ദിലീപിന് കുരുക്ക് മുറുകും?; പൾസർ സുനിയുടെ വെളിപ്പെടുത്തലിന് പിന്നാലെ ക്രൈംബ്രാഞ്ച്, നിർണായക നീക്കം ഉടൻ?
നടി ആക്രമിക്കപ്പെട്ട കേസിന്റെ അന്തിമ വിചാരണ ഏപ്രിൽ 11 ന് പൂർത്തിയാകുമെന്നാണ് റിപ്പോർട്ട്. വിചാരണ പൂർത്തിയായാൽ വൈകാതെ തന്നെ കേരളം കാത്തിരുന്ന ആ വിധി പ്രഖ്യാപനം ഉണ്ടായേക്കും. 2017 ൽ ഓടുന്ന കാറിൽ വെച്ചാണ് നടി ക്രൂരമായ ആക്രമണത്തിന് വിധേയമായത്. പൾസർ സുനിയാണ് കേസിലെ ഒന്നാം പ്രതി. കേസിൽ ഗൂഢാലോചന കുറ്റമാണ് എട്ടാം പ്രതിയായ നടൻ ദിലീപിനെതിരെ ചുമത്തിയിരിക്കുന്നത്.
നടിയെ ആക്രമിക്കാൻ ദിലീപ് പൾസർ സുനിക്ക് ക്വട്ടേഷൻ നൽകിയെന്നാണ് കേസ്. തനിക്ക് ഒന്നര കോടിക്കാണ് ദിലീപ് ക്വട്ടേഷൻ നൽകിയതെന്നാണ് ഇക്കഴിഞ്ഞ ദിവസം പൾസർ സുനിയുടേതായുള്ള വെളിപ്പെടുത്തൽ പുറത്തുവന്നത്. റിപ്പോർട്ടർ ചാനലിന്റെ സ്റ്റിംഗ് ഓപ്പറേഷനിലായിരുന്നു പൾസർ സുനി ഇക്കാര്യം പറഞ്ഞത്. ആദ്യ ഘഡുവായി തനിക്ക് 70 ലക്ഷം ലഭിച്ചെന്നും ബാക്കി തുക ലഭിച്ചിട്ടില്ലെന്നും പൾസർ സുനി പറഞ്ഞു.

അതേസമയം കേസിന്റെ അന്തിമ വിചാരണ പൂർത്തിയാകാൻ ദിവസങ്ങൾ മാത്രം ശേഷിക്കേയുള്ള ഒന്നാം പ്രതി പൾസർ സുനിയുടെ ഈ വെളിപ്പെടുത്തൽ കേസിൽ ഏറെ നിർണായകമായേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സുനിയുടെ വെളിപ്പെടുത്തൽ ക്രൈംബ്രാഞ്ച് അന്വഷിച്ചേക്കുമെന്നും ഇത് സംബന്ധിച്ച് പോലീസ് നിയമോപദേശം തേടുന്നുണ്ടെന്നും റിപ്പോർട്ടർ ചാനൽ റിപ്പോർട്ട് ചെയ്തു.
കേസിൽ വീണ്ടും തുടരന്വേഷണം ഉണ്ടായാൽ ആർക്കാകും അത് ഗുണം ചെയ്യുകയെന്ന ചോദ്യമാണ് പ്രധാനമായും ഉയരുന്നത്. അതിജീവിതയ്ക്കാണ് സുനിയുടെ വെളിപ്പെടുത്തൽ ഗുണകരമാകുകയെന്നും കേസിലെ നിർണായക തെളിവായ ദൃശ്യങ്ങൾ അടക്കമുള്ള മൊബൈൽ ഫോൺ കണ്ടെത്താൻ പുതിയ അന്വേഷണം വഴിയൊരുക്കുമെന്നുമാണ് ഒരു കൂട്ടരുടെ വാദം. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ കേസിലൊരു തുടരന്വേഷണം അതിജീവിത ആഗ്രഹിക്കുന്നില്ലെന്നാണ് അവരെ പിന്തുണയ്ക്കുന്ന നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. പ്രത്യേകിച്ച് കേസിൽ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ച കൂടി സാഹചര്യത്തിൽ.
കേസിന്റെ പല ഘട്ടങ്ങളിലും പുതിയ ഹർജികളുമായി ദിലീപ് കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ മൂന്ന് വർഷത്തിനിടയിൽ 60 ഓളം ഹർജികളാണ് ദിലീപ് കോടതിയിൽ സമർപ്പിച്ചത്. ഇതെല്ലാം വിചാരണ വൈകിക്കാൻ ലക്ഷ്യം വെച്ചുള്ളതായിരുന്നുവെന്നാണ് പ്രോസിക്യൂഷൻു ആരോപിച്ചത്. തുടരന്വേഷണം ഈ ഘട്ടത്തിൽ വീണ്ടും പ്രഖ്യാപിച്ചാൽ സ്വാഭാവികമായും അത് ദിലീപിന് സഹായകരമാകും എന്ന് അതിജീവിതയെ പിന്തുണക്കുന്നവർ ചൂണ്ടിക്കാട്ടുന്നു. പൾസർ സുനിയുടെ ഇപ്പോഴത്തെ വെളിപ്പെടുത്തൽ അതിനാൽ തന്നെ ദിലീപിനെ സഹായിക്കാനുള്ള ബോധപൂർവ്വമായ നടപടിയാണെന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്.
അതിനിടെ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹർജിയിൽ ഹൈക്കോടതി തിങ്കളാഴ്ച വാദം കേൾക്കും. നടി ആക്രമിക്കപ്പെട്ട കേസിന്റെ യഥാർത്ഥ വസ്തുതയും കേസ് രജിസ്റ്റർ ചെയ്യാൻ കാരണമായ ഗൂഢാലോചനയും വെളിച്ചത്ത് കൊണ്ടുവരാൻ നീതിയുക്തവും നിഷ്പക്ഷവുമായ അന്വേഷണം വേണമെന്നും അതിന് സി ബി ഐ വരണമെന്നുമാണ് ദിലീപ് ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ അടങ്ങിയ മൊബൈൽ ഫോൺ കണ്ടെത്തണമെന്ന ആവശ്യവും ഹർജിയിൽ ദിലീപ് ഉന്നയിച്ചിട്ടുണ്ട്. എന്നാൽ കടുത്ത വിമർശനമാണ് ഹർജിയിൽ ഹൈക്കോടതി ഉയർത്തിയത്. പ്രതിക്ക് എങ്ങനെയാണ് സി ബി ഐ അന്വേഷണം ആവശ്യപ്പെടാൻ സാധിക്കുകയെന്നതാണ് കോടതിയുടെ ചോദ്യം. ഇപ്പോഴത്തെ റിട്ട് ഹർജി വിചാരണയ്ക്കുള്ള പ്രതിരോധമായി ദിലീപ് ഉപയോഗിക്കുകയാണെന്നും കോടതി വിമർശിച്ചു.
അതേസമയം അവസാന നിമിഷം സി ബി ഐ അന്വേഷണം ദിലീപ് ആവശ്യപ്പെട്ടതിൽ വലിയ സംശയം ഒരു വിഭാഗം ഉയർത്തുന്നുണ്ട്. കേസിൽ തിരിച്ചടി നേരിട്ടാക്കമെന്ന ഭയമാണോ ഇതിന് പിന്നിൽ എന്നാണ് ഇക്കൂട്ടരുടെ ചോദ്യം.












Click it and Unblock the Notifications