
'ആരുമില്ലേ എന്റെ കൂടെ എന്ന ഭയം അവള്‍ക്കുണ്ടായിരിക്കാം, കാര്യങ്ങള്‍ മുഖ്യമന്ത്രി ഗൗരവത്തോടെ എടുത്തിട്ടുണ്ട്'
തിരുവനന്തപുരം : അതിജീവിതയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രിയുടെ മറുപടിയില്‍ പൂര്‍ണ തൃപ്തയാണെന്ന് നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. അതിജീവിത മുഖ്യമന്ത്രിയെ കണ്ട് പുറത്തിറങ്ങിയപ്പോള്‍ തന്നെ ഡി ജി പിയെയും എ ഡി ജിപിയെയും മുഖ്യമന്ത്രി വിളിച്ച് വരുത്തിയിട്ടുണ്ട് . കാര്യങ്ങള്‍ ഗൗരവത്തോടെ എടുത്തിട്ടുണ്ടെന്നാണ് ഇതിലൂടെ മനസിലാകുന്നതെന്നും ഭാഗ്യലക്ഷ്മി മാധ്യമങ്ങളോട് പ്രതികരിച്ചു . ഭാഗ്യലക്ഷ്മിയുടെ വാക്കുകളിലേക്ക് . . .

അതിജീവിതയും കുടുംബവുമായി മുഖ്യമന്ത്രിയുമായി സംസാരിച്ചത്. അവരുടെ സ്വകാര്യത മാനിച്ച് താനും കൂടിക്കാഴ്ചയില്‍ നിന്ന് താന്‍ സ്വമേധയാ മാറി നില്‍ക്കുകയായിരുന്നു. എല്ലാവരും സര്‍ക്കാരിനെതിരെ പറയുമ്പോള്‍ താന്‍ ചെയ്തത് തെറ്റാണോയെന്ന ഭയം അവള്‍ക്കുണ്ടായിരിക്കാം. രാഷ്ട്രീയം എന്താണെന്ന് അറിയാത്ത ആള്‍ക്ക് ഭയം ഉണ്ടാകുമെന്നും ഭാഗ്യലക്ഷ്മി കൂട്ടിച്ചേര്‍ത്തു.

ഇതിന് മുമ്പ് ഒരു നിവേദനം കൊടുത്തിട്ടുണ്ട്. പറയാനുള്ള എല്ലാ കാര്യങ്ങളും അതിലുണ്ട്. ഒന്നുകൊണ്ടും ആശങ്കപ്പെടേണ്ട. അവിടുന്നും ഇവിടുന്നും വരുന്ന വാര്‍ത്തകളൊന്നും വിശ്വസിക്കുകയോ കേള്‍ക്കുകയോ ചെയ്യരുതെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. അതിജീവിതയ്ക്കെതിരായി സര്‍ക്കാര്‍ ഒരു കാര്യവും ചെയ്യില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

ഹര്‍ജിയില്‍ സര്‍ക്കാരിനെതിരായ പരാമര്‍ശത്തില്‍ മുഖ്യമന്ത്രി ഒന്നും പറഞ്ഞിട്ടില്ല. അതിനെ കുറിച്ച് സംസാരിക്കേണ്ടി വന്നിട്ടില്ല. അതിനെ അതിന്റേതായ രീതിയില്‍ തന്നെയാണ് മുഖ്യമന്ത്രി എടുത്തിട്ടുള്ളത് എന്നാണ് സംസാരത്തില്‍ മനസിലായത് കോടതിയിലെ കാര്യങ്ങലെ കുറിച്ചൊന്നും പരാമര്‍ശം ഉണ്ടായിട്ടില്ല.

ആരുമില്ലേ എന്റെ കൂടെ എന്ന ഭയം അവള്‍ക്കുണ്ടായിരിക്കാം. ശ്രീജിത്ത് ഐ പി എസിന്റെ കാര്യങ്ങളും നിവേധനത്തിലുണ്ട്. അതിന് തീര്‍ച്ചയായും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് മറുപടിയുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. അന്വേഷണം നിര്ത്തിവയ്ക്കരുതെന്നും തുടരന്വേഷണം വേണമെന്നുമാണ് നിവേദനത്തിലൂടെ അറിയിച്ചിട്ടുള്ളത്.

കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുമ്പ് കാര്യങ്ങള്‍ കൂടുതല്‍ അന്വേഷിക്കണം. മുഖ്യമന്ത്രിയുടെ മറുപടിയില്‍ പൂര്‍ണ തൃപ്തയാണെന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കി. മുഖ്യമന്ത്രിയും ഒരു പെണ്‍കുട്ടിയുടെ അച്ഛനാണ്. അദ്ദേഹത്തിന് അവളുടെ വേദന മനസിലാക്കാന്‍ കഴിയണം. സഹോദരനും ഭര്‍ത്താവും അതിജീവിതയുമാണ് മുഖ്യമന്ത്രിയെ കണ്ടതെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

അതേസമയം, അതിജീവിതയ്ക്ക് നീതി ഉറപ്പാക്കാനാവശ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. സെക്രട്ടേറിയറ്റിലെ ചേംബറില്‍ രാവിലെ 10 മണിക്ക് അതിജീവിതയുമായി നടന്ന കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. കൂടിക്കാഴ്ച പതിനഞ്ച് മിനിറ്റോളം നീണ്ടുനിന്നു.

കേസിനെ സംബന്ധിക്കുന്ന ചില ആശങ്കകള്‍ അതിജീവിത മുഖ്യമന്ത്രിയെ അറിയിച്ചു. കേസില്‍ തുടക്കം മുതല്‍ സര്‍ക്കാര്‍ ചെയ്ത കാര്യങ്ങള്‍ മുഖ്യമന്ത്രി വിശദീകരിച്ചു. എന്നും അതിജീവിതയ്ക്കൊപ്പമാണ് സര്‍ക്കാര്‍ നിലകൊണ്ടത്. ആ നില തന്നെ തുടര്‍ന്നും ഉണ്ടാകും. ഇത്തരം കേസുകളില്‍ എതിര്‍പക്ഷത്ത് എത്ര ഉന്നതനായാലും നടപടി ഉണ്ടാകും.

കോടതിയെ സമീപിക്കാന്‍ ഇടയായത് സര്‍ക്കാര്‍ നടപടിയില്‍ ഏതെങ്കിലും തരത്തിലുള്ള വീഴ്ചകളുടെ പേരിലല്ലെന്ന് അതിജീവിത പറഞ്ഞു. കേസില്‍ നടന്നിട്ടുള്ള ചില കാര്യങ്ങളില്‍ കോടതിയുടെ അനുകൂല ഉത്തരവ് പ്രതീക്ഷിച്ചും അന്വേഷണത്തിന് കൂടുതല്‍ സമയം ലഭിക്കാനും വേണ്ടിയാണ് ഇത് ചെയ്തത്. കൂടെനില്‍ക്കുന്ന സര്‍ക്കാരിനും മുഖ്യമന്ത്രിക്കും അവര്‍ നന്ദി പറഞ്ഞു.

അതിജീവതയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മുഖ്യമന്ത്രി അടിയന്തിരമായി സംസ്ഥാന പോലീസ് മേധാവിയെയും ക്രൈംബ്രാഞ്ച് എ.ഡി.ജി.പിയെയും ചേംബറില്‍ വിളിച്ചുവരുത്തി. അതിജീവിത ഉന്നയിച്ച കാര്യങ്ങള്‍ സംബന്ധിച്ചും കേസന്വേഷണം കാര്യക്ഷമമാക്കുന്നതിനും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ മുഖ്യമന്ത്രി നല്കി.
സർക്കാരിനെതിരെ പറഞ്ഞിട്ടില്ലെന്ന് അതിജീവിത, 'മുഖ്യമന്ത്രിയുടെ വാക്കുകളില്‍ പരിപൂര്‍ണ വിശ്വാസം'