എന്തിന് ദിലീപിന് മാത്രം കരിക്കിന്‍വെള്ളം വാങ്ങിക്കൊടുത്തു? ഞാന്‍ ചെയ്യില്ല- എവി ജോര്‍ജ്
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ 80 ദിവസത്തിലധികം ജയിലില്‍ കഴിഞ്ഞിരുന്നു നടന്‍ ദിലീപ്. ഹൈക്കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ച ശേഷമാണ് അദ്ദേഹം പുറത്തിറങ്ങിയത്. ജയിലില്‍ ദിലീപിന് പ്രത്യേക പരിഗണന ലഭിച്ചുവെന്ന് അക്കാലത്ത് തന്നെ ആക്ഷേപം ഉയര്‍ന്നിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ മുന്‍ ജയില്‍ ഡിജിപി ആര്‍ ശ്രീലേഖ ദിലീപുമായി ബന്ധപ്പെട്ട് നടത്തിയ വെളിപ്പെടുത്തല്‍ വലിയ ചര്‍ച്ചയായി.
ജയിലില്‍ ദിലീപിനെ വളരെ മോശമായ സാഹചര്യത്തില്‍ കണ്ടപ്പോള്‍ ചില സഹായങ്ങള്‍ ചെയ്തുകൊടുത്തു എന്നായിരുന്നു അവര്‍ പറഞ്ഞത്. എന്നാല്‍ മാര്‍ച്ച് 31ന് സര്‍വീസില്‍ നിന്ന് വിരമിച്ച ഐജി എവി ജോര്‍ജ് സംഭവത്തില്‍ പ്രതികരിച്ചിരിക്കുകയാണിപ്പോള്‍. ദിലീപിനെ അറസ്റ്റ് ചെയ്ത വേളയില്‍ അന്വേഷണ സംഘത്തിന് മേല്‍നോട്ടം വഹിച്ചത് എവി ജോര്‍ജ് ആയിരുന്നു...

2017 ഫെബ്രുവരിയിലാണ് നടി ആക്രമിക്കപ്പെട്ടത്. തൃശൂരില്‍ നിന്ന് കൊച്ചിയിലേക്ക് പോകുകയായിരുന്നു അവര്‍. പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ള ക്വട്ടേഷന്‍ സംഘങ്ങളാണ് കേസില്‍ ആദ്യം അറസ്റ്റിലയാത്. അതേ വര്‍ഷം ജൂലൈയിലായിരുന്നു ദിലീപിന്റെ അറസ്റ്റ്. 80 ദിവസത്തിലധികം ദിലീപ് ജയിലില്‍ കഴിഞ്ഞു. ഈ വേളയില്‍ ജയിലിലെത്തി ദിലീപിനെ കണ്ടിരുന്നു ജയില്‍ ഡിജിപി ആയിരുന്ന ആര്‍ ശ്രീലേഖ.

ദിലീപിന് ജയിലില്‍ വലിയ പരിഗണന കിട്ടിയെന്ന് അക്കാലത്ത് ആക്ഷേപമുണ്ടായിരുന്നു. വീട്ടില്‍ നിന്നുള്ള ഭക്ഷണം, കുളിക്കാന്‍ പ്രത്യേക സൗകര്യം, സെല്ലില്‍ പ്രത്യേക പരിചാരകന്‍, സൂപ്രണ്ടിന്റെ മുറിയില്‍ വിശ്രമം... ഇങ്ങനെ പോകുന്ന ആക്ഷേപങ്ങള്‍. ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായിരുന്നു ആര്‍ ശ്രീലേഖ സ്വകാര്യ ചാനലിന്റെ ഷോയില്‍ നടത്തിയ പ്രതികരണം.

കോഴിക്കോട് പരിപാടി കഴിഞ്ഞ് മടങ്ങവെയാണ് ആലുവ ജയിലിലെത്തി പരിശോധന നടത്തിയത്. കരളലിയിപ്പിക്കുന്നതായിരുന്നു കാഴ്ച. വെറുംതറയില്‍ പായവിരിച്ച് തടവുകാര്‍ക്കിയില്‍ കിടക്കുന്ന ദിലീപിനെയാണ് കണ്ടത്. അയാള്‍ക്ക് എഴുന്നേല്‍ക്കാന്‍ കഴിഞ്ഞില്ല. അതിനിടെ വീണുപോയി. വികൃതമായ രൂപമായിരുന്നു. പിന്നീട് ചികില്‍സ നല്‍കാന്‍ നിര്‍ദേശിച്ചുവെന്നും ശ്രീലേഖ ഐപിഎസ് പറഞ്ഞു.

ദിലീപിനെ പിടിച്ച് സൂപ്രണ്ടിന്റെ മുറിയിലെത്തിച്ചു. അയാള്‍ക്ക് ശരിക്ക് സംസാരിക്കാന്‍ വയ്യായിരുന്നു. ഒരു കരിക്ക് കൊടുത്തു. ഒരു ദയയുടെ പുറത്താണ് ഞാന്‍ ഇങ്ങനെ ചെയ്തത്. രണ്ടു പായ് കൊടുത്തു. ഒരു ബ്ലാങ്കറ്റ് നല്‍കി. ചെവിയുടെ പരിശോധന നടത്തി. പ്രത്യേക ഫുഡ് നല്‍കാന്‍ സൗകര്യമൊരുക്കുകയും ചെയ്തുവെന്നും ശ്രീലേഖ പറയുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ട ചോദ്യത്തിന് എവി ജോര്‍ജ് നല്‍കിയ മറുപടി മറ്റൊന്നാണ്.

ജയിലില്‍ എല്ലാവര്‍ക്കും തുല്യ പരിഗനയാണ് ലഭിക്കുക. ദിലീപ് പ്രത്യേകമായി എന്തെങ്കിലും പരിഗണ നല്‍കാനാകില്ല. പരിഗണന നല്‍കിയെങ്കില്‍ എന്തിന് അങ്ങനെ ചെയ്തുവെന്ന് ആര്‍ ശ്രീലേഖയാണ് പറയേണ്ടത്. സാധാരണക്കാരനും വലിയ പദവിയുള്ളയാള്‍ക്കും ഒരുപോലെയാണ് ജയില്‍ പരിഗണന എന്നും എവി ജോര്‍ജ് റിപ്പോര്‍ട്ടര്‍ ചാനലിനോട് പറഞ്ഞു.

ഫൈവ്സ്റ്റാര്‍ പദവിയിലിരുന്ന വ്യക്തി ജയിലിലെത്തുമ്പോള്‍ മാനസികവും ശാരീരികവുമായ വിഷമതകള്‍ നേരിടും. അല്ലാതെ മറ്റൊന്നുമില്ല. പോലീസുകാര്‍ ഉപദ്രവിച്ചിട്ട് അവിടെ കൊണ്ടിട്ടതല്ലല്ലോ. ദിലീപ് പോലും പോലീസുകാര്‍ ഉപദ്രവിച്ചു എന്ന് പറഞ്ഞിട്ടില്ല. പ്രത്യേക സൗകര്യം എന്തിന് നല്‍കിയെന്ന് ശ്രീലേഖയോട് ചോദിക്കണം. എന്തിന് ദിലീപിന് മാത്രം കരിക്കിന്‍ വെള്ളം വാങ്ങികൊടുത്തു. ഞാനാണെങ്കില്‍ ചെയ്യില്ല. ജയിലില്‍ എല്ലാവരും തുല്യരാണെന്നും എവി ജോര്‍ജ് പറഞ്ഞു.

ജയിലില്‍ ദിലീപിന് പ്രത്യേക പരിഗണന ലഭിച്ചുവെന്നാണ് സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ പറഞ്ഞത്. ദിലീപിനെ ജയിലിലെത്തി സന്ദര്‍ശിച്ചവരില്‍ ഒരാളാണ് ബാലചന്ദ്ര കുമാര്‍. മണിക്കൂറുകളോളം ഞങ്ങളുമായി ദിലീപ് സംസാരിച്ചുവെന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നു. സൂപ്രണ്ടിനെ വിളിച്ചാണ് പോയത്. കാവി വസ്ത്രമാണ് ദിലീപ് ധരിച്ചിരുന്നത്. മറ്റു തടവുകാരൊന്നും ഇങ്ങനെ ആയിരുന്നില്ല. ദിലീപിന് ആദ്യ ദിനം മുതല്‍ വെള്ളവും ഭക്ഷണവും വീട്ടില്‍ നിന്ന് കൊടുത്തയച്ചിരുന്നുവെന്നും ബാലചന്ദ്രകുമാര്‍ പറയുയുന്നു.












Click it and Unblock the Notifications