നടി ആക്രമിക്കപ്പെട്ട കേസ്; ബാലചന്ദ്രകുമാറിന്റെ അപേക്ഷ, വിചാരണ കോടതിയുടെ സുപ്രധാന തീരുമാനം
ആരോഗ്യകാരണങ്ങളാൽ തനിക്ക് കോടതിയിൽ ഹാജരാജാൻ സാധിക്കില്ലെന്നും തിരുവനന്തപുരത്തേക്ക് തന്റെ വിസ്താരം മാറ്റണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ബാലചന്ദ്രകുമാർ കോടതിയെ സമീപിച്ചിരുന്നു

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ സാക്ഷി വിസ്താരം രണ്ടാം ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. കേസിലെ ഏറ്റവും നിർണായക സാക്ഷിയായ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ ക്രോസ് വിസ്താരം രണ്ടാം ഘട്ടത്തിലാണ് നടക്കുന്നത്. എന്നാൽ ആരോഗ്യ പ്രശ്നങ്ങൾ കാരണം തിരുവനന്തപുരത്ത് ചികിത്സയിലാണ് അദ്ദേഹം.
ആരോഗ്യകാരണങ്ങളാൽ തനിക്ക് കോടതിയിൽ ഹാജരാജാൻ സാധിക്കില്ലെന്നും തിരുവനന്തപുരത്തേക്ക് തന്റെ വിസ്താരം മാറ്റണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ബാലചന്ദ്രകുമാർ കോടതിയെ സമീപിച്ചിരുന്നു. ഇപ്പോഴിതാ ഇക്കാര്യത്തിൽ അനുകൂല നിലപാട് സ്വീകരിച്ചിരിക്കുകയാണ് വിചാരണ കോടതി. പ്രോസിക്യൂഷനെ സംബന്ധിച്ച് ഏറെ നിർണായകമാണ് തീരുമാനം.

നടി ആക്രമിക്കപ്പെട്ട കേസിന്റെ ഗതിയെ തന്നെ മാറ്റി മറിച്ച വെളിപ്പെടുത്തലുകളായിരുന്നു സംവിധായകൻ നേരത്തേ നടത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു കേസിൽ തുടരന്വേഷണം നടന്നത്. ദിലീപ് നടി ആക്രമിപ്പിക്കപ്പെട്ട ദൃശ്യങ്ങൾ കണ്ടിരുന്നുവെന്നായിരുന്നു പൾസർ സുനിയുടെ വെളിപ്പെടുത്തലുകളിൽ ഒന്ന്. കേസിൽ ദിലീപിനെ പ്രതികൂട്ടിലാക്കുന്ന നിരവധി വോയിസ് ക്ലിപ്പുകളും ബാലചന്ദ്രകുമാർ പുറത്തുവിട്ടിരുന്നു.

ഇക്കഴിഞ്ഞ ജുലൈയിലായിരുന്നു ക്രൈംബ്രാഞ്ച് തുടരന്വേഷണ റിപ്പോർട്ട് സമർപ്പിച്ചത്. തുടർന്ന് തുടരന്വേഷണത്തോടെ നിർത്തിവെച്ച വിചാരണ നവംബറോടെയായിരുന്നു പുനഃരാരംഭിച്ചത്. കേസിൽ എത്രയും പെട്ടെന്ന് വിചാരണ പൂർത്തിയാക്കണമെന്ന സുപ്രീം കോടതി നിർദ്ദേശത്തിന്റെ കൂടി അടിസ്ഥാനത്തിലായിരുന്നു ഇത്.
ആദ്യ ഘട്ടത്തിൽ ബാലചന്ദ്രകുമാർ അടക്കമുള്ളവരെയായിരുന്നു വിസ്തരിച്ചിരുന്നു. രണ്ടാം ഘട്ടത്തിൽ ബാലചന്ദ്രകുമാറിന്റെ ക്രോസ് വിസ്താരമാണ് പൂർത്തിയാക്കേണ്ടത്. അതിനിടയിലാണ് ബാലചന്ദ്രകുമാറിന് അസുഖം സ്ഥിരികരിക്കുന്നത്.

ബാലചന്ദ്രകുമാർ ഡയാലിസിസിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്
നിലവിൽ രണ്ട് വൃക്കയും തകരാറിലായ ബാലചന്ദ്രകുമാർ ഡയാലിസിസിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. ഡോക്ടർമാരുടെ കർശന നിർദ്ദേശത്തോടെ വീട്ടിലാണ് ബാലചന്ദ്രകുമാർ ഉള്ളത്. യാത്ര ചെയ്യാൻ പോലും സാധിക്കാത്ത സാഹചര്യം വന്നതോടെയാണ് വിസ്താരം മാറ്റി തരണമെന്ന് ആവശ്യപ്പെട്ട് ബാലചന്ദ്രകുമാർ കോടതിയെ സമീപിച്ചത്. തുടർന്ന് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി പരിഗണിച്ച കോടതി ഇപ്പോൾ വിസ്താരം തിരുവനന്തപുരത്തേക്ക് മാറ്റിയിരിക്കുകയാണ്. ഈ മാസം ഏഴ് മുതല്‍ 10 വരെ തിരുവനന്തപുരം ജില്ലാ കോടതിയിലാണ് വിസ്താരം നടക്കുക. വിചാരണ കോടതി നടപടി പ്രോസിക്യൂഷനെ സംബന്ധിച്ച് വലിയ ആശ്വാസമായാണ് കണക്കാക്കപ്പെടുന്നത്.

കാരണം കേസ് ഇനി സുപ്രധാന ഘട്ടത്തിലേക്ക് കടന്നിരിക്കുയാണെന്നാണ് ബാലചന്ദ്രകുമാർ തന്നെ പറയുന്നത്. ആദ്യ ഘട്ടത്തിൽ താൻ കോടതിയിൽ പറഞ്ഞ കാര്യങ്ങളിൽ പൂർണ സംതൃപ്തിയുണ്ടെന്നും ഇനി മറ്റ് പല നിർണായക വിവവരങ്ങളും പങ്കുവെയ്ക്കാനുണ്ടെന്നും ബാലചന്ദ്രകുമാർ കഴിഞ്ഞ ദിവസം വ്യക്തമാക്കി. അല്‍പ്പമെങ്കിലും ആയുസ് ബാക്കിയുണ്ടെങ്കില്‍ വിചാരണ പൂര്‍ത്തിയാക്കുമെന്നും ബാലചന്ദ്രകുമാർ പ്രതികരിച്ചിരുന്നു.

കേസിൽ നടി മഞ്ജു വാര്യർ, സാഗർ വിൻസന്റ്, ഒന്നാം പ്രതി പൾസർ സുനിയുടെ സഹതടവുകാരൻ ജിൻസൺ എന്നിവരാണ് രണ്ടാം ഘട്ടത്തിൽ വിസ്തരിക്കാനുള്ള സാക്ഷികളിൽ ചിലർ. കേസിൽ ഇവർ മൂന്ന് പേരേയും നേരത്തേ വിസ്തരിച്ചിരുന്നു. എന്നാൽ തുടരന്വേഷണത്തിന്റെ ഭാഗമായി കൂടുതൽ തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചതോടെയാണ് വീണ്ടും വിസ്തരിക്കാൻ പ്രോസിക്യൂഷൻ അപേക്ഷ നൽകിയത്.

മഞ്ജു അടക്കമുള്ളവരെ ഇനി വിസ്തരിക്കരുതെന്ന കടുത്ത എതിർപ്പുയർത്തി നേരത്തേ ദിലീപ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഹർജി സുപ്രീം കോടതി ഫെബ്രുവരിയിലേക്ക് മാറ്റുകയായിരുന്നു. രണ്ടാം ഘട്ട കുറ്റപത്രത്തിൽ 38 ഓളം സാക്ഷികളെയായിുന്നു ഉൾപ്പെടുത്തിയിരുന്നത്.












Click it and Unblock the Notifications