവിരുദ്ധമല്ലേ?'; അതിജീവിതയുടെ ആ നീക്കം തടയാന്‍ ദിലീപ്, ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ നീക്കം തടയാന്‍ കേസിലെ എട്ടാം പ്രതിയും നടനുമായ ദിലീപ്. കേസില്‍ മെമ്മറി കാര്‍ഡ് ചോര്‍ന്നതിലെ അന്വേഷണ റിപ്പോര്‍ട്ടിലെ മൊഴിപ്പകര്‍പ്പ് അതിജീവിതയ്ക്ക് നല്‍കാതിരിക്കാനാണ് ദിലീപിന്റെ നീക്കം. ഇതിനായി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് താരം. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിലാണ് അപ്പീല്‍ നല്‍കിയത്.
മൊഴിപ്പകര്‍പ്പ് നല്‍കാന്‍ നിയമപരമായി കഴിയില്ലെന്നാണ് ഹര്‍ജിയില്‍ ദിലീപ് ചൂണ്ടിക്കാട്ടുന്നത്. ദിലീപിന്റെ ഹര്‍ജി നാളെ ഹൈക്കോടതി പരിഗണിക്കും. നേരത്തെ തീര്‍പ്പാക്കിയ ഒരു ഹര്‍ജിയിലെ മൊഴി പകര്‍പ്പ് അതിജീവിതയ്ക്ക് നല്‍കാന്‍ കോടതി ഉത്തരവിട്ടിരുന്നു. അതിനെതിരെയാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. അതേസമയം മെമ്മറി കാര്‍ഡ് അന്വേഷണ ഹര്‍ജിയിലെ എതിര്‍കക്ഷിയായ ദിലീപിനെ പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് അതിജീവിത ആവശ്യപ്പെട്ടിരുന്നു.

മെമ്മറി കാര്‍ഡ് കേസില്‍ ദിലീപിന്റെ താല്‍പര്യമെന്തെന്നും അന്വേഷണത്തെയും മൊഴിപ്പകര്‍പ്പ് നല്‍കുന്നതിനെയും എതിര്‍ക്കുന്നതെന്തിനാണ് എന്നുമായിരുന്നു അതിജീവിതയുടെ വാദം. നടിയെ ആക്രമിച്ച കേസിലെ തെളിവായ മെമ്മറി കാര്‍ഡ് നിയമ വിരുദ്ധമായി പരിശോധിച്ചത് മൂന്ന് കോടതികളിലാണ് എന്നാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. ജഡ്ജ് ഹണി എം വര്‍ഗീസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ വിവരങ്ങളാണ് പുറത്തുവന്നത്.
നടിയെ ആക്രമിച്ച കേസിലെ നിര്‍ണായക തെളിവായ മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചെന്ന അതിജീവിതയുടെ ആരോപണം ശരിവെക്കുന്നതായിരുന്നു വസ്തുതാന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. അടിമാലി മജിസ്‌ട്രേറ്റ് ലീന റഷീദ്, ജില്ലാ ജഡ്ജിയുടെ പിഎയായ മഹേഷ്, വിചാരണക്കോടതി ശിരസ്തദാര്‍ താജുദ്ദീന്‍ എന്നിവരാണ് കോടതിയുടെ കസ്റ്റഡിയിലുള്ള മെമ്മറി കാര്‍ഡ് പരിശോധിച്ചത്.
ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമാണ് ജില്ലാ ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തിയത്. ആരോപണങ്ങള്‍ ശരിവയ്ക്കുന്ന കണ്ടെത്തലുകളാണ് വസ്തുതാന്വേഷണ റിപ്പോര്‍ട്ടില്‍ ഉള്ളത്. 2018 ല്‍ അങ്കമാലി മജിസ്‌ട്രേറ്റ് മെമ്മറി കാര്‍ഡ് സ്വകാര്യ കസ്റ്റഡിയില്‍ സൂക്ഷിച്ചു എന്ന ഗുരുതര കണ്ടെത്തലും റിപ്പോര്‍ട്ടിലുണ്ട്. സ്വകാര്യ കസ്റ്റഡിയില്‍ സൂക്ഷിക്കാമെന്ന ധാരണയിലാണ് ഇത് ചെയ്തത് എന്നാണ് ഇത് സംബന്ധിച്ച മൊഴി നല്‍കിയത്.
അതേസമയം ഭരണഘടന ഏതൊരു പൗരനും അനുവദിക്കുന്ന സ്വകാര്യത എന്ന മൗലികാവകാശം തനിക്ക് നിഷേധിക്കപ്പെട്ടു എന്ന് ചൂണ്ടിക്കാട്ടി അതിജീവിത രംഗത്തെത്തിയിരുന്നു. കോടതിയില്‍ നിന്നും ഇത്തരം ഒരു ദുരനുഭവം ഉണ്ടാകുമ്പോള്‍ തകരുന്നത് മുറിവേറ്റ മനുഷ്യരും അഹങ്കരിക്കുന്നത് മുറിവേല്‍പ്പിച്ച നീചരും ആണെന്നത് സങ്കടകരമാണ് എന്നായിരുന്നു അതിജീവിത പറഞ്ഞിരുന്നത്.
ഇക്കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചതിലെ അന്വേഷണ റിപ്പോര്‍ട്ടിനാധാരമായ സാക്ഷിമൊഴികള്‍ അതിജീവിതയ്ക്ക് നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചത്. എറണാകുളം സെഷന്‍സ് കോടതിക്കാണ് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയത്. സാക്ഷിമൊഴികള്‍ അതിജീവിതയ്ക്ക് ലഭിക്കേണ്ടതാണെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications