'ദിലീപ് സിസ്റ്റത്തെ കുറ്റവുമായി കൂട്ടിക്കെട്ടിയിരിക്കുകയാണ്.. ലക്ഷ്മണ രേഖയുണ്ട്'; പ്രകാശ് ബാരെ
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ അഭിഭാഷകർക്കെതിരെ കേസെടുക്കാൻ തയ്യാറാകാത്ത പോലീസ് നടപടിക്കെതിരെ രൂക്ഷവിമർശനവുമായി സംവിധായകൻ പ്രകാശ് ബാരെ. അഭിഭാഷകർക്കെതിരെ കൃത്യമായ വിവരങ്ങൾ ഉണ്ടെന്ന് കോടതിക്ക് തന്നെ പരിശോധിച്ചാൽ കാണാമെന്നിരിക്കെ എന്തുകൊണ്ടാണ് അവർക്കെതിരെ കേസെടുക്കാൻ വൈകുന്നതെന്ന് അദ്ദേഹം ചോദിച്ചു. റിപ്പോർട്ടർ ചാനൽ ചർച്ചയിലാണ് പ്രകാശ് ബാരെയുടെ പ്രതികരണം.

'ഫോണുകളിലെ വിവരങ്ങൾ മായ്ക്കാൻ പ്രതികൾ വക്കീലൻമാർക്ക് ഫോൺ കൊടുത്ത് അവർ അതുകൊണ്ട് അവർ തീർത്ഥാടന യാത്ര പോയി കഴുകി കൊണ്ടുവന്നു. അന്ന് പോലീസ് നിയമോപദേശം തേടിയിരുന്നില്ല. അന്ന് നിയമോപദേശം തേടിയിരുന്നെങ്കിൽ ഇക്കാര്യങ്ങൾ അന്വേഷിക്കാമായിരുന്നു. എ ഡി ജി പി ശ്രീജിത്തിനെ മാറ്റിയതിൽ കൃത്യമായിട്ടുള്ള സന്ദേശം സർക്കാർ സിസ്റ്റത്തിന് കൊടുത്തിട്ടുണ്ട്. ഇതിനകത്ത് ഏത് വരെ പോകാൻ അനുവദിക്കും എന്ന സന്ദേശം കൂടിയായിരുന്നു അത്.

എ ഡി ജി പി ശ്രീജിത്ത് ഈ കേസിൽ ഉണ്ടായിരുന്നുവെങ്കിൽ അഭിഭാഷകരുടെ ഓഫീസിൽ പോയി റെയ്ഡ് നടത്തിയേനെ. പ്രതികയ്ക്കൊപ്പം നിന്ന് അഭിഭാഷകർ പ്രതികളെ പോലെ പെരുമാറിയെന്നത് എക്സ്പോസ്ഡ് ആണ്. പോലീസും കോടതിയും അഭിഭാഷകരുമൊക്കെയുള്ള സമവാക്യങ്ങളിൽ ഇതാണ് ലക്ഷ്മണ രേഖ , ഇതിനപ്പുറം കടക്കാൻ പറ്റില്ല എന്ന നിലയ്ക്കാണ് നിൽക്കുന്നത്.

അഭിഭാഷകരുടെ പങ്ക് കൃത്യമായുണ്ട്, ഇക്കാര്യം അന്വേഷിച്ചിട്ടില്ലെന്ന് കോടതിക്ക് തന്നെ പരിശോധിച്ചാൽ കാണാവുന്നതാണ്. ഈ കോടതി അല്ലെങ്കിൽ അപ്പീൽ പോകുന്ന കോടതികളെങ്കിലും അക്കാര്യത്തിൽ നടപടിയെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പക്ഷെ അത്രയും കാലം ആ ലാപ് ടോപ് അവിടെ ഉണ്ടാകുമോ, കുഴിച്ച് മൂടാനുള്ള എത്രയധികം സമയം അവർക്ക് അനുവദിക്കുന്നുവെന്നതാണ് സങ്കടകരമായ കാര്യം.

അഭിഭാഷകർക്ക് പ്രിവിലേജ് ഉണ്ടെന്ന കാര്യത്തിൽ തർക്കമില്ല. പക്ഷേ അതിനൊക്കെ ഒരു പരിധിയില്ലേ? ലോകത്തിലെ ഏറ്റവും വലിയ അധികാര കേന്ദ്രങ്ങളിൽ ഇരിക്കുന്നവർ പോലും കുറ്റക്കാരും അഴിമതിക്കാരുമാണെന്ന് കണ്ടെത്തി കഴിഞ്ഞാൽ അവരെ കറിവേപ്പില പോലെ എടുത്ത് കളയുന്ന സിസ്റ്റം നാം കണ്ടിട്ടുണ്ട്. പ്രിവിലേജ് എന്ന ഉമ്മാക്കി കാണിച്ച് മൂന്ന് പാർട്ടിക്കും വേണ്ടുന്ന ആൾക്കാരാണ് എന്നത് കൊണ്ട് ഒന്നും ചെയ്യാനാകില്ലെന്ന് പറഞ്ഞാൽ നടക്കില്ല. നമ്മളെ കണ്ടീഷൻ ചെയ്യാൻ ശ്രമിക്കുകയാണ് സിസ്റ്റവും സർക്കാരും.

പ്രതി വളരെ വിദഗ്ദമായി സിസ്റ്റത്തെ അയാളുടെ ക്രൈമുമായി കൂട്ടിക്കെട്ടിയിരിക്കുകയാണ്. അഭിഭാഷകരെ സർക്കാരിനെ കോടതിയെ എന്നാണ് സാധാരണക്കാരൻ എന്ന നിലയിൽ നോക്കി കാണാൻ സാധിക്കൂ. എല്ലാം റെഡിയാണ് അത് നമ്മുടെ മുന്നിലേക്ക് പ്ലേറ്റിൽ വിളമ്പി തരുമെന്ന് കരുതിയാൽ
നമ്മൾ മണ്ടൻമാരാണ്. ഈ കേസിനെ സൂക്ഷ്മമായി തന്നെ നോക്കി കണുകയും ശ്രദ്ധ തുടരുകയും വേണം', പ്രകാശ് ബാരെ പറഞ്ഞു.

അഭിഭാഷകർ ദിലീപിന് വേണ്ടി തെളിവ് നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ശ്രമിച്ചുവെന്ന ആരോപമാണ് കേസിൽ ഉയർന്നത്. നേരത്തേ ദിലീപിന്റെ അഭിഭാഷകരിൽ ഒരാൾ പ്രതിയെ സ്വാധീനിക്കുന്നതെന്ന് സംശയിക്കുന്ന ഓഡിയോ പുറത്തുവന്നിരുന്നു. മാത്രമല്ല ദിലീപിന്റെ ഫോണിലെ വിവരങ്ങൾ നശിപ്പിക്കാൻ ബോംബെയിൽ കൊണ്ടുപോയത് അഭിഭാഷകരാണെന്നും പോലീസ് കണ്ടെത്തിയിരുന്നു.












Click it and Unblock the Notifications