ദിലീപിന്റെ ജാമ്യം റദ്ദാക്കിയേക്കും, ചരടുവലികള്‍ ബോധ്യപ്പെട്ടിട്ടുണ്ട്; ബി ആ ആളൂര്‍
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയായ നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ സാധ്യത ഉണ്ടെന്ന് അഭിഭാഷകന്‍ ബി എ ആളൂര്‍. കേസില്‍ ദിലീപ് നടത്തുന്ന ചരടുവലികള്‍ എന്താണെന്ന് അന്വേഷണസംഘത്തിന് ബോധ്യപ്പെട്ടിട്ടുണ്ടെന്ന് ആളൂര്‍ റിപ്പോര്‍ട്ടര്‍ ടി വിയോട് പറഞ്ഞു. ദിലീപിന്റെ നീക്കങ്ങള്‍ വ്യക്തമാക്കിയാല്‍ ജാമ്യം റദ്ദാക്കാന്‍ സാധ്യതയുണ്ടെന്ന്
ആളൂര്‍ നിരീക്ഷിച്ചു. എന്നാല്‍ പെട്ടെന്ന് ജാമ്യം റദ്ദാക്കണമെന്ന് കാട്ടി അപേക്ഷ കൊടുത്താല്‍ കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. സാഹചര്യങ്ങള്‍ പ്രതിയ്ക്ക് അനുകൂലമാണെങ്കില്‍ ജാമ്യം റദ്ദാക്കില്ല.
Recommended Video
എന്നാല്‍ എല്ലാ സാഹചര്യങ്ങളും നോക്കി, അത് പ്രോസിക്യൂഷന് അനുകൂലമാണെങ്കില്‍ ജാമ്യം റദ്ദാക്കപ്പെടുമെന്നും ആളൂര്‍ വ്യക്തമാക്കി. തെളിവ് നശിപ്പിക്കലോ സാക്ഷികളെ സ്വാധീനിക്കലോ ചെയ്താല്‍ ജാമ്യം റദ്ദാക്കാനുള്ള അവകാശം കീഴ്കോടതിക്ക് നല്‍കി കൊണ്ടായിരിക്കണം ഹൈക്കോടതി ജാമ്യ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുക എന്ന് ബി എ ആളൂര്‍ പറയുന്നു. ഈ സാഹചര്യത്തില്‍ കീഴ്കോടതിയിലാണ് ആദ്യം അപേക്ഷ നല്‍കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കൂടുതല്‍ നിബന്ധനകള്‍ വച്ച് കൊണ്ട് ജാമ്യം നീട്ടി കൊടുക്കാനും കോടതിക്ക് സാധിക്കുമെന്നും ബി ആ ആളൂര്‍ പറഞ്ഞു.

കേസിലെ കാര്യങ്ങള്‍ തീരുമാനിക്കുന്നതില്‍ പ്രധാനപ്പെട്ട വ്യക്തിയാണ് സായി ശങ്കര്‍ എന്നും അദ്ദേഹം പറയുന്നത് നിര്‍ണായകമാകുമെന്നും ആളൂര്‍ ചൂണ്ടിക്കാട്ടി. സാഹചര്യങ്ങള്‍ മാറുന്നത് അനുസരിച്ച് കേസുമായി ബന്ധപ്പെട്ട് ഇനിയും കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. പല സാക്ഷികളെയും ചോദ്യം ചെയ്‌തേക്കാം. ഇവര്‍ കൂറ് മാറാതിരിക്കാനും തെളിവുകള്‍ കൊണ്ടുവരാനും ദിലീപിനെ ജയിലില്‍ അടച്ച് വിചാരണ കോടതി തടവുകാരനാക്കാന്‍ അത്യാവശ്യമാണെന്ന് കോടതിയില്‍ പ്രോസിക്യൂഷനോ അനേഷണസംഘമോ അപേക്ഷ നല്‍കിയാലും ജാമ്യം റദ്ദാക്കപ്പെടാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ദിലീപിന്റെ ജാമ്യം റദ്ദാക്കാനായി കരുനീക്കം നടത്തുകയാണ് ക്രൈം ബ്രാഞ്ച്. കേസിലെ ജാമ്യവ്യവസ്ഥകള്‍ ദിലീപ് ലംഘിച്ചെന്ന് കാണിച്ച് ജാമ്യം റദ്ദാക്കാനാണ് ക്രൈം ബ്രാഞ്ച് ശ്രമിക്കുന്നത്. സാക്ഷികളെ സ്വാധീനിക്കാനും തെളിവുകള്‍ നശിപ്പിക്കാനും ദിലീപ് ശ്രമിച്ചെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിക്കും. ഇതെല്ലാം വിചാരണ കോടതിയെ അറിയിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചാല്‍ അന്വേഷണ ഉദ്യോഗസ്ഥന് വിചാരണക്കോടതിയെ സമീപിക്കാമെന്ന് നേരത്തെ ഹൈക്കോടതി തന്നെ അറിയിച്ചിരുന്നു.

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലെ അന്വേഷണവുമായി ബന്ധപ്പെട്ട് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ ക്രൈം ബ്രാഞ്ച് നീക്കം നടത്തുക. പുറത്തുവന്ന വിവരങ്ങളും, ഫോറന്‍സിക് പരിശോധനാ ഫലങ്ങളും ശബ്ദരേഖകളും ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിക്കൊണ്ടായിരിക്കും ദിലീപിന്റെ ജാമ്യം റദ്ദാക്കണം എന്ന ആവശ്യം അന്വേഷണ സംഘം വിചാരണ കോടതിക്ക് മുമ്പാകെ ഉന്നയിക്കുന്നത്.

നടിയെ ആക്രമിച്ച കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന സംഭവവും അന്വേഷണ സംഘം കോടതിയില്‍ ചൂണ്ടിക്കാട്ടും. ഈ വിഷയങ്ങളില്‍ പീച്ചി പൊലീസും, കാസര്‍ഗോഡ് ബേക്കല്‍ പൊലീസും കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇക്കാര്യങ്ങളും അന്വേഷണ സംഘം കോടതിയില്‍ അറിയിക്കും. അതേസമയം കേസില്‍ നാളെ കാവ്യ മാധവനെ ചോദ്യം ചെയ്‌തേക്കില്ല.

കാവ്യ മാധവന്റെ വീട്ടില്‍ വെച്ച് ചോദ്യം ചെയ്യലിന് ക്രൈം ബ്രാഞ്ച് അസൗകര്യം അറിയിച്ചിട്ടുണ്ട്. ഇതിന് പിന്നാലെ നിയമോപദേശവും ക്രൈം ബ്രാഞ്ച് തേടിയിട്ടുണ്ട്. അതേസമയം കേസില്‍ മാധ്യമ വിചാരണ തടയണം എന്നാവശ്യപ്പെട്ട് ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സുരാജ് ഹൈക്കോടതി സമീപിച്ചിരിക്കുകയാണ്.












Click it and Unblock the Notifications