സൈബര്‍ ആക്രമണം ആരുടെയെങ്കിലും പ്രൊപഗാണ്ട? ഒടുവില്‍ മറുപടിയുമായി ദിലീപ്, 'ചിലരൊക്കെ അതിന് ശ്രമിച്ചു'
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ദിലീപിനെതിരെയും അദ്ദേഹത്തിന്റെ സിനിമകള്‍ക്കെതിരെയും സൈബര്‍ ആക്രമണം നടന്നിരുന്നു. നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയായ ദിലീപ് ജാമ്യത്തിലിറങ്ങിയതിന് ശേഷം സിനിമകള്‍ ചെയ്തിരുന്നു. എന്നാല്‍ റിലീസിന് മുന്‍പ് പലപ്പോഴും ദിലീപ് സിനിമകള്‍ക്ക് വലിയ സൈബര്‍ ആക്രമണം നേരിടേണ്ടി വന്നിരുന്നു.
പുതിയ സിനിമയായ വോയ്‌സ് ഓഫ് സത്യനാഥന്‍ റിലീസിനൊരുങ്ങുമ്പോള്‍ സൈബര്‍ ആക്രമണത്തെ കുറിച്ച് മനസ് തുറക്കുകയാണ് ദിലീപ്. എഡിറ്റോറിയല്‍ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. സൈബര്‍ ആക്രമണം നടത്തിയത് പ്രേക്ഷകരല്ല എന്നാണ് ദിലീപ് പറയുന്നത്. ദിലീപിന്റെ വാക്കുകള്‍ ഇങ്ങനെയാണ്...

'എല്ലാ ദിവസം എന്നെ കുറിച്ച് വാര്‍ത്തകള്‍ വേണം എന്ന് കുറച്ചാളുകള്‍ തീരുമാനിക്കുന്നുണ്ട്. ഒരു അഞ്ച് വാര്‍ത്തകളെങ്കിലും എന്നെ കുറിച്ച് ഉണ്ടാക്കണം. എന്നാലെ ടിആര്‍പി റേറ്റ് കൂടൂ, വ്യൂവേഴ്സ് കൂടൂ എന്ന് പറയുന്ന കുറച്ചാള്‍ക്കാര്‍ അങ്ങനെ ചെയ്ത് കൊണ്ടിരിക്കുന്നു. എന്റെ മകളുടെ കല്യാണമൊക്കെ ഞാനും മോളും അറിഞ്ഞിട്ടില്ല. അവളിപ്പോള്‍ എംബിബിഎസ് പാസായി. ഹൗസ് സര്‍ജന്‍സി നടന്ന് കൊണ്ടിരിക്കുകയാണ്.
ഓരോ ഘട്ടത്തിലും ഏതെങ്കിലും ആള്‍ക്കാരുമായിട്ടുള്ള കല്യാണമായിരിക്കും. ഞാന്‍ പിന്നെ അത് ചോദിക്കാന്‍ പോകുന്നില്ലല്ലോ. അവര്‍ അത് ചെയ്തോട്ടെ. ഇവരിത് ചെയ്യുന്നതും പൈസക്കാണ്. അതെന്തിനാണ് അവരുടെ കുടുംബം നോക്കാന്‍ വേണ്ടിയാണ്. അപ്പോള്‍ ഇവര്‍ എന്നെ കരിവാരിത്തേക്കുമ്പോഴും എന്നെ കല്ലെറിയുമ്പോഴും ഞാന്‍ വഴി അവരുടെ കുടുംബത്തിലേക്ക് കുറച്ച് പൈസ ചെല്ലുന്നില്ലേ.
അതിനെ പോസിറ്റാവായിട്ട് കണ്ടാല്‍ മതി. വ്യക്തികളുടെ പ്രൊപഗാണ്ടയാണോ ഇതിന് പിന്നില്‍ എന്ന് കാലം തെളിയിക്കട്ടെ. ഞാന്‍ വിഷമിച്ചിരിക്കുന്നത് പ്രേക്ഷകര്‍ക്ക് ഇഷ്ടമല്ല. കാരണം ഞാന്‍ ചിരിച്ചാലെ അവരെ എനിക്ക് ചിരിപ്പിക്കാന്‍ പറ്റൂ. അതുകൊണ്ടാണ് പ്രേക്ഷകരുടെ പ്രാര്‍ത്ഥനയുടെ ഫലമാണ് ഞാന്‍ എന്ന് പറയുന്നത്. കുറച്ചാളുകള്‍ക്ക് അവരെയൊക്കെ കുറച്ച് കാലത്തേക്ക് തെറ്റിദ്ധരിപ്പിക്കാന്‍ പറ്റി.
പക്ഷെ എന്നെ അറിയാവുന്ന ജനങ്ങള്‍ ഇവിടെ ഉണ്ട്. അത് എന്റെ വിശ്വാസമാണ്. ദിലീപ് എന്ന കലാകാരനെ ഇവിടെ ഉണ്ടാക്കി വെച്ചത് പ്രേക്ഷകരാണ്. അതിന് വഴിയൊരുക്കിയത് ദൈവമാണ്. സൈബര്‍ ആക്രമണത്തിന് പിന്നില്‍ പ്രേക്ഷകരല്ലല്ലോ. അത് കുറച്ചാളുകളിരുന്ന് ആക്രമിക്കുന്നതല്ലേ. പ്രേക്ഷകര്‍ ആക്രമിക്കുകയാണെങ്കില്‍ അവര്‍ ഈ സ്ഥലത്ത് വരില്ല.
അതിന് ശേഷമാണ് ഞാന്‍ ദുബായിലും ഖത്തറിലും ദേ പുട്ട് സ്റ്റാര്‍ട്ട് ചെയ്തത്. അവിടെ എല്ലാം അത്രയും ജനങ്ങളാണ് വന്നത്. അവര്‍ക്ക് എന്നോട് ദേഷ്യമാണെങ്കില്‍ അവര്‍ അവിടെ വരുമോ. ഞാന്‍ അവരുടെ കൂട്ടത്തിലൊരാളാണ്. ഒളിയമ്പുകള്‍ക്കും ആരോപണങ്ങള്‍ക്കും എതിരെ എന്ത് പറയാനാണ്.'












Click it and Unblock the Notifications