ബാലചന്ദ്രകുമാറിനെ ദിലീപിന്റെ അഭിഭാഷകർ വെള്ളം കുടിപ്പിക്കുമോ? വീഡിയോ കോൺഫൻസിലൂടെ വിസ്താരം തുടങ്ങി
തിരുവനന്തപുരത്ത് വെച്ചാണ് ബാലചന്ദ്രകുനാർ വീഡിയോ കോൺഫറൻസിൽ ഹാജരാകുന്നത്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ തുടർ വിസ്താരം തുടങ്ങി. ഇന്ന് മുതൽ വീഡിയോ കോൺഫറൻസിംഗ് വഴിയാണ് ക്രോസ് വിസ്താരം ആരംഭിച്ചത്. വൃക്ക രോഗത്തെ തുടർന്ന് ചികിത്സയിൽ ആയതിനാൽ ബാലചന്ദ്രകുമാറിന്റെ അപേക്ഷ പരിഗണിച്ചാണ് തുടർ വിസ്താരം വീഡിയോ കോൺഫറൻസ് വഴി നടത്താൻ വിചാരണ കോടതി തീരുമാനിച്ചത്. തിരുവനന്തപുരത്ത് വെച്ചാണ് ബാലചന്ദ്രകുനാർ വീഡിയോ കോൺഫറൻസിൽ ഹാജരാകുന്നത്.

ദിലീപ് ഭാഗത്തിന്റെ വിസ്താരം ആരംഭിക്കാനിരിക്കെ
നടി ആക്രമിക്കപ്പെട്ട കേസിലെ സുപ്രധാന സാക്ഷിയാണ് സംവിധായകൻ ബാലചന്ദ്രകുമാർ. കേസിൽ തുടർ വിചാരണ ആരംഭിച്ചപ്പോൾ തന്നെ ബാലചന്ദ്രകുമാറിനെ പ്രോസിക്യൂഷൻ വിസ്തരിച്ചിരുന്നു. എന്നാൽ പ്രതിഭാഗത്തിന്റെ വിസ്താരം ആരംഭിക്കാനിരിക്കെ ബാലചന്ദ്രകുമാറിന് വൃക്കാരോഗം മൂർച്ഛിക്കുകയായിരുന്നു. രണ്ട് വൃക്കകളും തകരാറിലായ ബാലചന്ദ്രകുമാർ ഡയാലിസിസിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്. ഇതോടെയാണ് തുടർ വിസ്താരം വീഡിയോ കോൺഫറൻസ് വഴി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബാലചന്ദ്രകുമാർ കോടതിയെ സമീപിച്ചത്.

കടുത്ത എതിർപ്പായിരുന്നു ദിലീപ് ഉയർത്തിയത്
രോഗം ഗുരുതരമായ സാഹചര്യത്തിൽ എറണാകുളത്തേക്കുള്ള യാത്ര ഒഴിവാക്കാനാണ് ഡോക്ടർമാർ നിർദ്ദേശിച്ചതെന്നും അതിനാൽ വീട്ടിൽ വെച്ച് തന്നെ വിചാരണ പൂർത്തിയാക്കാൻ അനുവദിക്കണമെന്നുമായിരുന്നു ബാലചന്ദ്രകുമാറിന്റെ ആവശ്യം. എന്നാൽ ഇതിനെതിരെ കടുത്ത എതിർപ്പായിരുന്നു കേസിലെ എട്ടാം പ്രതിയായ നടൻ ദിലീപ് ഉയർത്തിയത്. ബാലചന്ദ്രകുമാർ കോടതിയെ തെറ്റിധരിപ്പിക്കുകയാണെന്നായിരുന്നു ദിലീപിന്റ വാദം. ബാലചന്ദ്രകുമാർ ചാനലുകളിൽ അഭിമുഖം നൽകുന്നുണ്ടെന്നും അതിനാൽ വിചാരണ നേരിട്ട് തന്നെ വേണമെന്നും ദിലീപ് ആവശ്യപ്പെട്ടിരുന്നു.

ചികിത്സാ രേഖകള്‍ ഉള്‍പ്പെടെ വിശദമായി പരിശോധിച്ച്
അതേസമയം ബാലചന്ദ്രകുമാറിന്റെ ഹർജി പരിഗണിച്ച വിചാരണ കോടതി തിരുവനന്തപുരത്ത് വെച്ച് നേരിട്ട് വിസ്താരം നടത്താനായിരുന്നു തുടക്കത്തിൽ തീരുമാനിച്ചിരുന്നത്. എന്നാൽ നിയമ തടസം ചൂണ്ടിക്കാണിച്ച് ഹൈക്കോടതി ഇത് തടഞ്ഞതോടെയാണ് വീഡിയോ കോണ്‍ഫറന്‍സിലേക്ക് മാറ്റിയത്. ചികിത്സാ രേഖകള്‍ ഉള്‍പ്പെടെ വിശദമായി പരിശോധിച്ചതിനു ശേഷമായിരുന്നു ഹൈക്കോടതിയുടെ തീരുമാനം

ബാലചന്ദ്രകുമാറിന്റെ വിസ്താരം പൂർത്തിയാക്കണമെന്നാണ്
നാല് ദിവസത്തിനുളളിൽ ബാലചന്ദ്രകുമാറിന്റെ വിസ്താരം പൂർത്തിയാക്കണമെന്നാണ് കോടതിയുടെ നിർദ്ദേശം. അതേസമയം വിചാരണ വീഡിയോ കോൺഫറൻസിംഗിലേക്ക് മാറ്റിയത് പ്രതിഭാഗത്തിന് എന്ന പോലെ തന്നെ പ്രോസിക്യൂഷനും ദോഷം ചെയ്തേക്കാമെന്നാണ് നിയമവിദഗ്ദർ അഭിപ്രായപ്പെടുന്നത്. സാക്ഷിയെ ഫിസിക്കൽ പ്രസൻസിൽ വിസ്തരിക്കുമ്പോൾ ലഭിക്കുന്ന പൂർണത വീഡിയോ കോൺഫറൻസിലൂടെ നടക്കുമെന്ന് തോന്നുന്നില്ലെന്നായിരുന്നു നേരത്തേ അഭിഭാഷകനായ പ്രിയദർശൻ തമ്പി അഭിപ്രായപ്പെട്ടത്.

അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ് ഉൾപ്പെടെ
വീഡിയോ കോൺഫറൻസിലൂടെ വിസ്തരിക്കുമ്പോൾ സാക്ഷി തന്റെ വീടുപോലുള്ള സുരക്ഷിത സ്ഥലത്താണ് ഇരിക്കുന്നതെങ്കിലും പലപ്പോഴും ഇത്തരം സന്ദർഭങ്ങളിൽ പ്രതിഭാഗത്തിന്റെ ചില ഹൈപ്പോത്തറ്റിക്കൽ ചോദ്യങ്ങൾക്ക് ഉൾപ്പെടെ യെസ് പറഞ്ഞ് പോകുന്ന ഒരു സാഹചര്യം ഉണ്ടെന്നും ഇത് കേസിൽ പ്രോസിക്യൂഷന് തിരിച്ചടിയാകാൻ സാധ്യത ഉണ്ടെന്നും പ്രിയദർശൻ തമ്പി ചൂണ്ടിക്കാട്ടിയിരുന്നു. അതേസമയം ബാലചന്ദ്രകുമാറിന്റെ വിസ്താരം പൂർത്തിയാക്കുന്നതോടെ ഇനി അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ് ഉൾപ്പെടെ ചുരുക്കം സാക്ഷികളെ മാത്രമാണ് വിസ്തരിക്കാൻ ഉണ്ടാകുക.

വിചാരണ പൂർത്തിയാക്കാൻ ആറ് മാസത്തെ സമയം
കേസിൽ നേരത്തേ വിചാരണ ജനവരി മാസത്തിൽ പൂർത്തിയാക്കണമെന്നായിരുന്നു സുപ്രീം കോടതി നിർദ്ദേശിച്ചത്. എന്നാൽ കൂടുതൽ സാക്ഷികളെ വിസ്തരിക്കേണ്ട സാഹചര്യത്തിൽ വിചാരണ നീണ്ടുപോകുകയായിരുന്നു. വിചാരണ പൂർത്തിയാക്കാൻ ആറ് മാസത്തെ സമയം വിചാരണ കോടതി ഹൈക്കോടതിയോട് തേടിയിട്ടുണ്ട്. എത്രയും പെട്ടെന്ന് വിചാരണ പൂർത്തിയാക്കി വിധി പറയാനായിരിക്കും വിചാരണ കോടതിയുടെ തീരുമാനം.












Click it and Unblock the Notifications