'അന്വേഷണത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ല'; എല്ലാവരെയും ചോദ്യം ചെയ്യുമെന്ന് ക്രൈംബ്രാഞ്ച് എഡിജിപി
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ലെന്ന് എ ഡി ജി പി എസ് ശ്രീജിത്ത്. കേസുമായി ബന്ധപ്പെട്ട് നേരത്തെ തീരുമാനിച്ച എല്ലാവരെയും ചോദ്യം ചെയ്യും. കേസ് ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണ്. അന്വേഷണത്തിന്റെ വിവരങ്ങള്‍ ഇപ്പോള്‍ മാധ്യമങ്ങളോട് പറയാനാകില്ലെന്ന് എ ഡി ജി പി മാധ്യമങ്ങളോട് പറഞ്ഞു.

കേസിന്റെ തുടരന്വേഷണവുമായി ബന്ധപ്പെട്ട് കാവ്യ ഉള്‍പ്പടെയുള്ളവരെയാകും ചോദ്യം ചെയ്യുക. അന്വേഷണത്തിന്റെ ഭാഗമായി കാവ്യയെ ആലുവയിലെ പത്മസരോവരം വീട്ടില്‍ വച്ച് ചോദ്യം ചെയ്യുമെന്ന് നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍ അത് മാറ്റിവയ്ക്കുകയായിരുന്നു. ആക്രമിക്കപ്പെട്ട നടിയും കാവ്യയും തമ്മില്‍ മുന്‍ വൈരാഗ്യമുണ്ടെന്ന തരത്തിലുള്ള ഫോണ്‍ സംഭാഷണം പുറത്തുവന്നിരുന്നു. ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സുരാജും ശരത്തും തമ്മിലുള്ള സംഭാഷണത്തില്‍ കാവ്യയായിരുന്നു കേസില്‍ കുടുങ്ങേണ്ടത് എന്ന പരാമര്‍ശമുണ്ടായിരുന്നു.
ഇതിനിടെ, ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ക്രൈം ബ്രാഞ്ച് തെളിവുകള്‍ കൈമാറി. വിചാരണ കോടതി ഹര്‍ജി ഈ മാസം 26ന് പരിഗണിക്കാന്‍ മാറ്റി. ഇക്കാര്യത്തില്‍ ദിലീപിന്റെ മറുപടി സത്യവാങ്മൂലം അന്ന് ഫയല്‍ ചെയ്യണം.
അതേസമയം, ദിലീപിന്റെ ഫോണില്‍ നിന്ന് കോടതി രേഖകള്‍ കണ്ടെടുത്ത സംഭവത്തില്‍ കോടതി ജീവനക്കാരെ ചോദ്യം ചെയ്യണമെന്ന അപേക്ഷ മാധ്യമങ്ങള്‍ക്ക് എങ്ങിനെ ലഭിച്ചന്ന് പ്രോസിക്യൂഷന് വ്യക്തമാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ബൈജു പൗലോസും ക്രൈംബ്രാഞ്ച് മേധാവി എസ് ശ്രീജിത്തും നല്‍കിയ വിശദീകരണങ്ങള്‍ തൃപ്തികരമല്ലെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.
ജാമ്യ വ്യവസ്ഥകള്‍ ദിലീപ് ലംഘിച്ചെന്ന് ചൂണ്ടിക്കാണിച്ചാണ് ക്രൈം ബ്രാഞ്ച് ഹര്‍ജി സമര്‍പ്പിച്ചത്. സാക്ഷികളെ സ്വാധീനിക്കാനും തെളിവുകള്‍ നശിപ്പിക്കാനും ദിലീപ് ശ്രമിച്ചതിന് തെളിവുകളുണ്ടെന്നാണ് ഹര്‍ജിയില്‍ അന്വേഷണ സംഘം ആരോപിക്കുന്നത്. നേരത്തെ ജിന്‍സണ്‍, വിപിന്‍ലാല്‍ എന്നീ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന് പീച്ചി പൊലീസും ബേക്കല്‍ പൊലീസും രജിസ്റ്റര്‍ ചെയ്ത കേസുകള്‍ ചൂണ്ടികാട്ടി ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ അന്വേഷണസംഘം ശ്രമിച്ചെങ്കിലും കോടതി അനുവദിച്ചിരുന്നില്ല.












Click it and Unblock the Notifications