ദിലീപിനെ ഒരു ചുക്കും ചെയ്യില്ല: കാവ്യയെ നിർത്തിപ്പൊരിച്ചെന്ന്: എന്താണ് ഈ പറയുന്നത്': സജി നന്ത്യാട്ട്
നടിയെ ആക്രമിക്കാന്‍ പള്‍സർ സുനിക്ക് ക്വട്ടേഷന്‍ കൊടുത്തു എന്നുള്ളതാണ് ദിലീപിന് എതിരായ കുറ്റം

നടി ആക്രമിക്കപ്പെട്ട കേസിലെ എട്ടാം പ്രതിയായ ദിലീപിനെ അനുകൂലിച്ചുകൊണ്ട് സംസാരിക്കുന്ന വ്യക്തികളില്‍ ഒരാളാണ് നിർമ്മാതാവായ സജി നന്ത്യാട്ട്. കേസിന്റെ തുടക്കം മുതല്‍ തന്നെ ചാനല്‍ ചർച്ചകളില്‍ ദിലീപിനെ അനുകൂലിച്ചുകൊണ്ട് സംസാരിക്കുന്ന അദ്ദേഹം പള്‍സർ സുനിയും സംഘവും മാത്രമാണ് കുറ്റക്കാരനാണെന്നാണ് അവകാശപ്പെടുന്നത്.
അടുത്ത കാലം വരേയും അദ്ദേഹം ദിലീപ് കേസുമായി ബന്ധപ്പെട്ട ചാനല്‍ ചർച്ചകളില്‍ പങ്കെടുത്തിരുന്നെങ്കിലും അടുത്തിടെ ഇത്തരം ചർച്ചകളില്‍ നിന്നും വിട്ട് നില്‍ക്കുകയാണ് സജി നന്ത്യാട്ട്. ഇപ്പോഴിതാ ദിലീപിനെതിരെ സമൂഹമാധ്യമങ്ങള്‍ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ചിലർ ഉന്നയിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി രംഗത്ത് വന്നിരിക്കുകയാണ് സജി നന്ത്യാട്ട്. സ്വന്തം യൂട്യൂബ് ചാനലിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.. സജി നന്ത്യാട്ടിന്റെ വാക്കുകളിലേക്ക്...

ദിലീപിനെ തേജോവധം ചെയ്യുകയാണ്
അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ച് ദിലീപിനെ തേജോവധം ചെയ്യുകയാണ്. ഇതിനായി ക്വട്ടേഷന്‍ എടുത്തവരുണ്ട്. കാവ്യയേയും അച്ഛനേയും അമ്മേയും നിർത്തിപ്പൊരിച്ചെന്നൊക്കെയാണ് ചിലർ പറയുന്നത്. രഹസ്യ വിചാരണ നടക്കുന്ന കോടതിയിലെ വിവരം ഇവരൊക്കെ എങ്ങനെ അറിഞ്ഞു. ആളുകളെ തെറ്റിദ്ധരിപ്പിക്കാനും തങ്ങളുടെ ചാനലുകള്‍ കൂടുതല്‍ ആളുകള്‍ കാണുന്നതിന് വേണ്ടിയും ചിലർ ഇറങ്ങിത്തിരിച്ചിരിക്കുകയാണ്.

സോഷ്യല്‍ മീഡിയയിലൂടെ വഞ്ചിക്കുകയാണ്
ഹോമിയോ ഗുളിക പോലെ കുറച്ച് മധുരം കൊടുത്ത്, അകത്ത് ഒന്നുമില്ലാതെ ആളുകളെ ചിലർ സോഷ്യല്‍ മീഡിയയിലൂടെ വഞ്ചിക്കുകയാണ്. സത്യസന്ധമായ വാർത്തകള്‍ കൊടുത്ത് വേണം പ്രേക്ഷകരെ ഉണ്ടാക്കാന്‍. അങ്ങനെയാണെങ്കിലെ സ്ഥിരമായി ചാനല്‍ കാണാന്‍ ആളുകള്‍ ഉണ്ടാവുകയുള്ളു. അതല്ലാതെ ഇത്തരം പൈങ്കിളി കഥകളും ഇക്കിളി കഥകളും പറഞ്ഞ് അളുകളെ ഉണ്ടാക്കാന്‍ ശ്രമിക്കുന്നതിലും നല്ലത് തെണ്ടിതിന്നുന്നതാണ്.

ദിലീപ് മറുപടി പറയണമെന്ന് പറയാന്‍ നീ ആരാണ്
ദിലീപ് മറുപടി പറയണം, മറുപടി പറയണം എന്നാണ് ഇവരൊക്കെ പറയുന്നത്. ദിലീപ് മറുപടി പറയണമെന്ന് പറയാന്‍ നീ ആരാണ്. ദിലീപ് മറുപടി പറയേണ്ടത് ബഹുമാനപ്പെട്ട കോടതിയോടാണ്. കേസിന്റെ മെറിന്റിനെക്കുറിച്ചൊന്നും ആരും സംസാരിക്കുന്നില്ലാലോ. കുറെ ഇല്ലാക്കഥകളും കുറേ വേണ്ടാത്ത കാര്യങ്ങളും പറഞ്ഞ് നടക്കുന്നത് അല്ലാതെ കേസ് എന്താമെന്ന് പോലും ആരും പറയുന്നില്ല.

ദിലീപിന് എതിരായ ആരോപണം
ഈ കേസ് എന്താണെന്ന് ആദ്യം പഠിച്ചിട്ട് വേണം സാമൂഹ്യമാധ്യമങ്ങളില്‍ ചർച്ച ചെയ്യാന്‍. നടിയെ ആക്രമിക്കാന്‍ പള്‍സർ സുനിക്ക് ക്വട്ടേഷന്‍ കൊടുത്തു എന്നുള്ളതാണ് ദിലീപിന് എതിരായ ആരോപണം. ഇക്കാര്യം തെളിയിക്കാന്‍ പറ്റുമോ എന്നുള്ളതാണ് പ്രധാന കാര്യം. ഇത് തെളിയിക്കാന്‍ സാധിച്ചില്ലെങ്കില്‍ എന്തൊക്കെ പറഞ്ഞാലും ഒരു കാര്യവും ഉണ്ടാവില്ല.

കുറ്റക്കാരനാണ് എന്നതിന് തെളിവുണ്ടോയെന്ന്
ദിലീപ് കുറ്റക്കാരനാണ് എന്നതിന് തെളിവുണ്ടോയെന്ന് കോടതിയാണ് തീരുമാനിക്കേണ്ടത്. അല്ലാതെ കുറച്ച് ഓഡിയോ പുറത്ത് വന്നത് കൊണ്ടൊന്നും കാര്യമില്ല. കോടതിക്ക് മുമ്പില്‍ കൃത്യമായ തെളിവ് എത്തണം. ആ തെളിവ് ഉണ്ടെങ്കില്‍ ദിലീപ് അല്ല, ആര് തന്നെയായാലും ശിക്ഷിക്കപ്പെടും. നിരപരാധിയാണെങ്കില്‍ എന്തൊക്കെ ആക്ഷേപം നടത്തിയാലും ഒരു കാര്യവും ഇല്ല.

നിയമവും കോടതിയുണ്ട്
ദിലീപ് നിരപരാധിയാണെങ്കില്‍ ഒരു ചുക്കും അദ്ദേഹത്തെ ചെയ്യാന്‍ സാധിക്കില്ല. ഇവിടെ നിയമവും കോടതിയുണ്ട്. നിരപരാധികള്‍ ശിക്ഷിക്കപ്പെടാന്‍ പാടില്ല. ഒരാള്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അതിലെ തെളിവ് ദൈവം തന്നെ കൊണ്ടുവരും. അല്ലാതെ പണമുണ്ടാക്കാന്‍ സോഷ്യല്‍ മീഡിയയിലൂടെ എന്തും വിളിച്ച് പറയരുത്. നിങ്ങള്‍ പറയുന്നത് വിശ്വസിക്കാന്‍ നില്‍ക്കുന്നവരല്ല ഇവിടുത്തെ ആളുകളെന്നും സജി നന്ത്യാട്ട് കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications