'വിശ്വസിച്ചവരും സ്‌നേഹിച്ചവരുമെല്ലാം നമുക്കെതിരെ തിരിഞ്ഞു.. ഷോക്കായിപ്പോയി'; തുറന്ന് പറഞ്ഞ് ദിലീപ്
കൊച്ചി: മലയാള സിനിമാ ലോകത്തേയും കേരളത്തെ ആകേയും ഞെട്ടിച്ച സംഭവമായിരുന്നു നടിയെ ആക്രമിച്ച കേസ്. നടന്‍ ദിലീപ് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടത് വലിയ കോളിളക്കമുണ്ടാക്കിയിരുന്നു. 2017 ല്‍ ആയിരുന്നു കാറില്‍ സഞ്ചരിക്കുകയായിരുന്ന നടിയെ ആക്രമിക്കുകയും അപകീര്‍ത്തിപ്പെടുത്തുന്ന ചിത്രങ്ങളെടുക്കാന്‍ ശ്രമിക്കുകയും ചെയ്തത്. സംഭവം നടന്ന് നാല് മാസങ്ങള്‍ കഴിയുമ്പോഴാണ് കേസില്‍ ദിലീപ് പ്രതി ചേര്‍ക്കപ്പെടുന്നതും അറസ്റ്റിലാകുന്നതും.
ഇതിന് പിന്നാലെ സിനിമാ ലോകത്തെ പലരും ദിലീപിനെ തള്ളി പറഞ്ഞിരുന്നു. വിവാദങ്ങള്‍ക്കൊടുവില്‍ താരസംഘടനയായ അമ്മയില്‍ നിന്ന് ദിലീപിനെ പുറത്താക്കുകയും ചെയ്തു. ഇപ്പോഴിതാ താന്‍ വിശ്വസിച്ചവരെല്ലാം തനിക്കെതിരെ തിരിഞ്ഞു എന്ന് പറഞ്ഞു കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ദിലീപ്. എഡിറ്റോറിയലിന് നല്‍കിയ അഭിമുഖത്തിലാണ് ദിലീപിന്റെ പ്രതികരണം. ദിലീപിന്റെ വാക്കുകള്‍ ഇങ്ങനെയാണ്...

'ജീവിതം എന്താണ് എന്ന് അറിയുന്നത് വലിയൊരു അനുഭവമാണ്. ഇതൊരു സ്‌കൂളിലും കോളേജിലും പോയി പഠിച്ചാല്‍ കിട്ടില്ല. കാരണം അവിടെയുള്ളത് കൂടുതലും നല്ല സുഹൃത്തുക്കളല്ലേ. അതുകൊണ്ട് അവിടെയൊരു കോംപറ്റീഷന്‍ മൈന്‍ഡ് ഉണ്ടാകില്ല. പഠിത്തത്തില്‍ ചിലപ്പോള്‍ ഉണ്ടായേക്കാം. വേറെ എല്ലാ കാര്യത്തിലും ഇവരെല്ലാം ഒറ്റക്കെട്ടായിരിക്കും. തിരിച്ചറിവ് എന്ന് പറയുന്നത് ചില ഘട്ടത്തിലുണ്ടാകും. അതെനിക്ക് മാത്രമല്ല, പല ആള്‍ക്കാര്‍ക്കും ഇത് കിട്ടുന്നുണ്ട്.
നമ്മള്‍ അന്ധമായിട്ട് എല്ലാം നമ്മളുടേതാണ്, എല്ലാവരും നമ്മളുടേതാണെന്ന് വിശ്വസിച്ച് പോകുമ്പോള്‍ ദൈവം അങ്ങനെയല്ല, ഒന്ന് കണ്ടോളൂ എന്ന് പറഞ്ഞ് കാണിച്ച് തരുന്ന ചില അവസ്ഥകളുണ്ടാകും. അപ്പോഴാണ് നമ്മള്‍ വിശ്വസിക്കുന്ന ആള്‍ക്കാരോ നമ്മളെ സ്നേഹിക്കുന്ന ആള്‍ക്കാരൊക്കെ നമുക്കെതിരെ തിരിഞ്ഞ് സംസാരിക്കുമ്പോള്‍ ഷോക്കായി പോകുന്നത്. എന്തിന്റെ അടിസ്ഥാനത്തില്‍, ഇവര്‍ക്ക് അറിയാമല്ലോ ഞാന്‍ എന്താണെന്ന്.
എന്നിട്ടെന്താ ഇങ്ങനെ സംസാരിക്കുന്നത് എന്നൊക്കെ പറയുന്ന ഒരു കാര്യമുണ്ട്. പിന്നെ കുറെ ആള്‍ക്കാര്‍ തീരുമാനിക്കുകയാണ് ഇനി ഇയാള്‍ വേണ്ട. അത് ഈ ലോകത്തില്‍ എനിക്ക് മാത്രമല്ല. നമ്മള്‍ നമ്മുടെ വളര്‍ച്ച ശ്രദ്ധിക്കുന്നില്ല എന്നതാണ് വിഷയം. നമ്മളിതൊന്നും ശ്രദ്ധിക്കാതെ ഇങ്ങനെ നോര്‍മലായിട്ട് പോയിക്കൊണ്ടിരിക്കുകയാണ്. ആ സമയത്തൊക്കെ എനിക്ക് മാത്രമല്ല പല ആള്‍ക്കാര്‍ക്കും കിട്ടുന്നതാണ് ഇതുപോലെ.
പക്ഷെ കലാരംഗത്ത് നിന്ന് വന്നതില്‍ ഒരു വല്ലാത്ത അടി കിട്ടിയ ഇന്ത്യയിലുള്ള എടുത്ത് പറയേണ്ട ഒരു ഐറ്റമാണ് ഞാന്‍. എന്നാല്‍ ഞാന്‍ ദൈവത്തിലും പ്രേക്ഷകരിലും വിശ്വസിക്കുന്നു. പിന്നെ ഫൈറ്റാണ്, ഒരു പ്രൊസീജിയര്‍ ആണ്. ഞാന്‍ നിയമത്തെ മാനിക്കുന്നു. അത് അന്നുമിന്നും എന്നും അങ്ങനെ തന്നെയാണ്. അതുകൊണ്ട് കൂടുതല്‍ എനിക്ക് അതിനെ കുറിച്ച് ഇപ്പോഴത്തെ അവസ്ഥയില്‍ സംസാരിക്കാന്‍ പറ്റില്ല.
എനിക്ക് സത്യം പറഞ്ഞാല്‍ ഒരു മീറ്റ് ദ പ്രസിന് പോലും പോയിരിക്കാന്‍ പറ്റില്ല. അവിടെ നിന്ന് എന്തെങ്കിലും ചോദ്യമൊക്കെ വന്നാല്‍ അത് കുഴപ്പത്തിലേക്ക് പോകും. അതുകൊണ്ടാണ് ഞാന്‍ പ്രസ് മീറ്റിലൊന്നും പങ്കെടുക്കാത്തത്. കാരണം അതിലേക്ക് പോകുമ്പോള്‍ എനിക്ക് ഒരുപാട് വഴികളിലൂടെ നടന്ന് കാര്യങ്ങളൊക്കെ പറയേണ്ടി വരും. അതുകൊണ്ട് ദൈവം എന്നെങ്കിലും ഒരു ദിവസം അവസരം തരുമ്പോള്‍ അതിനെ കുറിച്ച് സംസാരിക്കാം'.












Click it and Unblock the Notifications