'ദിലീപ് ജനുവിനാണെന്ന് തോന്നാൻ കാരണം.. നടിക്ക് സംഭവിച്ചതിൽ വിഷമം ഉണ്ട്'; പ്രതികരിച്ച് വീണ നായർ
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ തുടരുന്നതിനിടെയും നടൻ ദിലീപിനെ പിന്തുണച്ച് കൊണ്ടെത്തുന്ന സിനിമാ താരങ്ങൾക്ക് യാതൊരു കുറവും ഇല്ല. ഏറ്റവും ഒടുവിലായി ദിലീപ് അത് ചെയ്യുമെന്ന് വിശ്വസിക്കുന്നില്ലെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ബിഗ് ബോസ് താരവും നടിയുമാണ് വീണ നായർ. ഇപ്പോഴും എന്ത് ആവശ്യത്തിനും വിളിക്കാൻ കഴിയുന്ന വളരെ ജെനുവിൻ ആയ വ്യക്തിയാണ് ദിലീപ് എന്ന് നടി പറയുന്നു. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലാണ് വീണയുടെ പ്രതികരണം. വായിക്കാം

'ദിലീപേട്ടന്റെ കൂടെയാണ് ഞാൻ ഏറ്റവും കൂടുതൽ അഭിനയിച്ചിട്ടുള്ളത്. എനിക്ക് ഭയങ്കര ഇഷ്ടമുള്ള , ഇപ്പോഴും നമ്മുക്ക് എന്തെങ്കിലും ആവശ്യം വരുമ്പോൾ, എന്തെങ്കിലും അപകടം നമ്മുക്ക് വന്നുവെന്ന് അറിയുമ്പോൾ വിളിച്ചിട്ട് എടി നീ ഒകെയല്ലേ എന്ന് ചോദിക്കുന്ന നടനാണ് അദ്ദേഹം. അദ്ദേഹത്തിന്റെ പ്രശ്നങ്ങളും വിഷയങ്ങളും കേൾക്കുന്നുണ്ട്. പക്ഷേ അതൊക്കെ സത്യമാണോ അല്ലയോ എന്ന് ഇന്ന് വരെ അറിയില്ല.

എനിക്ക് വ്യക്തിപരമായി അറിയുന്നിടത്തോളം അദ്ദേഹം എന്തുമാത്രം നല്ലതാണെന്ന് എനിക്ക് അറിയാം. കാരണം ഞാൻ ഇപ്പോ താമസിക്കുന്ന ഫ്ളാറ്റിലേക്ക് വന്ന ശേഷമാണ് എന്റെ മുട്ടിൽ സർജറി നടന്നത്. ലിഗ്മെന്റ് മാറ്റി വെച്ചിരുന്നു. ആ സമയത്തൊക്കെ ഞാൻ തനിച്ചായിരുന്നു. ഇൻഡസ്ട്രിയിൽ ഉള്ള വളരെ കുറച്ച് പേർ മാത്രമാണ് എന്നെ വിളിച്ച് അന്വേഷിച്ചത്.

ദിലീപ് ഏട്ടൻ എങ്ങനെയോ അറിഞ്ഞിട്ട് എന്നെ വിളിച്ചു. നിനക്ക് സർജറിയാണെന്ന് അറിഞ്ഞല്ലോ, നിനക്ക് കുഴപ്പമൊന്നും ഇല്ലല്ലോ, എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിക്കണം കേട്ടേ എന്ന് പറഞ്ഞ് വിളിച്ചു. പിന്നീട് എല്ലാ ആഴ്ചയിലും വിളിക്കുമായിരുന്നു. സർജറി കഴിഞ്ഞ് നാലാം ദിവസം വിളിച്ചു, പിന്നെ വീണ്ടും വിളിച്ചു. ഇപ്പോൾ കൂടെ രണ്ടോ മൂന്നോ ആഴ്ച കൂടുമ്പോൾ വിളിച്ചിട്ട് മോളേ നീ ഒകെയല്ലേ കൊഴപ്പമൊന്നും ഇല്ലല്ലോയെന്ന് ചോദിക്കും.

ഞാനും മോനും ചേച്ചിയുമാണ് ഫ്ലാറ്റിലുള്ളത്. വിവരങ്ങൾ അന്വേഷിച്ച് വിളിക്കും അദ്ദേഹം. എന്തെങ്കിലും എമർജെൻസി ഉണ്ടെങ്കിൽ വിളിക്കണം കേട്ടോയെന്ന് പറയും, ഒരുചേട്ടനെ പോലെ ഞാൻ ഇവിടെ കാണും എന്ന് പറയും. അദ്ദേഹത്തിന് അതിന്റെ ആവശ്യമൊന്നുമില്ല. ഞാൻ അദ്ദേഹവുമായി സിനിമയ ചെയ്ത ഒരു ആർട്ടിസ്റ്റ് അല്ല. വർക്ക് ചെയ്തിട്ടുണ്ടെന്നല്ലാതെ അങ്ങനെ എന്നെ വ്യക്തിപരമായി പുള്ളിക്ക് എന്നെ അറിയത്തും ഇല്ല.

പക്ഷേ വയ്യ എന്ന ഒരു അവസ്ഥ വന്നപ്പോഴാണ് പുള്ളി എനിക്ക് വീണ്ടും മെസേജ് അയച്ചത്. അതിനിടയിൽ എന്നെ വിളിച്ചിട്ടേ ഇല്ല.സർജറി ആണെന്ന് അറിഞ്ഞിട്ടാണ് കുറെ നാൾ കഴിഞ്ഞ് വീണ്ടും വിളിക്കുന്നത്. അപ്പോൾ എനിക്ക് തോന്നി അതിലൊരു ജെനുവിനിറ്റി ഉണ്ടെന്ന്. പിന്നെ മറ്റേ ഇഷ്യൂസ് എല്ലാം നമ്മുക്ക് ഒരു സൈഡിലൂടെ അറിയാം. നമ്മുടെ സഹപ്രവർത്തകയ്ക്ക് പറ്റിയ ബുദ്ധിമുട്ടിൽ ഒരുപാട് വിഷമമുണ്ട്.

നടി ആക്രമിക്കപ്പെട്ട കേസിൽ ഇന്നല്ലെങ്കിൽ നാളെ സത്യം പുറത്ത് വരണം. ഒരു സ്ത്രീ എന്ന നിലയിൽ ഞാനും അത് വ്യക്തിപരമായി ആഗ്രഹിക്കുന്ന കാര്യമാണ്. പക്ഷേ വ്യക്തിപരമായി അറിയുന്ന ആളാണ് ദിലീപേട്ടൻ എന്ന നിലയിൽ അദ്ദേഹം അങ്ങനെ ചെയ്യുമെന്ന് എനിക്ക് തോന്നുന്നില്ല', വീണ നായർ പറഞ്ഞു.












Click it and Unblock the Notifications