'പ്രതിയുമായി ചേർന്ന് കേസ് അട്ടിമറിക്കാൻ ശ്രമം'; ദിലീപിന്റെ അഭിഭാഷകർക്കെതിരെ അതിജീവിത,വീണ്ടും പരാതി
കൊച്ചി; നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിൻറെ അഭിഭാഷകർക്കെതിരെ വീണ്ടും പരാതിയുമായി അതിജീവിത. പ്രതിയുമായി ചേർന്ന് അഭിഭാഷകർ കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ബാർ കൗൺസിലിലാണ് യുവതി വീണ്ടും പരാതി നൽകിയത്. ബാർ കൗൺസിലിൽ നേരിട്ട് എത്തിയാണ് നടി പരാതി നൽകിയിരിക്കുന്നത്.

നടി ആക്രമിക്കപ്പെട്ട കേസിൽ അഭിഭാഷകർക്കെതിരെ നേരത്തേ നടി ബാർ കൗൺസിലിൽ പരാതി നൽകിയിരുന്നു. അഭിഭാഷകന്റെ ഓഫീസിൽ വെച്ച് ഫോണിലെ തെളിവുകൾ നശിപ്പിക്കാൻ പ്രതികൾക്ക് സഹായം ചെയ്തു നൽകി, അഭിഭാഷകർ നേരിട്ട് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചു എന്നീ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു നടി പരാതി നൽകിയത്.

കേസിൽ 20 ഓളം സാക്ഷികൾ കൂറുമാറിയിരുന്നു. ഇതിനെല്ലാം പിന്നിൽ അഭിഭാഷക സംഘമാണെന്നും ഇവർക്കെതിരെ അന്വേഷണം നടത്തി നടപടി വേണമെന്നുമായിരുന്നു പരാതിയിൽ ആവശ്യപ്പെട്ടിരുന്നത്.
ഇ-മെയിൽ വഴിയായിരുന്നു അതിജീവിത പരാതി നൽകിയത്. എന്നാൽ നടപടിക്രമങ്ങൾ പാലിക്കാതെയാണ് അപേക്ഷ നൽകിയെന്ന് ചൂണ്ടിക്കാട്ടി ബാർ കൗൺസിൽ പരാതി സ്വീകരിച്ചിരുന്നില്ല.

പരാതി അന്വേഷിക്കാൻ തയ്യാറാണെന്നും എന്നാൽ അതീജിവിത നേരിട്ടെത്തി ഫീസ് അടച്ച് പരാതി നൽകണമെന്ന് ബാർ കൗൺസിൽ ആവശ്യപ്പെടുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ അതിജീവിത നേരിട്ടെത്തി പരാതി നൽകിയിരിക്കുന്നത്. ചട്ടപ്രകാരം 2500 രൂപ ഫീസും, 30 കോപ്പിയും സഹിതം ആണ് പരാതി നടി പരാതി നൽകിയത്. പരാതി ലഭിച്ചതായി ബാർ കൗൺസിൽ സ്വിരീകരിച്ചിട്ടുണ്ട്. ഉടൻ ആരോപണ വിധേയരായ അഭിഭാഷകരുടെ വിശദീകരണം തേടുമെന്ന് കേരള ബാർ കൗൺസിൽ ചെയർമാൻ കെ എൻ അനിൽകുമാർ വ്യക്തമാക്കി.

കേസിൽ ദിലീപിന്റെ വക്കീലായ ബി രാമൻപിള്ള, ഫിലിപ് ടി വർഗീസ് എന്നിവർ അടക്കമുള്ളവർക്കെതിരെ മാതൃകാപരമായ നടപടികൾ കൈക്കൊള്ളണമെന്നാണ് നടിയുടെ ആവശ്യം. പ്രോസിക്യൂഷൻ സാക്ഷിയായ ജിൻസൺ എന്നയാളെ സ്വാധീനിക്കാൻ രാമൻപിള്ള നേരിട്ടും ഫോൺ വഴിയും ബന്ധപ്പെട്ടെന്ന് പരാതിയിൽ പറയുന്നു. ഇയാൾക്ക് 25 ലക്ഷം രൂപയും 5 സ്ഥലവും വാഗ്ദാനം ചെയ്തുവെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിലെ തെളിവുകൾ അടങ്ങുന്ന ഫോണുകൾ ഹൈക്കോടതി ആവശ്യപ്പെട്ട ശേഷം ഇവയിൽ നിന്നും ഡാറ്റകൾ നീക്കം ചെയ്യാൻ അഭിഭാഷകൻ ഇടപെട്ടുവെന്നും നടി പരാതിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

ദിലീപിന്റെ ഫോണിലെ വിവരങ്ങൾ നശിപ്പിക്കാൻ സഹായിച്ചതിന് വിൻസെന്റ് ചൊവ്വല്ലൂർ എന്ന മുൻ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥനാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇയാളായിരുന്നു ഫോണിലെ വിവരങ്ങൾ നശിപ്പിക്കാൻ ബന്ധപ്പെട്ട ലാബ് ദിലീപിന് പരിചയപ്പെടുത്തിയത് എന്നായിരുന്നു കണ്ടെത്തൽ. ദിലീപിന്റെ അഭിഭാഷകരുമായി ഇയാൾക്ക് അടുത്ത ബന്ധമുണ്ടെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

അതേസമയം വിൻസെന്റ് ചൊവ്വല്ലൂരിനെ ക്രൈംബ്രാഞ്ച് സംഘം ഇന്ന് ചോദ്യം ചെയ്തിരുന്നു. ഇയാൾക്കെതിരെ വ്യക്തമായ തെളിവുകൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ എന്നാണ് വിവരം. ചോദ്യം ചെയ്യലിന്റെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. അതിനിടെ കേസിലെ സാക്ഷിയായ ആലപ്പുഴ സ്വദേശി സാഗർ വിൻസെന്റിന്റെ ഹർജി ഇന്ന് ഹൈക്കോടതി തള്ളി. കള്ളതെളിവുകൾ ഉണ്ടാക്കാൻ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയായ ബൈജു പൗലോസ് തന്നെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നാണ് സാഗർ വിൻസന്റ് ഹർജിയിൽ ആരോപിച്ചത്.തുടരന്വേഷണത്തിന്റെ ഭാഗമായി ഹാജരാകാൻ ആവശ്യപ്പെട്ടത് സ്റ്റേ ചെയ്യണമെന്നും ഇയാൾ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.
Recommended Video

കേസിലെ മുഖ്യസാക്ഷിയാണ് ആലപ്പുഴ സ്വദേശിയായ സാഗർ. നടിക്കെതിരെ ആക്രമണം നടക്കുമ്പോൾ കാവ്യ മാധവന്റെ ഉടമസ്ഥതയിൽ ഉള്ള ലക്ഷ്യ എന്ന സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു ഇയാൾ. കേസിലെ പ്രതിയായ വിജീഷ് ലക്ഷ്യയിൽ എത്തിയത് കണ്ടെന്നായിരുന്നു നേരത്തേ ഇയാൾ മൊഴി നൽകിയത്. സാഗർ വിന്സെന്റിനെ സ്വാധീനിക്കാൻ പ്രതിഭാഗം അഭിഭാഷകൻ 5 ലക്ഷം രൂപ ഇയാൾക്കു നൽകിയതിനു തെളിവായ ശബ്ദരേഖ അന്വേഷണ സംഘത്തിനു ലഭിച്ചതായി ബാർ കൗൺസിലിന് നൽകിയ പരാതിയിൽ നടി ചൂണ്ടിക്കാട്ടുന്നുണ്ട്.












Click it and Unblock the Notifications